‘നവീന്‍ ബാബുവിന്റെ കുടുംബത്തോട് സര്‍ക്കാര്‍ അനീതി കാട്ടി; സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നത് കൂടുതല്‍ സി.പി.എം നേതാക്കള്‍ കുടുങ്ങുമെന്നത് കൊണ്ട്’
text_fieldsനവീൻ ബാബു, വി.ഡി. സതീശൻ
തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ കുടുംബത്തോട് ഇടത് സര്‍ക്കാര്‍ അനീതിയാണ് കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് കൂടുതല്‍ സി.പി.എം നേതാക്കള്‍ കുടുങ്ങുമെന്ന് അറിയാവുന്നത് കൊണ്ടാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നവീന്‍ ബാബുവിന്റെ കുടുംബത്തോട് ഇടത് സര്‍ക്കാര്‍ അനീതിയാണ് കാട്ടിയത്. പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരും രംഗത്തിറങ്ങിയപ്പോള്‍ മാത്രമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കേസെടുത്തത്. പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോഴും സര്‍ക്കാര്‍ നടത്തുന്നത്. നവീന്‍ ബാബുവിന്റെ കുടുംബം സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിനെ എതിര്‍ത്തു.
ഉമ്മന്‍ ചാണ്ടിയുടെ കാലം മുതല്‍ക്കെ ഇരകളുടെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അതിനെ എതിര്‍ക്കാറില്ല. അന്വേഷണത്തിലേക്ക് പോയാല്‍ ഇപ്പോള്‍ കുടുങ്ങിയവര്‍ മാത്രമല്ല ഒരുപാട് പേര്‍ കുടുങ്ങും. പമ്പ് ആരുടേതാണെന്ന് പുറത്തു വരും. പ്രതികളായവരൊക്കെ ബിനാമികളാണ്.
പ്രധാനപ്പെട്ട സി.പി.എം നേതാക്കളുടെ ഷേഡി ഏര്‍പ്പാടുകള്‍ വെളിയില്‍ വരും എന്നതു കൊണ്ടാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കൊടുക്കണം. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അതേസമയം, നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന് ആവശ്യവുമായി ചരമവാർഷിക ദിനത്തിൽ ബന്ധുക്കൾ രംഗത്തെത്തി. എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, കേസിന്‍റെ അഡീഷനൽ കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് നിർണായക കാര്യങ്ങൾ അന്വേഷിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടു. അന്വേഷിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം മറച്ചുവെച്ചാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. അതിനാലാണ് 13 കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇക്കാര്യങ്ങളിൽ വാദം കേട്ട ശേഷം കോടതി തീരുമാനമെടുക്കുമെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
നവീൻ ബാബുവിനെ പ്രശാന്ത് വിളിച്ചതിന്‍റെ കോളിന്‍റെ വിശദാംശങ്ങൾ ഇതുവരെ ഹാജരാക്കിയിട്ടില്ല. ദിവ്യയുടെയും കലക്ടറിന്‍റെയും ഓരോ ഫോൺ നമ്പറുകളുടെ മാത്രമാണ് പരിശോധിച്ചത്. ഇതെല്ലാം മറച്ചുവെച്ച് കുറ്റപത്രം സമർപ്പിച്ചതിൽ ദുരൂഹതയുണ്ട്. കാര്യക്ഷമമായ അന്വേഷണം നടത്തിയാൽ മാത്രമേ സത്യം പുറത്തുവരൂ. നീതി വളരെ അകലെയാണെന്ന തോന്നലാണ് കുടുംബത്തിനുള്ളത്.
ദിവ്യയുടെ ഭർത്താവ് അജിത്തിന്‍റെ ഫോൺ വിശദാംശങ്ങൾ ശേഖരിച്ചിട്ടില്ല. ഒമ്പതാം തീയതി മുതൽ 14 വരെയുള്ള പ്രശാന്തിന്‍റെ നിർണായക ഫോൺ വിളികളുടെ വിശദാംശങ്ങൾ കാണാൻ കഴിയുന്നില്ല. കേസിൽ എല്ലാ നിയമവഴികളും തേടും. നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് കണ്ണൂർ സെഷൻസ് കോടതിയുടെ പരിധിയിലാണ്. ഡിസംബറിൽ കേസ് കോടതി പരിഗണിക്കുമെന്നും സഹോദരൻ വ്യക്തമാക്കി.
തന്‍റെ വേദനയും ദുഃഖവും സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മഞ്ജുഷ പറഞ്ഞു. കേരളത്തിലെ മനുഷ്യത്വമുള്ള ഞങ്ങൾക്കൊപ്പം നിന്നു. നേരിൽ കാണാനും ആശ്വസിപ്പിക്കാനും പുരോഹിതർ, സഹപ്രവർത്തകർ അടക്കം നിരവധി പേർ വരുന്നുണ്ട്. മാധ്യമങ്ങൾ വലിയ പിന്തുണ നൽകി. ദുഃഖത്തിൽ പങ്കുചേർന്നവരോട് നന്ദി പറയുന്നു.
ദുഃഖത്തിൽ കൂടെ നിന്നവരോട് മാത്രം നന്ദി പറയുന്നുവെന്നും കൂടെ നിൽക്കാത്തവരോട് ഒന്നും പറയാനില്ലെന്നും നവീൻ ബാബുവിന്‍റെ മകൾ മാധ്യമങ്ങളോട് വ്യക്തമാക്കി. ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുടുംബത്തെ തെറ്റിക്കാനുള്ള ഒരുപാട് ശ്രമങ്ങൾ നടന്നിരുന്നു. ഇപ്പോൾ സൈബർ ആക്രമണങ്ങളില്ല. നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടു പോകുന്നതെന്നും മകൾ കൂട്ടിച്ചേർത്തു.
വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കിയിരിക്കെ ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയ കണ്ണൂർ എ.ഡി.എം ആയിരുന്ന കെ. നവീൻ ബാബു താമസസ്ഥലത്ത് ജീവനൊടുക്കിയത്. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി മുൻ അംഗവും ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചതല്ലാതെ ഗൂഢാലോചനയൊന്നും കാര്യമായി അന്വേഷിച്ചില്ലെന്നതാണ് പ്രധാന പരാതി. തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ ഹരജി തലശ്ശേരി സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.
സ്ഥലംമാറിപ്പോകുന്നതിന് മുമ്പ് കഴിഞ്ഞവർഷം ഒക്ടോബർ 14ന് വൈകീട്ട് നാലിന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ പി.പി. ദിവ്യ നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം. ജില്ലയിലെ പെട്രോൾപമ്പിന്റെ എൻ.ഒ.സിക്ക് എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന നിലക്കായിരുന്നു സഹപ്രവർത്തകർക്ക് മുമ്പിൽ ദിവ്യ നടത്തിയ ആ പ്രസംഗം. ഇതിൽ മനംനൊന്ത് ഒക്ടോബർ 15ന് രാവിലെ താമസസ്ഥലത്ത് എ.ഡി.എമ്മിനെ മരിച്ചനിലയിൽ കണ്ടതോടെ വൻ സമരങ്ങൾക്ക് കണ്ണൂർ വേദിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം ജില്ല കമ്മിറ്റിയംഗം എന്നീ സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കി.
എ.ഡി.എം കൈക്കൂലി വാങ്ങിയില്ലെന്നാണ് റവന്യു, വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലും കൈക്കൂലിക്ക് തെളിവില്ല. പമ്പിന്റെ എൻ.ഒ.സിക്ക് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് പമ്പുടമ ടി.വി. പ്രശാന്തിന്റെ പേരിൽ മുഖ്യമന്ത്രിക്ക് നൽകിയ വ്യാജ കത്ത്, പമ്പുടമയുടെ ബിനാമി ഇടപാട് തുടങ്ങിയ കാര്യങ്ങളൊന്നും കാര്യമായി അന്വേഷിച്ചില്ല. ആത്മഹത്യയാണോ അല്ലയോ എന്നത് മാത്രമാണ് അന്വേഷിച്ചതെന്നാണ് ഇതിന് പൊലീസ് നൽകുന്ന മറുപടി.
നവീന്റേത് കൊലപാതകമെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ വരെ നൽകിയ ഹരജികൾ തള്ളിയതോടെയാണ് തുടരന്വേഷണം എന്ന നിലക്ക് വീണ്ടും കുടുംബം വിചാരണകോടതിയെ സമീപിച്ചത്. പ്രതി പി.പി. ദിവ്യയോട് ഡിസംബർ 16ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

