‘സ്വന്തം പാര്‍ട്ടിക്കാരന്‍ എതിരാളികളെ കൊല്ലാന്‍ ബോംബ് ഉണ്ടാക്കുന്നതിന് മുഖ്യമന്ത്രിയുടെ പൊലീസ് കൂട്ടുനില്‍ക്കുന്നു’
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാട്ടില്‍ സ്വന്തം പാര്‍ട്ടിക്കാരന്‍ എതിരാളികളെ കൊല്ലാന്‍ ബോംബ് ഉണ്ടാക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പൊലീസ് അതിന് കൂട്ടുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പടക്കമാണെന്ന് വരുത്തി തീര്‍ത്ത് പൊലീസിനെ പരിഹാസ്യമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സംസ്ഥാത്ത് ഉടനീളെ വ്യാപക അതിക്രമമാണ് സി.പി.എം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ പയ്യന്നൂരിലും പാനൂരിലും കൈബോംബുകളും വടിവാളുകളുമായി സി.പി.എം അക്രമി സംഘം അഴിഞ്ഞാടുകയാണ്. പലയിടത്തും പൊലീസ് നോക്കി നില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ ബോംബ് ഉപയോഗിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് ഒരു സി.പി.എമ്മുകാരന്റെ കൈപ്പത്തി ഇല്ലാതായി. എന്നിട്ട് പൊലീസ് പറയുന്നത്, പടക്കം പൊട്ടിത്തെറിച്ചെന്നാണ്.
പൊലീസ് ഇങ്ങനെ അപഹാസ്യമാകരുത്. മുഖ്യമന്ത്രിയുടെ സ്വന്തം പാര്‍ട്ടിക്കാരന്‍ എതിരാളികളെ കൊല്ലാന്‍ ബോംബ് നിര്‍മ്മിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പൊലീസ് അതിന് കൂട്ടുനില്‍ക്കുകയാണ്. നിങ്ങള്‍ ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിക്കുമ്പോള്‍ നിങ്ങളുടെ ഗ്രാമത്തില്‍, കൈബോംബ് ഉണ്ടാക്കി എതിരാളികളെ കൊല്ലാന്‍ കുടപിടിച്ചു കൊടുക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ല. എന്നിട്ടാണ് സ്വന്തം പൊലീസിനെ ഉപയോഗിച്ച് ബേംബല്ല, പടക്കമാണെന്ന് വരുത്തി തീര്‍ത്ത് പൊലീസിനെ പരിഹാസ്യമാക്കുന്നത്. ഇത് അവസാനിപ്പിക്കണം.
ആയുധം താഴെ വച്ചേ മതിയാകൂ. ഈ ക്രിമിനലുകളെ പൊലീസിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണം. ബോംബ് ഉണ്ടാക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പരസ്യമായാണ് വടിവാളുകളുമായി ആളുകളെ ആക്രമിക്കുന്നതും വെല്ലുവിളിക്കുന്നതും. ഈ അക്രമികള്‍ മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകള്‍ തകര്‍ക്കുകയാണ്. എത്ര ഹീനമായാണ് സി.പി.എം തിരഞ്ഞെടുപ്പ് തോല്‍വിയിലുള്ള പ്രതികാരം ചെയ്യുന്നത്. ഇതിനെല്ലാം കേരളത്തിലെ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കും. ഞങ്ങളുടെ പ്രവര്‍ത്തകരെ ഈ ക്രിമിനലുകള്‍ക്ക് വിട്ടുകൊടുക്കില്ല. അവരെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. ക്രിമിനലുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണം. അവരോട് ആയുധം താഴെ വയ്ക്കാന്‍ പറയണം. ഇല്ലെങ്കില്‍ മറ്റു നടപടികളുമായി മുന്നോട്ട് പോകും.
കടകംപള്ളി സുരേന്ദ്രന്‍ എന്തിനാണ് വെല്ലുവിളിക്കുന്നത്. അദ്ദേഹം കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ടല്ലോ. തെളിവുകള്‍ കോടതില്‍ ഹാജരാക്കും. അതിന് വെല്ലുവിളിക്കുന്നത് എന്തിനാണ്? കോടതിയില്‍ ഹാജരാക്കണമെന്ന് പറഞ്ഞ് ആരെങ്കിലും വെല്ലുവിളിക്കുമോ. ഹാജരാക്കും എന്നതു കൊണ്ടാണ് നോട്ടീസ് അയച്ചപ്പോള്‍ അതിന് മറുപടി നല്‍കിയത്. രണ്ട് കോടിയുടെ മനനഷ്ടമുണ്ടായെന്നു പറഞ്ഞാണ് നോട്ടീസ് അയച്ചത്. കേസ് കൊടുത്തപ്പോള്‍ രണ്ടു കോടിയുടെ മാനം എങ്ങനെയാണ് പത്ത് ലക്ഷമായി കുറഞ്ഞത്? ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റെന്ന് കോടതിയാണ് പറഞ്ഞത്.
അപ്പോള്‍ ആര്‍ക്കാണ് കൊടുത്തതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഇങ്ങനെ ഒരു കച്ചവടം നടന്നത് അന്നുണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാമായിരുന്നെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഒര്‍ജിനല്‍ ദ്വാരപാലക ശില്‍പം വിറ്റെന്നാണ് കോടതി പറഞ്ഞത്. അത് ആര്‍ക്കാണ് വിറ്റതെന്നാണ് അദ്ദേഹത്തോട് ചോദിച്ചത്. സി.പി.എം നിയോഗിച്ച ആളുകള്‍ ചെയ്തത് കടകംപള്ളി സുരേന്ദ്രന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഉണ്ണികൃഷ്ണന്‍ പോറ്റിയെ അവരുടെ അടുത്തേക്ക് വിട്ടതും കടകംപള്ളി സുരേന്ദ്രനാണ്. അതിന്റെ തെളിവുകളൊക്കെ കോടതിയില്‍ ഹാജരാക്കിക്കൊള്ളാമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

