Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരമനകളില്‍...

അരമനകളില്‍ കേക്കുമായെത്തിയവരുടെ മനസിലിരുപ്പ് ബോധ്യമായി; എഫ്.ഐ.ആര്‍ റദ്ദാക്കുംവരെ നിയമപോരാട്ടങ്ങളെ പിന്തുണക്കും -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel
camera_alt

വിഡി സതീശൻ

തിരുവനന്തപുരം: കന്യാസ്ത്രീകള്‍ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കുംവരെ നിയമപോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസും യു.ഡി.എഫും പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അരമനകളില്‍ കേക്കുമായി എത്തിയവരുടെ മനസിലിരുപ്പ് എന്തായിരുന്നെന്ന് ഇപ്പോള്‍ കേരളത്തിലെ എല്ലാവര്‍ക്കും ബോധ്യമായി. ഭിന്നിപ്പിന്‍റെ രാഷ്ട്രീയം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കെതിരെ സര്‍വശക്തിയും ഉപയോഗിച്ച് പോരാടുമെന്നും സതീശൻ വ്യക്തമാക്കി. മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെയ്യാത്ത കുറ്റത്തിനാണ് കഴിഞ്ഞ ഒന്‍പത് ദിവസമായി രണ്ട് കന്യാസ്ത്രീകള്‍ ജയിലില്‍ കഴിഞ്ഞത്. മതവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഛത്തിസ്ഗഢിലുണ്ടായത്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കുന്നതിനു വേണ്ടി ഛത്തിസ്ഗഢിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചു. അവര്‍ക്ക് ജാമ്യം ലഭിക്കാതിരിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ അതിശക്തമായി വാദിച്ചു. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ അതുകൊണ്ട് ജാമ്യം നല്‍കരുതെന്നാണ് അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ജാമ്യം നല്‍കരുതെന്നാണ് ബജ്‌റംഗ്ദള്‍ അഭിഭാഷകരും വാദിച്ചത്. കൊലക്കുറ്റം ചെയ്ത ക്രിമിനലുകളെ പോലെയാണ് കന്യാസ്ത്രീകളെ ഇവര്‍ പരിഗണിച്ചത്. ബി.ജെ.പി ദേശീയ- സംസ്ഥാന നേതൃത്വങ്ങളും ഇതിന് കൂട്ടുനില്‍ക്കുകയായിരുന്നു.

കഴിഞ്ഞ 365 ദിവസത്തിനിടെ ക്രൈസ്തവര്‍ക്കെതിരായ 834മത്തെ ആക്രമണമാണിത്. ബി.ജെ.പിയുടെ മുഖംമൂടി വലിച്ചു മാറ്റാന്‍ കഴിഞ്ഞു എന്നതാണ് ഈ സംഭവത്തിന്റെ പ്രത്യേകത. ഇത്തരം സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് ഇനി ആവര്‍ത്തിക്കപ്പെടരുത്. മതത്തിന്റെ പേരില്‍ ഒരു സമൂഹത്തെയും ആക്രമിക്കരുത്. മതപരിപര്‍ത്തനം നടത്തിയെന്നും മനുഷ്യക്കടത്ത് നടത്തിയെന്നുമുള്ള തെറ്റായ കേസ് ചുമത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തത്. സഭാ വസ്ത്രങ്ങള്‍ ധരിച്ച് കന്യാസ്ത്രീകള്‍ക്കോ വൈദികര്‍ക്കോ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ്. വന്ദ്യവയോധികനായ സ്റ്റാന്‍സാമിയെ ജയിലില്‍ ചങ്ങലക്കിട്ട് കൊന്ന ഭരണകൂടമാണിത്. ഭരണഘടന ഉറപ്പ് നല്‍കുന്ന സംരക്ഷണത്തിന്റെ ലംഘനമാണ് നടന്നത്.

ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള നിയമപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം.എല്‍.എമാരായ റോജി എം. ജോണിനും സജീവ് ജോസഫിനും നന്ദി പറയുന്നു. അവര്‍ അവിടെ ക്യാമ്പ് ചെയ്താണ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. എഫ്.ഐ.ആര്‍ റദ്ദാക്കുന്നതു വരെയുള്ള നിയമപരമായ എല്ലാ പോരാട്ടങ്ങള്‍ക്കും പിന്തുണ നല്‍കും.

കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ അരമനകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി അരമനകള്‍ കയറി ഇറങ്ങുന്നതെന്ന് 2023ലെ ക്രിസ്മസ് കാലത്ത് പ്രതിപക്ഷം പറഞ്ഞതാണ്. അത് ഇപ്പോള്‍ യാഥാർഥ്യമായി. കേക്കുമായി എത്തിയത് കബളിപ്പിക്കലായിരുന്നെന്ന് വൈദികരും ഇപ്പോള്‍ ആവര്‍ത്തിക്കുന്നുണ്ട്. കര്‍ണാടകത്തില്‍ ഭരണം കിട്ടി മൂന്നാമത്തെ ആഴ്ച മതപരിവര്‍ത്തന നിയമം റദ്ദാക്കി.

ക്രൈസ്തവ സഭയുടെ ഈ ആവശ്യം പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് താനാണ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ബി.ജെ.പി കൊണ്ടു വന്ന നിയമം സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കി. മനപൂര്‍വമായി മത സ്പര്‍ദയുണ്ടാക്കി ക്രൈസ്തവരെയും മുസ് ലിംകളെയും ഭിന്നിപ്പിക്കാന്‍ കേരളത്തില്‍ നടത്തിയ ശ്രമത്തിന്റെ പരാജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. കേരളത്തിന്റെ മതേതര മനസ് ഒന്നിച്ചാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കണമെന്ന് ആഗ്രഹിച്ചത്. അത്തരം ഒരു സമൂഹത്തിലേക്കാണ് ഭിന്നിപ്പിന്റെ രാഷ്ട്രീയം കൊണ്ടു വരാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. അതിനെ കോണ്‍ഗ്രസും യു.ഡി.എഫും സര്‍വശക്തിയും ഉപയോഗിച്ച് പോരാടും.

കേന്ദ്രത്തില്‍ ഭരണത്തില്‍ ഇരിക്കുന്ന പാര്‍ട്ടികളുടെ പ്രതിനിധികളായതു കൊണ്ടാണ് ബി.ജെ.പി നേതാക്കളെ സഭാനേതൃത്വം കണ്ടത്. വന്ന് പോയവരുടെ ഉള്ളില്‍ എന്തായിരുന്നെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. മനുഷ്യരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ നാടകം കളിക്കുന്നത്.

ഛത്തിസ്ഗഢിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും പി.സി.സി പ്രസിഡന്റും കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടി ഒപ്പമുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ജയില്‍ പോയി കന്യാസ്ത്രീകളെ കണ്ടു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റില്‍ സമരം നടത്തിയത്. എം.പിമാരുടെ രണ്ട് സംഘം ഛത്തിസ്ഗഢിലെത്തി. കേരളത്തിലെ ബി.ജെ.പിയാണ് ഛത്തിസ്ഗഢിലെ നേതാക്കള്‍ ഒപ്പമുണ്ടോയെന്ന് ചോദിച്ചത്. ഭൂപേഷ് ബാഗേലുമായി ഞാനും ഫോണില്‍ സംസാരിച്ചതാണ്. മുന്‍ മുഖ്യമന്ത്രിയാണ് അവിടെ വന്ന് നിന്നത്. അതാണ് കോണ്‍ഗ്രസ്. ഇവരുടെ കാപട്യം കോണ്‍ഗ്രസിനില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFVD SatheesanLatest NewscongressNuns Arrest
News Summary - VD Satheesan react to Granted Bail of Nuns
Next Story