Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈവേ തകര്‍ന്നതിന്...

ഹൈവേ തകര്‍ന്നതിന് യഥാര്‍ഥ ഉത്തരവാദി ആരാണ്?; ഫ്ലക്‌സ് വച്ചവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

പാലക്കാട്: ദേശീയപാത തകര്‍ന്ന സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫ്ലക്‌സ് വച്ചവര്‍ ആരും ദേശീയപാത തകര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്നും തെരഞ്ഞെടുപ്പിന് മുമ്പ് പണി തീര്‍ത്ത് ക്രെഡിറ്റ് എടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഹൈവേ തകര്‍ന്നതിന് ആരാണ് യഥാര്‍ഥ ഉത്തരവാദി?. ഹൈവേ നിര്‍മ്മാണത്തില്‍ വ്യാപകമായ ക്രമക്കേടുകളുണ്ട്. പല സ്ഥലങ്ങളിലും അടിപ്പാതകള്‍ പോലുമില്ല. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തുന്നില്ല. മഴ ആരംഭിച്ചാല്‍ ഒരുപാട് പേരുടെ ജീവിതം വെള്ളത്തിലാകും. അശാസ്ത്രീയമായാണ് പലയിടത്തും ഹൈവേ പണിതിരിക്കുന്നതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം യു.ഡി.എഫ് കരിദിനമായി ആചരിക്കുകയാണ്. നാലാം വാര്‍ഷികത്തില്‍ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രമോട്ട് ചെയ്യുന്നത് ദേശീയ പാത കൊണ്ടു വന്നു എന്നതാണ്. എന്നാല്‍ നാലാം വാര്‍ഷികത്തിന്റെ തലേന്നാണ് ദേശീയ പാത മലപ്പുറത്തെ കൂരിയാട് ഇടിഞ്ഞു വീണത്. 50 മീറ്റര്‍ ഉയരത്തില്‍ പണിത റോഡാണ് തകര്‍ന്നു വീണത്. ഭാഗ്യം കൊണ്ടാണ് മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടാത്തതെങ്കിലും കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ പരിക്കുണ്ട്. ഇപ്പോള്‍ ഫ്ലക്‌സ് വച്ചിരിക്കുന്ന ആരും അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനില്ല. ഹൈവേ പണിതു എന്നതിന്റെ പേരില്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രിക്കോ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ ഉത്തരവാദിത്വമില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടു വന്ന റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആക്ട് കൊണ്ടു വന്നതു കൊണ്ടാണ് ദേശീയ പാത യാഥാർഥ്യമായത്. ഹൈവേ പണിതത് കേന്ദ്ര സര്‍ക്കാരാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഹൈവേ പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിരുന്നു.

കുടിവെള്ള വിതരണ ലൈനുകൾ പൊട്ടിച്ചിരിക്കുകയാണ്. അശാസ്ത്രീയമായ പണികളൊന്നും ശ്രദ്ധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സമയമില്ല. ദേശീയപാത അതോറിട്ടിയുമായി സംസ്ഥാന സര്‍ക്കാരിന് ഒരു ഏകോപനവുമില്ല. ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിട്ടും പോലും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. അടിപ്പാതകള്‍ക്കു വേണ്ടി ജനങ്ങള്‍ നടത്തുന്ന സമരത്തെ പോലും സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. ഒന്നു ശ്രദ്ധിക്കേണ്ടെന്ന നിര്‍ദ്ദേശമാണ് കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. വടക്കേ ഇന്ത്യയില്‍ പണിയുന്നതു പോലെ കേരളത്തില്‍ ഹൈവേ പണിയാനാകില്ല.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിയായ ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ചത്. ഇങ്ങനെയൊക്കെയാണ് സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നത്. സംസ്ഥാനത്തെ തകര്‍ത്ത് തരിപ്പണമാക്കിയവര്‍ക്ക് വാര്‍ഷികം ആഘോഷിക്കാന്‍ വലിയ തൊലിക്കട്ടി വേണം. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പ് കുത്തുമ്പോഴാണ് സര്‍ക്കാര്‍ വാര്‍ഷികം കോടികള്‍ മുടക്കി ആഘോഷിക്കുന്നത്. ആഘോഷങ്ങളെ പ്രമോട്ട് ചെയ്യാനാണ് പരസ്യത്തിന് പുറമെ മാധ്യമങ്ങള്‍ക്ക് പണം നല്‍കുന്നത്.

പരസ്യം അല്ലാതെ, സര്‍ക്കാര്‍ ഗംഭീരമാണെന്നും മന്ത്രി മികച്ചതാണെന്നും വകുപ്പ് മികച്ചതാണെന്നുമുള്ള വാര്‍ത്ത വരുത്തുന്നത്. പരസ്യം അല്ലാതെ പണം നല്‍കി മാധ്യമങ്ങളെ കൊണ്ട് വാര്‍ത്ത വരുത്തുന്ന രീതി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ജനങ്ങളുടെ നികുതി പണമാണ് ചെലവഴിക്കുന്നത്. ഇതു സംബന്ധിച്ച് എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ജനങ്ങളെ പൊറുതി മുട്ടിക്കുന്ന സര്‍ക്കാര്‍ ആയതു കൊണ്ടാണ് യു.ഡി.എഫ് കരിദിനം ആചരിക്കുന്നത്. ആശ വര്‍ക്കാര്‍മാര്‍ ഉള്‍പ്പെടെ സമരം ചെയ്യുന്നവരെ പരിഹസിക്കുന്നത് മുതലാളിത്ത സ്വഭാവമാണ്. മന്ത്രിമാര്‍ക്ക് തൊഴിലാളികളെ കാണുമ്പോള്‍ പുച്ഛമാണ്. മുതലാളിത്ത മനോഭാവവും തീവ്രവലതു പക്ഷ സ്വഭാവവുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. സര്‍ക്കാര്‍ ഇല്ലായ്മയാണ് ജനങ്ങള്‍ അനുഭവിക്കുന്നത്.

മലയോരത്ത് ജീവിക്കുന്ന ജനങ്ങളെ സര്‍ക്കാര്‍ വിധിക്ക് വിട്ടു കൊടുത്തിരിക്കുകയാണ്. ഇപ്പോള്‍ ആന ചവിട്ടി കൊല്ലുന്നത് വാര്‍ത്ത അല്ലാതായി മാറിയിരിക്കുകയാണ്. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമാകാന്‍ മലയോരത്തെ ജനങ്ങളെ സര്‍ക്കാര്‍ വിട്ടുകൊടുത്തിരിക്കുയാണ്. ജനങ്ങള്‍ പ്രതിസന്ധിയിലാകുമ്പോള്‍ അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ സന്നിധ്യമില്ല. നാലു വര്‍ഷമായി വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ഈ സര്‍ക്കാര്‍ ഒരു സംവിധാനങ്ങളും ഒരുക്കുന്നില്ല.

പരസ്യത്തിന് അല്ലാതെ പ്രമോഷന് വേണ്ടി സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ മാധ്യമങ്ങള്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയട്ടേ. ഒരോ ജില്ലകളിലും പ്രൈം ടൈംമിലും നോണ്‍ പ്രൈം ടൈംമിലും പരസ്യം നല്‍കുകയാണ്. ഇതൊന്നും കൂടാതെയാണ് മന്ത്രിമാരെ പ്രകീര്‍ത്തിക്കുന്ന പരിപാടികള്‍. പെയ്ഡ് ന്യൂസ് എന്ന വാക്ക് ഉപയോഗിക്കാത്തത് മാധ്യമങ്ങളോടുള്ള ബഹുമാനം കൊണ്ടാണ്. കിഫ്ബി ഈ പരിപാടി തുടങ്ങിയിട്ട് കാലം കുറെയായി. കിഫ്ബിക്ക് എന്തിനാണ് പരസ്യം. ഏത് ഏജന്‍സി വഴിയാണ് പരസ്യമല്ലാത്ത കാര്യങ്ങള്‍ക്ക് പണം നല്‍കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കട്ടെ. മാധ്യമങ്ങളോട് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും പുച്ഛമല്ലേ? പല മാധ്യമങ്ങളും ഈ പരസ്യം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ജനങ്ങള്‍ ഇതൊക്കെ മനസിലാക്കും.

പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഒരു അപാകത വന്നപ്പോള്‍ എന്തൊക്കെയായിരുന്നു പ്രചാരണം. അല്ലാതെ ആ പലം തകര്‍ന്നൊന്നും വീണില്ലല്ലോ? ദേശീയപാതയിലെ പാലമാണ് തകര്‍ന്നു വീണത്. ജനങ്ങള്‍ ഭയത്തിലാണ്. ഇതൊക്കെയാണ് നാലാം വര്‍ഷകത്തില്‍ സര്‍ക്കാരിന്റെ സമ്മാനങ്ങള്‍.

സാംസ്‌ക്കാരിക പരിപാടികള്‍ തിരക്ക് നിയന്ത്രിക്കേണ്ടത് പൊലീസാണ്. വേടന് എതിരെ തിരിയേണ്ട കാര്യമില്ല. തെറ്റ് ആവര്‍ത്തിക്കില്ലെന്ന തുറന്നു പറഞ്ഞ ആ ചെറുപ്പക്കാരനെ ലഹരിക്ക് എതിരായ കാമ്പയിന് ഉപയോഗിക്കണം. സവര്‍ണമേധാവിത്വമാണ് ബി.ജെ.പിക്ക്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ക്രൂരമാണ് അയാളോട് പെരുമാറിയത്. വേടനെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് ഈ സര്‍ക്കാര്‍ തന്നെയാണ്. അതുകൊണ്ടാകും പരിപാടിയിലേക്ക് ക്ഷണിച്ചത്.

ഖജനാവില്‍ കൂടുതല്‍ പണം ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് ആശുപത്രിയില്‍ മരുന്നില്ലാത്തത്? സപ്ലൈകോയില്‍ പണം ഇല്ലാത്തത് എന്തുകൊണ്ടാണ്? ആശ വര്‍ക്കര്‍മാര്‍ക്കും പാചക തൊഴിലാളികള്‍ക്കും പണില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 60000 കോടിയാണ് നല്‍കാനുള്ളത്. നെല്ല്, നാളികേര സംഭരണങ്ങള്‍ മുടങ്ങി. ഒരു പൈസയും ഖജനാവില്‍ ഇല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 1.56 ലക്ഷം കോടി ആയിരുന്ന കടം ആറ് ലക്ഷം കോടിയായി വര്‍ധിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwayVD SatheesanCongress
News Summary - VD Satheesan react to National Highway Destroyed
Next Story