‘ഗോവിന്ദച്ചാമി സർക്കാറിന് പ്രിയപ്പെട്ടവനെന്ന് മനസിലായി, ജയിൽ ഭരിക്കുന്നത് പ്രതികൾ’; രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ
text_fieldsകൊച്ചി: കൊടുംകുറ്റവാളിയും സൗമ്യ കൊലക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയുമായ ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഒരു കൈക്ക് സ്വാധീനമില്ലാത്ത ആള്‍ രാത്രി ഒന്നേകാലിന് കമ്പി കൊണ്ട് ജയില്‍ മുറിയിലെ ജനല്‍ കമ്പി മുറിച്ച് പുറത്തു കടന്ന് തുണി കെട്ടി ഇത്രയും വലിയ മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടെന്നത് അവിശ്വസനീയമാണ്. ജയിലിനുള്ളില്‍ നിന്നും പുറത്തു നിന്നും ഗോവിന്ദച്ചാമിക്ക് സഹായം കിട്ടിയെന്നതില്‍ ഒരു സംശയവുമില്ലെന്നും സതീശൻ പറഞ്ഞു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇതൊക്കെയാണ് നടക്കുന്നതെന്ന് നിരവധി തവണ പ്രതിപക്ഷം നിയമസഭക്കുള്ളിലും പുറത്തും പറഞ്ഞിട്ടുണ്ട്. ടി.പി വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള ക്രിമിനലുകള്‍ക്ക് സര്‍ക്കാരും ജയില്‍ അധികൃതരും എല്ലാ സഹായവും ചെയ്തു കൊടുക്കുകയാണ്. ടി.പി കേസിലെ പ്രതികള്‍ക്ക് അവരുടെ ഇഷ്ടത്തിന് പരോളും ഇഷ്ടമുള്ള ഭക്ഷണവുമാണ് നല്‍കുന്നത്. ജയിലിലെ മെനു തീരുമാനിക്കുന്നതു തന്നെ ഈ പ്രതികളാണ്.
ഇഷ്ടമുള്ള മദ്യവും ലഹരി മരുന്നും സുലഭമായി ലഭിക്കും. ഇതുകൂടാതെ ലഹരി മരുന്ന് കച്ചവടവും ഗുണ്ടായിസവും കൊട്ടേഷനും ജയിലില്‍ ഇരുന്നു കൊണ്ടാണ് ഈ പ്രതികള്‍ നടത്തുന്നത്. ഏറ്റവും ലേറ്റസ്റ്റ് ഫോണുകളാണ് ഈ പ്രതികള്‍ ഉപയോഗിക്കുന്നത്. കിരീടം വയ്ക്കാത്ത രാജാക്കന്‍മാരെ പോലെയാണ് ഈ പ്രതികള്‍ ജയിലില്‍ കഴിയുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ക്രിമിനലുകള്‍ക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്.
അവിടെ നിന്നാണ് അവിശ്വസനീയമായ രീതിയില്‍ ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. അഞ്ച് മണിക്കാണ് തടവ് ചാടിയ വിവരം ജയില്‍ അധികൃതര്‍ അറിഞ്ഞത്. ഏഴ് മണിക്കാണ് പൊലീസ് അറിഞ്ഞത്. സാധാരണക്കാരായ നാട്ടുകാര്‍ കാട്ടിയ ജാഗ്രതയിലാണ് പ്രതി പിടിയിലായത്. പ്രതിയെ പിടികൂടാന്‍ സഹായിച്ച നാട്ടുകാരെ അഭിനന്ദിക്കുന്നു. സര്‍ക്കാറിന് അപമാനകരമായ സംഭവമാണ് നടന്നത്. സര്‍ക്കാറിന് ഏറ്റവും പ്രിയപ്പെട്ടവര്‍ ജയിലില്‍ ഉണ്ടെന്ന് അറിയാം. എന്നാല്‍ ഗോവിന്ദച്ചാമിയും സര്‍ക്കാറിന് പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ആളായിരുന്നെന്ന് ഇന്ന് രാവിലെയാണ് മനസിലായത്.
പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവരെ ജയില്‍ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തിയതു തന്നെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. എന്തെങ്കിലും കുറവുണ്ടോയെന്ന് ഇവര്‍ ഇടക്കിടെ പോയി അന്വേഷിക്കും. പ്രതികള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ഫോണ്‍ മാറ്റിക്കൊടുക്കും. ജയിലില്‍ ഇരുന്നാണ് ഈ പ്രതികള്‍ ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത്.
ഏകാന്ത തടവില്‍ കിടക്കുന്നയാള്‍ കമ്പി മുറിച്ചത് ആരും അറിഞ്ഞില്ലേ? ഇത്രയും നീളമുള്ള തുണി എവിടെ നിന്നാണ് കിട്ടിയത്? തൂങ്ങി ഇറങ്ങുമ്പോള്‍ നിലത്തു വീഴാതിരിക്കാന്‍ വേണ്ടി അത്രയും കട്ടിയുള്ള ബെഡ് ഷീറ്റാണ് നല്‍കിയത്. ജയില്‍ ചാടുന്നയാളുടെ എല്ലാ സുരക്ഷയും ഉറപ്പുവരുത്താനുള്ള എല്ലാ സാധനങ്ങളും ജയിലില്‍ ലഭ്യമായിരുന്നു. എന്നിട്ടാണ് ഒരു കൈക്ക് സ്വാധീനമില്ലാത്ത ഒരാള്‍ ഒറ്റക്കൈ കൊണ്ട് ചാടിയെന്ന അത്ഭുതമുണ്ടായത്.
ഇത് ടാര്‍സന്റെ സിനിമയില്‍ പോലും കണ്ടിട്ടില്ല. ജയിലിനുള്ളില്‍ നിന്നും എല്ലാ സഹായവും ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഭരിക്കുന്നത് പ്രതികളാണ്. ഈ ആരോപണം നേരത്തെ തന്നെ പ്രതിപക്ഷം പറഞ്ഞതാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിവരയിടുന്ന സംഭവങ്ങളാണ് പിന്നീടുണ്ടാകുന്നത്. ആരോഗ്യമന്ത്രി പറഞ്ഞതു പോലെ ഇതു സിസ്റ്റത്തിന്റെ കുഴപ്പമാണ്. എല്ലാം സിസ്റ്റത്തിന്റെ കുഴപ്പമാണെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെ ഇന്ന് പുലർച്ചെ 1.15ഓടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി അറിയുന്നത്.
സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങ്ങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഗോവിന്ദച്ചാമി മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.
കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീംകോടതി 2016ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

