Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാ...

എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ബദലുമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്; അയ്യപ്പന്‍റെ സ്വര്‍ണം മോഷ്ടിച്ചവരെ സംരക്ഷിച്ചാണ് സി.പി.എം വോട്ട് തേടുന്നത് -വി.ഡി. സതീശൻ

text_fields
bookmark_border
എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ബദലുമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്; അയ്യപ്പന്‍റെ സ്വര്‍ണം മോഷ്ടിച്ചവരെ സംരക്ഷിച്ചാണ് സി.പി.എം വോട്ട് തേടുന്നത് -വി.ഡി. സതീശൻ
cancel

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാരിന്റെ തെറ്റുകള്‍ക്കെതിരെ അതിശക്തമായ ആക്രമണം നടത്തുമ്പോഴും എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ബദല്‍ പദ്ധതികളുമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ച കേസിലെ രണ്ടു പ്രതികളെ സംരക്ഷിച്ചു കൊണ്ടാണ് സി.പി.എം വോട്ട് തേടുന്നതെന്നും സതീശൻ ആരോപിച്ചു.

തെരഞ്ഞെടുപ്പുകള്‍ ഗുണനിലവാരമുള്ള ചര്‍ച്ചകള്‍ക്ക് വഴിവെക്കണമെന്നതാണ് യു.ഡി.എഫിന്റെ ആഗ്രഹം. ജനാധിപത്യത്തിന്റെ മനോഹാരിത നല്ല ചര്‍ച്ചകളും സംവാദങ്ങളുമാണ്. എല്ലാ ഗുണപരമായ സംവാദങ്ങളുടെയും ഗുണഭോക്താക്കള്‍ സാധാരണക്കാരായ മനുഷ്യരാണ്. കേരളത്തില്‍ ഒന്‍പതര വര്‍ഷം അധികാരത്തില്‍ ഇരിക്കുന്ന സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു കൊണ്ട് ജനങ്ങളുടെ കോടതിയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ പരാജയങ്ങള്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തി സര്‍ക്കാരിനെ ജനം വിചാരണ ചെയ്യുന്ന അവസരമാക്കി തെരഞ്ഞെടുപ്പിനെ മാറ്റും. സര്‍ക്കാരിനെതിരെ യു.ഡി.എഫ് പുറത്തിറക്കിയ കുറ്റപത്രം എല്ലാ വീടുകളിലും എത്തിക്കും.

സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുമെന്ന ചോദ്യം സ്വാഭാവികമായും പ്രതിപക്ഷത്തോടും ഉണ്ടാകും. പ്രതിപക്ഷത്തിന് കൃത്യമായ ബദല്‍ പരിപാടികളും പദ്ധതികളുമുണ്ട്. എവിടെയാണ് സര്‍ക്കാരിന് വീഴ്ച പറ്റിയത്, അവിടെയെല്ലാം പ്രതിപക്ഷത്തിന് പരിഹാരമാര്‍ഗങ്ങളുണ്ട്. കേരളത്തില്‍ സമ്പദ് വ്യവസ്ഥ എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തു എന്നതാണ് പ്രധാന ആരോപണം. ആറു ലക്ഷം കോടിയോളം രൂപയുടെ ബാധ്യതയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ടു കൊണ്ടാകും ഈ സര്‍ക്കാര്‍ അധികാരം ഒഴിയുക. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഇത്രത്തോളം തകര്‍ന്നു പോയൊരു സാഹചര്യം ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ തകര്‍ന്ന സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താനുള്ള കൃത്യമായ പദ്ധതികള്‍ ഞങ്ങള്‍ക്കുണ്ട്. സംസ്ഥാനത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ കഴിഞ്ഞ കുറെ മാസങ്ങളായി ഗവേഷണ തുല്യമായ പഠനങ്ങള്‍ യു.ഡി.എഫ് നടത്തിയിട്ടുണ്ട്.

ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. ആശുപത്രികളില്‍ മരുന്നോ ശസ്ത്രക്രിയ ഉപകരണങ്ങളോ ഇല്ല. വെന്റിലേറ്ററിലായ ആരോഗ്യ കേരളത്തെ രക്ഷപ്പെടുത്താനുള്ള പദ്ധതികളും യു.ഡി.എഫിനുണ്ട്. ചരിത്രത്തില്‍ ആദ്യമായി ഒരു പ്രതിപക്ഷം ഹെല്‍ത്ത് കമ്മിഷന്‍ രൂപീകരിച്ച് ഹെല്‍ത്ത് കോണ്‍ക്ലേവ് നടത്തി. കേരളത്തിന്റെ വിവിധ മേഖലകളില്‍ മുന്നൂറോളം ഡോക്ടര്‍മാര്‍ ഫലപ്രദമായ ആരോഗ്യ നയം രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചയിലാണ്. ജനുവരി ആകുമ്പോഴേയ്ക്കും അത് പൂര്‍ത്തിയാകും. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് ബ്രെയിന്‍ ഡ്രെയ്ന്‍ സംഭവിക്കുകയാണ്. കുട്ടികള്‍ വിദേശത്തേക്ക് പോകുകയാണ്. വിദേശ രാജ്യങ്ങളിലുള്ള അക്കാദമീഷ്യന്‍മാരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു കൊണ്ട് യു.ഡി.എഫ് ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തി. അതിന്റെ ഭാഗമായി ഉണ്ടാക്കിയ ഡ്രാഫ്റ്റ് ഡോക്യുമെന്റ് ഉപയോഗിച്ച് കേരളത്തിലെ സര്‍വകലാശാലാ ആസ്ഥാനങ്ങളിലെല്ലാം ചര്‍ച്ച നടക്കുകയാണ്. അതിന്റെ റിസള്‍ട്ടും ജനുവരിയില്‍ പ്രഖ്യാപിക്കും. കാര്‍ഷിക മേഖയിലെ പ്രശ്‌നങ്ങളും വന്യജീവി ആക്രമണങ്ങളുമയി ബന്ധപ്പെട്ട വിഷയങ്ങളിലും തീരദേശത്തെ പ്രതിസന്ധിയും എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്കുള്ള പദ്ധതി വിഹിതവുമൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്യും.

അധികാര വികേന്ദ്രീകരണം നിലവില്‍ വന്നതിനു ശേഷമുള്ള നേട്ടങ്ങളും കോട്ടങ്ങളും യു.ഡി.എഫ് വിലയിരുത്തിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പേകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അതിനു വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് പഠനത്തിനു ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്. നടപ്പാക്കാന്‍ സാധിക്കുന്ന പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തിയിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റുമെന്നതാണ്. നിരവധി ടൂറിസ്റ്റുകള്‍ എത്തുന്ന സംസ്ഥാനത്തെ സീറോ വേസ്റ്റ് ആക്കി മാറ്റിയാല്‍ അതിന്റെ പ്രതിഫലനം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഉള്‍പ്പെടെ പ്രതിഫലിക്കും. മൂന്നര ലക്ഷം പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. 2016-ല്‍ നാലു കോടിയുടെ വാക്‌സിന്‍ വാങ്ങിയ സ്ഥലത്ത് 2023-ല്‍ വാങ്ങിയത് 24 കോടി രൂപയുടെ വാക്‌സിനാണ്. മൂന്നര ലക്ഷം പേരെ പട്ടി കടിച്ചെന്ന വാര്‍ത്ത പുറത്തേക്ക് പോയാല്‍ കേരളത്തിലേക്ക് ആരും വരില്ല. തെരുവ് നായ്ക്കളുടെ ശല്യത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള ശാസ്ത്രീയ പദ്ധതികള്‍ നടപ്പാക്കും.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്തെ ദാരിദ്ര്യമുക്തമാക്കുന്നതിനു വേണ്ടി ആശ്രയ പദ്ധതി ആരംഭിച്ചത്. ഇന്നത്തെ സാഹചര്യത്തിന് അനുയോജ്യമായ രീതിയില്‍ ആശ്രയ പദ്ധതി നവീകരിക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലും വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളുണ്ട്. അതൊക്കെ പ്രയോജനപ്പെടുത്തും. അതിനു വേണ്ടി ലോക്കല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കും. കുടുംബശ്രീയും പൂര്‍ണമായ നവീകരണത്തിന് വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെ സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുക എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യം. തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തുന്ന രീതിയില്‍ നവീകരിക്കും. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ശാസ്ത്രീയമായ സമീപനം ഉറപ്പാക്കേണ്ടതുണ്ട്. പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അതിനെ ലീഗലൈസ് ചെയ്യും. ഇത്തരത്തില്‍ നിരവധി പദ്ധതികളാണ് യു.ഡി.എഫ് മുന്നോട്ട് വയ്ക്കുന്നത്. സാധാരണക്കാരുടെ ജീവിത നിലവാരത്തില്‍ മാറ്റം വരുത്തുന്ന തരത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂറെക്കൂടി സ്വാതന്ത്യം നല്‍കിയുള്ള പദ്ധതികളാണ് ഞങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ തെറ്റുകള്‍ക്കെതിരെ അതിശക്തമായ ആക്രമണം നടത്തുമ്പോള്‍ തന്നെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ബദല്‍ പദ്ധതികളും മുന്നോട്ടു വച്ചാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടാകും. എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് വിജയമുണ്ടായി. കൂടാതെ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനായിരുന്നു മുന്‍തൂക്കം. തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളും യു.ഡി.എഫ് നടത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പെ സംസ്ഥാനത്ത് വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിച്ചു. എല്ലാ വീടുകളിലും കാമ്പയിന്‍ നടത്തുകയും ഏറ്റവും നന്നായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയും ചെയ്തു. നല്ല മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സര്‍ക്കാരിന് എതിരായ അതിശക്തമായ പ്രതിഷേധം ജനങ്ങള്‍ക്കിടയിലുണ്ട്. ഞങ്ങളുടെ തയാറെടുപ്പുകളും ജനങ്ങള്‍ക്കുള്ള പ്രതീക്ഷകളുമെല്ലാം ചേരുമ്പോള്‍ തിളക്കമാര്‍ന്ന വിജയം യു.ഡി.എഫിനുണ്ടാകും.

ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.ഡി.എഫിന്റെ അടിത്തറ വിപുലീകരിക്കും. അതിന്റെ പ്രതിഫലനം പാലക്കാട് ജില്ലയിലുമുണ്ടാകും. പാലക്കാട് ഇടതുപക്ഷ മുന്നണിയിലെ സി.പി.എമ്മിലും സി.പി.ഐയിലും അന്തച്ഛിദ്രങ്ങളാണ്. അതിന്റെയൊക്കെ പരിണിതഫലമുണ്ടാകും. പട്ടാമ്പിയില്‍ കോണ്‍ഗ്രസില്‍ നിന്നും മാറി നിന്നിരുന്ന ഒരു വിഭാഗം പാര്‍ട്ടിയിലേക്ക് മടങ്ങി വന്നിട്ടുണ്ട്. സി.പി.എമ്മിലും സി.പി.ഐയിലും പിണങ്ങി നില്‍ക്കുന്ന വലിയൊരു വിഭാഗവുമായി പ്രാദേശിക തലത്തില്‍ പലയിടത്തും രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടുണ്ട്. അത് തുടരും.

നിയമസഭാ തെരഞ്ഞെടുപ്പിലും ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സീറ്റുകള്‍ നല്‍കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിരവധി ചെറുപ്പക്കാര്‍ മത്സരരംഗത്തുണ്ട്. യു.ഡി.എഫ് ടീം യു.ഡി.എഫായാണ് പ്രവര്‍ത്തിക്കുന്നത്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തവണ പ്രശ്‌നമുണ്ടായിരുന്ന 35 പഞ്ചായത്തുകളില്‍ ഇത്തവണ ഒരു പ്രശ്‌നങ്ങളുമില്ല. 20 വര്‍ഷമായി കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളെല്ലാം പരിഹരിച്ചു. ഒരിടത്തും ലീഗ്- കോണ്‍ഗ്രസ് തര്‍ക്കമില്ല. വെല്‍ഫെയര്‍ പാര്‍ട്ടി മുന്നണിയുടെ ഭാഗമല്ല. അവര്‍ ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. സമുദായങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ യു.ഡി.എഫ് ഇടപെടാറില്ല. അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യു.ഡിഎഫ് ഉജ്ജ്വലമായ വിജയമാണ് നേടിയത്. അതിനെ ചെറുതാക്കി കാണിക്കാന്‍ ചില മാധ്യമങ്ങളും സി.പി.എമ്മും നറേറ്റീവുണ്ടാക്കുകയാണ്. പാലക്കാട് നഗരസഭയില്‍ ഇത്തവണ വിസ്മയങ്ങളുണ്ടാകും. യു.ഡി.എഫ് ഭരണത്തില്‍ തിരിച്ചു വരും. ഉപതെരഞ്ഞെടുപ്പിലും പാലക്കാട് നഗരത്തില്‍ ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി. ബി.ജെ.പി കേന്ദ്രങ്ങളില്‍ പോലും പോസിറ്റീവായ പ്രതികരണങ്ങളാണ് കിട്ടിയത്. ബി.ജെ.പിയുടെ അഴിമതിയും തമ്മിലടിയും ജനങ്ങള്‍ മടുത്തു. പാലക്കാട് ബി.ജെ.പിയിലും സി.പി.എമ്മിലും സി.പി.ഐയിലും കൂട്ടയടിയാണ് നടക്കുന്നത്. ഇത്തവണ നല്ല ഭരണം ഉണ്ടാകാന്‍ യു.ഡി.എഫ് നഗരസഭാ ഭരണം പിടിക്കും. ഒരു സ്ഥലത്തും ബി.ജെ.പിയുമായോ സി.പി.എമ്മുമായോ ഒരിടത്തും ധാരണയുണ്ടാക്കില്ല.

രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വം ഏകകണ്ഠമായാണ് നിലാപടെടുത്തത്. അല്ലാതെ പ്രതിപക്ഷ നേതാവിന്റെ മാത്രം തീരുമാനമല്ല. ഒരേ കാര്യത്തിന് രണ്ടു തവണ നടപടി എടുക്കാനാകില്ല. കോണ്‍ഗ്രസ് നടപടി എടുത്തു. ആ നടപടി ഇപ്പോള്‍ നിലനില്‍ക്കുകയാണ്. ഇതേ ചോദ്യം മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടത്. രണ്ട് സി.പി.എം നേതാക്കള്‍ ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടത്തിയതിന് ജയിലിലാണ്. അറിയപ്പെടുന്ന രണ്ടു നേതാക്കള്‍ മോഷണ കേസില്‍ പ്രതികളായിട്ടും സി.പി.എം നടപടി എടുത്തോ? എം.വി. ഗോവിന്ദന്‍ മിണ്ടുന്നില്ലല്ലോ. വെറും മോഷണമല്ല, അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചതിനാണ് നേതാക്കള്‍ ജയിലിലായത്. പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളുകളാണ് ഈ രണ്ടു പേരും. വി.എസിന്റെ കയ്യില്‍ നിന്നും പത്തനംതിട്ട ജില്ലയെ മോചിപ്പിച്ച് പിണറായിക്ക് നല്‍കിയ ആളാണ് പത്മകുമാര്‍. ഈ രണ്ടു പേരും അയ്യപ്പന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതികളായി ജയിലില്‍ കിടക്കുമ്പോഴും സി.പി.എം സംരക്ഷണം ഒരുക്കുകയാണ്. പ്രധാനപ്പെട്ട സി.പി.എം നേതാക്കള്‍ക്കെതിരെ മൊഴി നല്‍കുമെന്ന് ഭയന്നാണ് രണ്ടു പ്രതികളെയും സംരക്ഷിക്കുന്നത്.

എന്തുകൊണ്ടാണ് മോഷണ കേസില്‍ പ്രതികളായവര്‍ക്കെതിരെ നപടി എടുത്താത്തതെന്ന് മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോടും എം.വി ഗോവിന്ദനോടും ചോദിക്കണം. മോഷണക്കേസിലെ രണ്ടു പ്രതികളെ സംരക്ഷിച്ചു കൊണ്ടാണ് സി.പി.എം വോട്ട് തേടുന്നത്. ഏതോ ഒരു പോറ്റി ചെയ്‌തെന്നാണ് ആദ്യം സി.പി.എം പറഞ്ഞത്. സി.പി.എമ്മിനും ദേവസ്വം ബോര്‍ഡിനും മന്ത്രിമാര്‍ക്കും പങ്കുണ്ടെന്നാണ് പ്രതിപക്ഷം പറഞ്ഞത്. അതു തന്നെയാണ് കോടതിയും പറഞ്ഞത്. കൊള്ള നടന്നുവെന്ന് അറിഞ്ഞിട്ടും വീണ്ടും കക്കാന്‍ ഇറങ്ങുകയായിരുന്നു. ഏത് കോടീശ്വരനാണ് ദ്വാരപാലക ശില്‍പം വിറ്റതെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നു പറഞ്ഞതിനാണ് എനിക്കെതിരെ കേസ് കൊടുത്തത്. കടകംപള്ളിയുടെ ഏറ്റവും അടുത്ത ആളായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി. പോറ്റിയെ ദേവസ്വം ബോര്‍ഡിലെ ആളുകള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ആളാണ് കടകംപള്ളി. സി.പി.എം നേതൃത്വത്തിന് ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ട്. പ്രതിപക്ഷം പറഞ്ഞ എല്ലാ കാര്യങ്ങളും കോടതിയും അടിവരയിട്ടിട്ടുണ്ട്. എസ്.ഐ.ടി അന്വേഷിച്ചതോടെ ഓരോരുത്തരായി ജയിലിലേക്ക് പോകുന്ന ഘോഷയാത്രയാണ് നടക്കുന്നത്. എസ്.ഐ.ടി രൂപീകരിച്ചത് കോടതിയാണ്. സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണ് കോടതില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ അന്വേഷണം നല്ല രീതിയില്‍ പോകുന്നുണ്ടെന്നാണ് വിശ്വാസം. കേന്ദ്ര ഏജന്‍സിയാണ് അന്വേഷിച്ചിരുന്നതെങ്കില്‍ ബിരിയാണി ചെമ്പു പോലെ ആയേനെ.

അഞ്ച് പദ്ധതികള്‍ ഒന്നിപ്പിച്ചാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. അഞ്ച് സ്‌കീമുകളിലായി 5 വര്‍ഷം കൊണ്ട് നലു ലക്ഷത്തി അന്‍പത്തയ്യായിരം വീടുകള്‍ നിര്‍മ്മിച്ചു. എന്നാല്‍ ഈ സര്‍ക്കാരിന് ഒന്‍പതര കൊല്ലം കൊണ്ട് അത്രയും വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചിട്ടില്ല. അത് സംബന്ധിച്ച് സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ കണക്ക് നല്‍കിയിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സ്‌കീമുകള്‍ യോജിപ്പിച്ച് കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാനാണ് യു.ഡി.എഫ് ആലോചിക്കുന്നത്.

ഈ തെരഞ്ഞെടുപ്പിന്റെ അജണ്ട പ്രതിപക്ഷം നിശ്ചയിക്കും. ജനങ്ങള്‍ പ്രതിപക്ഷത്തിനൊപ്പമാണ്. പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന വികസന അജണ്ട ജനം അംഗീകരിക്കും. ബി.ജെ.പിയില്‍ രൂക്ഷമായ അഭിപ്രായഭിന്നതയാണ്. പുതിയ നേതൃത്വത്തെ പഴയ നേതൃത്വം അംഗീകരിച്ചിട്ടില്ല. സി.പി.എമ്മുമായി എവിടെയെങ്കിലും ധാരണയുണ്ടെങ്കില്‍ മാത്രമെ ബി.ജെ.പി വിജയിക്കുകയുള്ളൂ. അല്ലാതെ ഒരിടത്തും അവര്‍ വിജയിക്കില്ല. സംഘടനാപരമായ കാര്യങ്ങളില്‍ കെ.പി.സി.സി അധ്യക്ഷന്‍ മറുപടി നല്‍കും. നടപടി എടുക്കാത്ത ആളുകളോടാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കേണ്ടതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFVD SatheesanLatest NewsCongressKerala Local Body Election
News Summary - VD Satheesan react to Kerala Local Body Election
Next Story