Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോകായുക്ത...

ലോകായുക്ത ഓര്‍ഡിനന്‍സ്: നിയമ മന്ത്രിയുടെ വാദം തെറ്റെന്ന് പ്രതിപക്ഷ നേതാവ്

text_fields
bookmark_border
VD Satheesan
cancel

കൊച്ചി: ലോകായുക്തയെ നിര്‍ജ്ജീവമാക്കാന്‍ സര്‍ക്കാര്‍ രഹസ്യമായി പുറപ്പെടുവിച്ച ഭേദഗതി ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് നിയമ മന്ത്രി പി. രാജീവും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തിയ പ്രതികരണങ്ങളും പ്രതിരോധവും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹൈകോടതിയുടെ രണ്ട് സുപ്രധാന വിധികള്‍ കൂടി അനുസരിച്ചു കൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്നാണ് മന്ത്രി പി. രാജീവ് പറഞ്ഞത്. എന്നാല്‍ ഹൈകോടതിയുടെ രണ്ടു വിധികളുള്ളത് ഇപ്പോള്‍ ഭേദഗതി നടത്തിയിരിക്കുന്ന 14-ാം വകുപ്പുമായി ബന്ധപ്പെട്ടുള്ളതല്ല. ലോകായുക്താ നിയമത്തിന്റെ 12-ാം വകുപ്പുമായി ബന്ധപ്പെട്ടാണ് ഹൈകോടതി വിധി. 12-ാം വകുപ്പ് അനുസരിച്ച് ശിപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമേ ലോകായുക്തക്കുള്ളൂവെന്നാണ് പറഞ്ഞിരിക്കുന്നത്. അത് ശരിയുമാണ്. ഇവിടെ 12-ാം വകുപ്പല്ല, 14-ാം വകുപ്പാണ് പ്രശ്‌നമെന്നും സതീശൻ പറഞ്ഞു.

14-ാം വകുപ്പിലാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്. 14-ാം വകുപ്പ് അനുസരിച്ചാണ് ലോകായുക്ത നിഗമനങ്ങളിലെത്തുന്നതും കേസിന്റെ ഭാഗമായി പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാളെ ഓഫീസില്‍ നിന്നും മാറ്റണം, ജലീല്‍ രാജിവെക്കണം എന്നൊക്കെ പറയുന്നത്. ലോകായുക്തയുടെ 22 വര്‍ഷത്തെ ചരിത്രത്തില്‍ 14-ാം വകുപ്പുമായി ബന്ധപ്പെട്ട് കെ.ടി ജലീലിന്റെ കേസില്‍ മാത്രമാണ് ഇതുവരെ ഒരു തീരുമാനം ഉണ്ടായിട്ടുള്ളത്. അനാവശ്യമായി ദുരിതാശ്വാസ നിധി ഉപയോഗിച്ചെന്ന മൂന്ന് കേസും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരായ കേസും ഉള്‍പ്പെടെ നാലു കേസുകള്‍ 14-ാം വകുപ്പ് പ്രകാരം ലോകായുക്തയുടെ മുന്നിലുണ്ട്. ജലീലിന്റെ കേസില്‍ മാത്രമാണ് 14-ാം വകുപ്പ് പ്രകാരം ലോകായുക്ത ഇതുവരെ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഭേദഗതിയെന്ന് നിയമ മന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ 164-ാം അനുച്ഛേദം അനുസരിച്ച് മന്ത്രിമാര്‍ രാജിവെക്കേണ്ടത് ഗവര്‍ണറുടെ താല്‍പര്യത്തിന് അനുസരിച്ചാണെന്നാണ് മന്ത്രി പി. രാജീവ് പറഞ്ഞ മറ്റൊരു ന്യായീകരണം. ഗവര്‍ണറുടെ 'പ്ലഷര്‍' അനുസരിച്ച് മാത്രമല്ല മന്ത്രിമാര്‍ രാജിവെക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് അനുസരിച്ച് ഒരു മന്ത്രിയെ എം.എല്‍.എ എന്ന നിലയില്‍ അയോഗ്യനാക്കിയാലും രാജിവെക്കണം. ഇതുകൂടാതെ അനുച്ഛേദം 226 അനുസരിച്ച് ഹൈകോടതിയില്‍ ക്വാ വാറണ്ടോ റിട്ടുകള്‍ പ്രകാരമുള്ള ഉത്തരവ് വന്നാലും ഗവര്‍ണറുടെ അനുമതി ഇല്ലാതെ മന്ത്രിക്ക് രാജിവെക്കേണ്ടി വരും. ഭരണഘടനയുടെ 164-ാം അനുച്ഛേദം അനുസരിച്ച് ഏതെങ്കിലും ഒരു മന്ത്രിയുടെ രാജി മന്ത്രിസഭ തീരുമാനിച്ച് ഗവര്‍ണറെ അറിയിച്ചിട്ടും രാജിവെച്ചില്ലെങ്കില്‍ ആ മന്ത്രിയെ ഗവര്‍ണര്‍ക്ക് പുറത്താക്കാം. ഈ അനുച്ഛേദം ചൂണ്ടിക്കാട്ടി മന്ത്രിമാരെ പുറത്താക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നു പറയുന്നത് തെറ്റാണ്. സുപ്രീംകോടതിക്കും ഹൈകോടതികള്‍ക്കുമുള്ള റിട്ട് അധികാരങ്ങളെ പറ്റിയും ഭരണഘടന പറയുന്നുണ്ട്. 164-ാം അനുച്ഛേദത്തെ മന്ത്രി തെറ്റായാണ് വ്യാഖ്യാനിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.

ലോകായുക്ത നിയമം തന്നെ ഭരണഘടനാ വിരുദ്ധമാണെന്നതാണ് മന്ത്രിയുടെ മറ്റൊരു വാദം. 1999ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊണ്ടുവന്ന ഒരു നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഇപ്പോള്‍ പറയാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. അപ്പീല്‍ പ്രൊവിഷന്‍ ഇല്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഹൈകോടതിയിലേക്ക് അപ്പീല്‍ നല്‍കാനുള്ള ഒരു പ്രൊവിഷന്‍ കൂടി കൂട്ടിച്ചേര്‍ത്താല്‍ പോരെ? പ്രതിപക്ഷത്തിന് ഇക്കാര്യത്തില്‍ എതിര്‍പ്പില്ല. അപ്പീല്‍ പ്രൊവിഷന്‍ ഇല്ലാതെ തന്നെ ലോകായുക്തയുമായി ബന്ധപ്പെട്ട വിധികള്‍ക്കെതിരെ ഹൈകോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാറുണ്ട്. സുപ്രീംകോടതി ജഡ്ജിയോ ഹൈകോടതി ചീഫ് ജസ്റ്റിസോ ആയിരുന്നവരാണ് ലോകായുക്തയാകുന്നത്. അങ്ങനെയുള്ളവര്‍ എടുക്കുന്ന തീരുമാനത്തെ പുതിയ ഭേദഗതി അനുസരിച്ച് മുഖ്യമന്ത്രിക്കോ ഉദ്യോഗസ്ഥന്‍മാര്‍ക്കോ ഹിയറിങ് നടത്തി അപ്പലേറ്റ് അതോറിട്ടിയായി മാറാം. ഒരു ജുഡീഷ്യല്‍ പ്രക്രിയയിലൂടെയുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടത് ജുഡീഷ്യല്‍ സംവിധാനം തന്നെയാണ്. അല്ലാതെ എക്‌സിക്യൂട്ടീവ് എങ്ങനെയാണ് ജുഡീഷ്യല്‍ സംവിധാനത്തിന്റെ അപ്പലേറ്റ് അതോറിട്ടിയാകുന്നത്. ജുഡീഷ്യല്‍ തീരുമാനത്തെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ എങ്ങനെയാണ് സാധിക്കുന്നത്? അത് തെറ്റായ വ്യാഖ്യാനമാണെന്നും അംഗീകരിക്കാനാകില്ലെന്നും സതീശൻ വ്യക്തമാക്കി.

അവരവരുടെ കേസില്‍ അവരവര്‍ തന്നെ ജഡ്ജിയാകന്‍ പാടില്ലെന്നത് നിയമത്തിന്റെ അടിസ്ഥാന തത്വമാണ്. ഇതനുസരിച്ച് മന്ത്രിമാര്‍ക്കെതിരായ ഒരു കേസില്‍ മുഖ്യമന്ത്രി എങ്ങനെയാണ് തീരുമാനം എടുക്കുന്നത്? മുഖ്യമന്ത്രിക്കെതിരായ കേസില്‍ മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണ് ഗവര്‍ണര്‍ തീരുമാനം എടുക്കേണ്ടത്. ഇത് രണ്ടും സ്വാഭാവിക നീതിയുടെ നിഷേധമാണ്. ലോകായുക്തക്ക് സര്‍ക്കാറിനെ തന്നെ മറിച്ചിടാനുള്ള തീരുമാനം എടുക്കാമെന്നാണ് കോടിയേരി പറയുന്നത്. കഴിഞ്ഞ 22 വര്‍ഷത്തിനിടെ സര്‍ക്കാറിനെ മറിച്ചിടാനുള്ള എന്ത് തീരുമാനമാണ് ലോകായുക്ത എടുത്തിട്ടുള്ളത്? മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസുകളില്‍ ശക്തമായ വിധി ഉണ്ടാകുമോയെന്ന് സര്‍ക്കാരും പാര്‍ട്ടിയും ഭയപ്പെടുന്നുണ്ട്. അതില്‍ നിന്നും മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണ് നിയമം ഭേദഗതി ചെയ്യുന്നത്. ഇക്കാര്യം കോടിയേരിയുടെ വാക്കുകളില്‍ തന്നെ വ്യക്തമാണ്.

ലോകായുക്തയെ ശക്തമാക്കണമെന്നതാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നയം. എന്നാല്‍ കേന്ദ്ര നയത്തിന് വിരുദ്ധമായാണ് കേരളത്തിലെ സി.പി.എം പ്രവര്‍ത്തിക്കുന്നത്. 2019ല്‍ ചിന്ത വാരികയില്‍ ലോകായുക്തയെ പുകഴ്ത്തി ലേഖനം എഴുതിയ പിണറായി വിജയന്‍ ഇപ്പോള്‍ തനിക്കെതിരായി ഒരു കേസ് വന്നപ്പോള്‍ ലോകായുക്തയുടെ പല്ലും നഖവും കൊഴിച്ച് തനിക്ക് മുന്നില്‍ ശിപാര്‍ശ നല്‍കുന്ന വെറുമെരു സര്‍ക്കാര്‍ സ്ഥാപനമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

നിയമനിര്‍മ്മാണ സഭ പാസാക്കുന്ന നിയമം 22 വര്‍ഷത്തിനു ശേഷം നിയമവിരുദ്ധമെന്ന് മന്ത്രി രാജീവ് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉണ്ടെന്നാണ് പറയുന്നത്. സര്‍ക്കാര്‍ എന്ത് എഴുതിത്തരാന്‍ പറഞ്ഞാലും തരുന്നയാളാണ് അഡ്വക്കേറ്റ് ജനറല്‍. ഒരു നിയമം ഭരണഘടനാ വിരുദ്ധമെന്നു പറയാനുള്ള അധികാരം കോടതികള്‍ക്ക് മാത്രമാണ്, എക്‌സിക്യൂട്ടീവുകള്‍ക്കല്ല. ഭരണഘടനയുടെ അനുച്ഛേദം 13 അനുസരിച്ച് കോടതികള്‍ക്ക് മാത്രമുള്ള ഒരു അധികാരത്തെയാണ് ഇപ്പേള്‍ ഈ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിക്കും എതിരായി കേസ് വന്നപ്പോഴാണ് ഈ കണ്ടുപിടുത്തങ്ങളെല്ലാം.

അനുച്ഛേദം 213 അനുസരിച്ച് നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തില്‍ അടിയന്തിര സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസ് ലോകായുക്ത പരിഗണിക്കുന്നു എന്നതു മാത്രമാണ് ഇപ്പോഴത്തെ അടിയന്തര സാഹചര്യം. കേസ് പരിഗണിക്കുന്നതിന് മുന്‍പ് ലോകായുക്തയുടെ എല്ലാ അധികാരങ്ങളും എടുത്ത് കളയല്‍ മാത്രമാണ് ലക്ഷ്യം. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ സാങ്കേതികമായും നിയമപരവുമായും പറഞ്ഞ ഒരു വാദങ്ങള്‍ക്കും അടിസ്ഥാനമില്ല. മുന്നണിയില്‍ കൂടിയാലോചന നടത്തിയില്ലെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞിട്ടുണ്ട്. മന്ത്രിസഭാ അംഗങ്ങളെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.

കേന്ദ്ര സര്‍ക്കാര്‍ അഴിമതി നിരോധന നിയമത്തെ ദുര്‍ബലപ്പെടുത്തിയതു പോലെ കേരളത്തിലും ലോകായുക്തയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ്. അഴിമതി നിരോധന സംവിധാനങ്ങളെ സര്‍ക്കാരും സി.പി.എമ്മും ഭയപ്പെടുന്നു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലേത് ഉള്‍പ്പെടെ ഇനിയും നിരവധി അഴിമതി കേസുകൾ ലോകായുക്തക്ക് മുന്നിലെത്തുമെന്ന് സര്‍ക്കാറിന് അറിയാം. അതുകൊണ്ടാണ് ലോകായുക്തയെ നിര്‍വീര്യമാക്കുന്നത്. പ്രതിപക്ഷം ഉന്നയിച്ച വാദങ്ങള്‍ക്കെല്ലാം നിയമത്തിന്റെ പിന്‍ബലമുണ്ട്. സര്‍ക്കാറിന്റെ നിയമവിരുദ്ധ നീക്കത്തെ നിയമപരമായി ചോദ്യം ചെയ്യും. നിയമ മന്ത്രി പറഞ്ഞതെല്ലാം നിയമവുമായി ബന്ധപ്പെട്ടതല്ല. മന്ത്രി പറഞ്ഞ രണ്ടു കേസുകള്‍ക്കും ഇപ്പോഴത്തെ ഭേദഗതിയുമായി ബന്ധമില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lokayukta
News Summary - VD Satheesan React to kerala Lokayukta Ordinance
Next Story