Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.വി. ഗോവിന്ദന്‍റേത്...

എം.വി. ഗോവിന്ദന്‍റേത് വേര്‍പിരിഞ്ഞ പ്രണയിനിയുടെ പ്രണയാര്‍ദ്രമായ അപേക്ഷ, നിലമ്പൂരിൽ സഹായിക്കണമെന്നാണ് ആവശ്യം; സി.പി.എം-ആർ.എസ്.എസ് ബന്ധത്തെ കുറിച്ച് വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ പ്രസ്താവന ആര്‍.എസ്.എസ്-സി.പി.എം കൂട്ടുകെട്ടിനെ ഓര്‍മിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അനവസരത്തിലുള്ളതാണെന്ന് തോന്നുമെങ്കിലും ബുദ്ധിപൂര്‍വമായി സി.പി.എം അവരുടെ സംസ്ഥാന സെക്രട്ടറിയെ കൊണ്ട് നടത്തിച്ച പ്രസ്താവനയാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ തൊട്ടുതലേന്ന് എന്തുകൊണ്ടാണ് പഴയ സൗഹൃത്തെ കുറിച്ച് സി.പി.എം ഓര്‍ത്തത്? നമ്മള്‍ ഇടക്ക് വേര്‍പിരിഞ്ഞെങ്കിലും നമ്മള്‍ വലിയ കൂട്ടുകാരായിരുന്നെന്ന ഒരു പ്രണയിനിയുടെ പ്രണയാര്‍ദ്രമായ അപേക്ഷ പോലെ ഇപ്പോള്‍ സഹായിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും വി.ഡി. സതീശൻ പരിഹസിച്ചു.

ഇന്ന് മലക്കം മറിയാന്‍ നടത്തുന്ന ശ്രമത്തിനിടയില്‍ ഗോവിന്ദനും നിലമ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയും പറഞ്ഞത്, അത് ശരിയാണെന്നും അടിയന്തരാവസ്ഥ കാലത്ത് മാത്രം ഉണ്ടായിട്ടുള്ള കൂട്ടുകെട്ടാണെന്നുമാണ്. ജനസംഘവുമായി പോലുമല്ല ജനതാപാര്‍ട്ടിയുമായുള്ള കൂട്ടുകെട്ടാണെന്നാണ് പറയുന്നത്. 1975ന് മുമ്പ് 67ല്‍ സി.പി.എമ്മിന് ജനസംഘവുമായി കൂട്ടുകെട്ടുണ്ടായിരുന്നു. 1975ലെ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് കമ്യൂണിസ്റ്റ് മാര്‍ക്‌സിറ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായിരുന്ന സുന്ദരയ്യ രാജിവെച്ചത്. സുന്ദരയ്യയുടെ രാജിക്കത്ത് പാര്‍ട്ടി പൂഴ്ത്തിവെക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷമാണ് കത്ത് പുറത്തുവന്നത്.

സാമ്രാജ്യത്വ മനോഭാവമുള്ള പാരമിലിട്ടറി ഫാഷിസ്റ്റുകളായ ആര്‍.എസ്.എസുമായി എന്റെ പാര്‍ട്ടി കൂട്ട് കൂടുന്നത് ജനാധിപത്യത്തിന്റെ അന്ത്യത്തിനും ഇടതുപക്ഷ പാര്‍ട്ടികളുടെ അവസാനത്തിനും കാരണമാകുമെന്നും അതിന് കൂട്ടുനില്‍ക്കാനില്ലെന്നുമാണ് സുന്ദരയ്യ രാജിക്കത്തില്‍ എഴുതിയത്. 1980 ഏപ്രില്‍ ആറിനാണ് ഇന്നത്തെ ബി.ജെ.പി ഉണ്ടായത്. വാജ്‌പേയ്, രാമറാവു, എല്‍.കെ. അദ്വാനി, വി.പി. സിങ് എന്നിവര്‍ക്കൊപ്പം ഇ.എം.എസും ജ്യോതിബസുവുമുള്ള ഒരു ഫോട്ടോ 1989 ജൂലൈയില്‍ എടുത്തിട്ടുണ്ട്. 89ൽ ഇവര്‍ ഒന്നിച്ചായിരുന്നു. 89ല്‍ ജനതാപാര്‍ട്ടിയല്ല. രാജീവ് ഗാന്ധിയെ പരാജയപ്പെടുത്താനാണ് 89 ല്‍ അദ്വാനിയും വാജ്‌പേയിയും ജ്യോതിബസുവും ഇ.എം.എസും കൂട്ടുകൂടിയത്.

ഹിന്ദുത്വ അജണ്ടക്ക് കൊടിപിടിക്കുന്ന ടി.എന്‍. ചതുര്‍വേദിയെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ബോഫോഴ്‌സുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൂട്ടുകെട്ടെന്നാണ് സി.പി.എം പറയുന്നത്. എന്നാല്‍, ഇപ്പോള്‍ കേരളത്തില്‍ സി.എ.ജി റിപ്പോര്‍ട്ടുകള്‍ സി.പി.എം കീറിക്കളയുകയാണ്. 89ല്‍ അക്കാലത്ത് മോഹിദ് സെന്‍ ബ്ലിറ്റ്‌സ് വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രവചനാത്മകമായി ഒരു കാര്യം പറയുന്നുണ്ട്; സാമ്രാജ്യത്വ വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടി കോണ്‍ഗ്രസിനെയും രാജീവ് ഗാന്ധിയെയും നിങ്ങള്‍ പരാജയപ്പെടുത്തിയാല്‍ ഇത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അന്ത്യം കുറിക്കും.

അന്ന് തളര്‍ന്നു വീണതിനു ശേഷം രണ്ടു കാലില്‍ നില്‍ക്കാന്‍ ഇന്ത്യയിലെ രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും കഴിഞ്ഞിട്ടില്ല. 33 വര്‍ഷം ഭരിച്ച ബംഗാളില്‍ വരെ തകര്‍ന്നു തരിപ്പണമായിപ്പോയി. 2015ല്‍ സി.കെ. ചന്ദ്രപ്പന്‍ മെയിന്‍ സ്ട്രീം വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സി.പി.എം മുങ്ങാന്‍ പോകുകയാണെന്നും സി.പി.ഐയും അതിനൊപ്പം മുങ്ങുകയാണെന്നും പറഞ്ഞിട്ടുണ്ട്. ഏത് ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ 67ലും 75ലും ഇപ്പോഴും ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും സി.പി.എം കൂട്ടുകൂടുകയാണ്.

എം.വി. ഗോവിന്ദന്‍ വെറുതെ ഒരു പ്രസ്താവന ഇറക്കില്ല. ഇക്കാര്യം പിണറായി വിജയനും പല തവണ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ആര്‍.എസ്.എസിന്റെ വോട്ട് കിട്ടിയിട്ടുണ്ടെന്ന് പിണറായി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് എന്തുകൊണ്ടാണ് പഴ സൗഹൃത്തെ കുറിച്ച് സി.പി.എം ഓര്‍ത്തത്? നമ്മള്‍ ഇടക്ക് വേര്‍പിരിഞ്ഞെങ്കിലും നമ്മള്‍ വലിയ കൂട്ടുകാരായിരുന്നെന്ന ഒരു പ്രണയിനിയുടെ പ്രണയാര്‍ദ്രമായ അപേക്ഷ പോലെ ഇപ്പോള്‍ സഹായിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സഹായത്തിന് വേണ്ടിയുള്ള പ്രണയാര്‍ദ്രമായ ഓര്‍മപ്പെടുത്തലാണ് ഇപ്പോള്‍ എം.വി. ഗോവിന്ദന്‍ നടത്തിയിരിക്കുന്നത്. ഇവരുടെ കൂട്ടുകെട്ടിനെ യു.ഡി.എഫ് പരാജയപ്പെടുത്തും.

ഇപ്പോഴും സി.പി.എം ബി.ജെ.പി ബാന്ധവമുണ്ട്. ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും ബി.ജെ.പി തയാറായില്ല. ആ വോട്ട് കിട്ടാനാണ് സി.പി.എം ശ്രമിക്കുന്നത്. എല്ലാ വീടുകളിലും പോയി സി.പി.എം പച്ചക്ക് വര്‍ഗീയത പറയുകയാണ്. ഗോവിന്ദന്‍ തന്നെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ പലതവണ വിജയിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടാണ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയത്. എന്നിട്ടാണ് ദേശാഭിമാനിയും വായിച്ചിട്ട് ജമാഅത്തെ ഇസ്ലാമിയെ യു.ഡി.എഫ് അസോസിയേറ്റ് മെമ്പര്‍ ആക്കിയെന്ന് ഗോവിന്ദന്‍ പറഞ്ഞത്. ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ ചേര്‍ന്നല്ല യു.ഡി.എഫിലെ ഘടകകക്ഷികളെ എടുക്കുന്നത്. യു.ഡി.എഫില്‍ ഒരു അസോസിയേറ്റ് അംഗങ്ങളുമില്ല.

ജനാതാ പാര്‍ട്ടിയുമായാണ് കൂട്ടുകൂടിയതെന്നാണ് നിലമ്പൂരിലെ സ്ഥാനാര്‍ഥി ഉള്‍പ്പെടെ പറഞ്ഞത്. അതിന് മറുപടി പറയണം. ബി.ജെ.പി ഉണ്ടായതിന് ശേഷം ബി.ജെ.പിയുമായാണ് സി.പി.എം കൂട്ടുകൂടിയത്. എന്നിട്ടും എന്തിനാണ് ജനതാ പാര്‍ട്ടി എന്ന് പറയുന്നത്. തീവ്രവാദിയായ മദനിയെ കേരള പൊലീസ് തമിഴ്‌നാട് പൊലീസിന് പിടിച്ചു കൊടുത്തെന്ന് അവകാശപ്പെട്ടവര്‍ ഇപ്പോള്‍ ഇടതു കയ്യില്‍ പി.ഡി.പിയെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്. വലതു കയ്യില്‍ പേരൂര്‍ക്കടയിലെ സ്വാമിയും. എന്നിട്ടാണ് മതേതരത്വത്തിന് വേണ്ടി നിലകൊള്ളുകയാണെന്ന് പറയുന്നത്. എത്ര കാപട്യമാണ് സി.പി.എമ്മിന്. കേരളത്തിന്റെ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ പരിഹാസ്യപാത്രമായി സി.പി.എം നില്‍ക്കുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഇന്ന് കാണുന്നത്. ഒരു വെപ്രാളവും കാട്ടിയിട്ട് കാര്യമില്ല. നിലമ്പൂരിലെ ജനത ഉജ്വല ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെ തെരഞ്ഞെടുക്കും.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പൗരത്വനിയമത്തെ കുറിച്ചും ഫലസ്തീനെ കുറിച്ചും ചര്‍ച്ച ചെയ്ത് ന്യൂനപക്ഷ പ്രീണനത്തിന് ശ്രമിച്ചു. പക്ഷെ അത് ഓടിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ പ്രീണനമായി. അതിന്റെ ഭാഗമായി ഡല്‍ഹിയിലെ എല്ലാ ദേശീയ മാധ്യമങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ പി.ആര്‍. ഏജന്‍സി നോട്ട് നല്‍കി. അതിലാണ് മലപ്പുറത്ത് കള്ളക്കടത്താണെന്നും ക്രമിനല്‍ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നുമുള്ള സംഘ്പരിവാര്‍ നറേറ്റീവ് നല്‍കിയത്. അതേ വാചകങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി അഭിമുഖത്തിലും പറഞ്ഞത്. മലപ്പുറത്തിനെതിരെ വര്‍ഗീയ രാഘവന്‍ എന്നറിയപ്പെടുന്ന വിജയരാഘവന്‍ നല്‍കിയ ഒരു ഡസനിലധികം പ്രസ്താവനകളുണ്ട്. പ്രിയങ്ക ഗാന്ധി ജയിച്ചത് വര്‍ഗീയവാദികളുടെയും തീവ്രവാദികളുടെയും വോട്ട് കൊണ്ടാണ് ജയിച്ചതെന്നു വരെ പറഞ്ഞു. നിലമ്പൂരില്‍ 95000 വോട്ടാണ് പ്രിയങ്കക്ക് കിട്ടിയത്. 29000 വോട്ട് മാത്രമാണ് സി.പി.എം സ്ഥാനാര്‍ഥിക്ക് കിട്ടിയത്.

ഡല്‍ഹിയില്‍ ഇരിക്കുന്ന ഏമാന്‍മാരെ പ്രീണിപ്പിക്കലാണ് പിണറായിയുടെ പ്രധാന ജോലി. പാലാരിവട്ടം പാലത്തിന് ചെറിയൊരു എന്‍ജിനീയറിങ് പിഴവുണ്ടെന്ന് പറഞ്ഞപ്പോള്‍ മന്ത്രിയെ കേസില്‍ പ്രതിയാക്കി. അന്ന് അങ്ങനെ ചെയ്ത സി.പി.എമ്മിന് വ്യാപകമായി ഹൈവേ തകര്‍ന്നു വീഴുകയും ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടക്കുകയും ചെയ്തിട്ടും ഒരു പരാതിയുമില്ല. പരാതിയില്ലെന്നു മാത്രമല്ല മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഡല്‍ഹിയില്‍ പോയി സമ്മാനപ്പെട്ടിയും പൊന്നാടയും നല്‍കി. 156 സ്ഥലത്ത് വിള്ളല്‍ ഉണ്ടായതിനും ഹൈവേ തകര്‍ന്നു വീണതിനുമാണ് സമ്മാനം നല്‍കിയത്. ഇതൊക്കെ കേട്ടുകേള്‍വിയുണ്ടോ? പഞ്ചവടിപാലമാണ് പലാരിവട്ടം എന്ന് പറഞ്ഞവരാണ് കേന്ദ്രമന്ത്രിയെ പ്രീണിപ്പിക്കുന്നത്. ബി.ജെ.പിയുമായുള്ള ബാന്ധവത്തിന്റെ ഇടനിലക്കാരനാണ് നിതിന്‍ ഗഡ്ക്കരി. അതുകൊണ്ടാണ് സന്തോഷിപ്പിക്കുന്നത്.

രാജ്ഭവനില്‍ ആര്‍.എസ്.എസ് നേതാവിനെ കൊണ്ടു വന്ന് മുൻ പ്രധാനമന്ത്രിമാര്‍ക്കെതിരെ പ്രസംഗിപ്പിച്ചതിലും മുഖ്യമന്ത്രിക്ക് ഒരു പരാതിയുമില്ല. പിന്നീടാണ് മന്ത്രി പി. പ്രസാദുമായി ബന്ധപ്പെട്ട വിഷയമുണ്ടാകുന്നത്. രാഷ്ട്രീയ-മത പ്രചരണങ്ങള്‍ക്ക് രാജ്ഭവനെ ഉപയോഗിക്കുന്നതില്‍ മുഖ്യമന്ത്രി പ്രതിഷേധം അറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും മിണ്ടിയില്ല. നിര്‍മല സീതാരമനുമായി മുഖ്യമന്ത്രി നടത്തിയ പുട്ടുംകടലയും ചര്‍ച്ചയിലും ഇതേ ഗവര്‍ണറുണ്ട്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്‌തോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. അങ്ങനെയെങ്കില്‍ എന്തു ചര്‍ച്ചയാണ് നിര്‍മല സീതാരാമനുമായുള്ള പുട്ടുംകടലയും ചര്‍ച്ച? ആ ചര്‍ച്ചയുടെ ഇടനിലക്കാരനായിരുന്നു ഗവര്‍ണര്‍. ഇവര്‍ തമ്മില്‍ ഭയങ്കര സ്‌നേഹമാണ്. എന്ത് ചെയ്താലും മിണ്ടില്ല. ഡല്‍ഹിയിലെ ഏമാന്‍മാരെ ഭയന്നാണ് കേരളത്തിലെ മുഖ്യമന്ത്രി ഇരിക്കുന്നത്. കാര്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം.

നിലമ്പൂരിലെ സി.പി.എം- ബി.ജെ.പി ബാന്ധവത്തില്‍ ഞങ്ങള്‍ക്ക് ഒരു ഭയവുമില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചിട്ടുണ്ട്. അതു തന്നെയാണ് ഇപ്പോഴും സംഭവിച്ചത്. അന്നില്ലാത്ത വിവാദം എന്തിനാണ് ഇപ്പോഴുണ്ടാക്കുന്നത്. സി.പി.എം ഇസ്ലാമോഫോബിയ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പേര് ഉപയോഗിക്കുകയാണ്. സി.പി.എമ്മിന് ഭൂരിപക്ഷത്തോടും ന്യൂനപക്ഷത്തോടും ഒരു സ്‌നേഹവുമില്ല. തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തട്ടിപ്പാണ് കാണിക്കുന്നത്.

ജമാഅത്തെ ഇസ്ലാമി പിന്തുണ നല്‍കിയ കാലത്ത് മുഖ്യമന്ത്രി അഭിമാനത്തോടെയാണ് അതേക്കുറിച്ച് പറഞ്ഞത്. അഭിമാനകരം ആവേശകരം എന്നാണ് ദേശാഭിമാനി മുഖപ്രസംഗം എഴുതിയത്. ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയത് വെല്‍ഫെയര്‍ പാര്‍ട്ടിയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ഉണ്ടാകുന്നതിന് മുന്‍പ് ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് പോയി പിന്തുണ വാങ്ങിയ ആളുകളാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. എന്തൊരു അവസരവാദമാണിത്. സി.പി.എമ്മിനൊപ്പം മതേതരവാദി. ഞങ്ങള്‍ക്കൊപ്പം വന്നാല്‍ വര്‍ഗീയവാദി. ഇപ്പോള്‍ പി.ഡി.പിക്കും സ്വാമിക്കും ഒരു കുഴപ്പവുമില്ല. അവരൊക്കെ മതേതര വാദികളാണോ? -വി.ഡി. സതീശൻ ചോദിച്ചു.

അർധ ഫാഷിസത്തിന്റെ രീതിയിൽ അടിയന്തരാവസ്ഥ വന്നപ്പോൾ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വർഗീയവാദികളായ ആർ.എസ്.എസുമായും ചേർന്നിട്ടുണ്ടെന്നും വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വെളിപ്പെടുത്തിയത്.

'അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ധ ഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു'- എന്നായിരുന്നു എം.വി ഗോവിന്ദന്‍റെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VD SatheesanM.V. GovindanNilambur By Election 2025CPM RSS Relation
News Summary - VD Satheesan react to CPM- RSS Relation Controversy
Next Story