മരംമുറി വിഷയം വഴിതിരിച്ചുവിടാൻ ശ്രമം; അനാവശ്യ വിവാദം അവസാനിപ്പിക്കണം -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: മരംമുറി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനങ്ങളുടെ ശ്രദ്ധയിലുള്ള പല വിഷയങ്ങളും കേരളത്തിലുണ്ട്. പിണറായി വിജയനും കെ. സുധാകരനും തമ്മിലുള്ള ആരോപണങ്ങൾ ഒരു വിഷയമല്ലെന്നും അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
രണ്ടാം എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ഏറ്റവും വലിയ വിവാദം കത്തി നിൽക്കുകയാണ്. ഇത് വഴിതിരിച്ചുവിടണമെന്ന ആഗ്രഹം മുഖ്യമന്ത്രിക്കുണ്ടാവും. കോവിഡ് മഹാമാരിക്കാലത്ത് ജനജീവിതത്തെ ബാധിക്കുന്ന നിരവധി കാര്യങ്ങൾ ഉള്ളപ്പോഴാണ് ഒരു പ്രാധാന്യമില്ലാത്ത കാര്യത്തിന് മുഖ്യമന്ത്രി സമയം കളയുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷനായി ചുമതയേറ്റപ്പോൾ തന്നെ എ. വിജയരാഘവനും എ.കെ. ബാലനും അടക്കമുള്ളവർ നിരവധി പ്രസ്താവനകളാണ് ഇറക്കിയത്. രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന സുധാകരനെതിരെ കേട്ടുകേൾവിയില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു. സുധാകരനെ സി.പി.എം ഭയപ്പെടുന്നുണ്ടെന്നും സതീശൻ പറഞ്ഞു.
അനാവശ്യമായ വിവാദം ഉണ്ടാക്കിയെന്നാണ് കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരുടെ അഭിപ്രായം. അതുകൊണ്ട് ഈ വിവാദത്തിനൊപ്പം പോകേണ്ടെന്നാണ് തങ്ങളുടെ നിലപാട്. മുഖ്യമന്ത്രി ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങൾ സുധാകരൻ മറുപടി നൽകരുതെന്ന് പറയാനാവില്ലെന്നും വി.ഡി. സതീശൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

