ബി.എൽ.ഒമാർ നേരിടുന്നത് അമിത ജോലി ഭാരമെന്ന് വി.ഡി. സതീശന്‍; ‘അനീഷ് ജോർജിന്‍റെ ആത്മഹത്യ ഗൗരവമായി അന്വേഷിക്കണം’
text_fieldsവി.ഡി. സതീശൻ
കോഴിക്കോട്: കണ്ണൂരിൽ ബി.എൽ.ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവം ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബി.എൽ.ഒമാർ നേരിടുന്നത് അമിതമായ ജോലി ഭാരമാണ്. തെരഞ്ഞെടുപ്പ് കമീഷനും സർക്കാരും ഇക്കാര്യം കൃത്യമായി അന്വേഷിച്ച് മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ബി.എൽ.ഒമാർക്ക് അമിതമായ ജോലി ഭാരമുണ്ടോ എന്ന് സർക്കാർ പരിശോധിക്കണം. എസ്.ഐ.ആർ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ചതാണ്. നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ വലിയ പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ കൃത്യമായി അന്വേഷണം നടത്തണം. മുകളിൽ നിന്നുള്ള കടുത്ത സമ്മർദത്തിലാണ് പല ബി.എൽ.ഒമാരും ജോലി ചെയ്യുന്നതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
കമീഷൻ എടുക്കുന്നത് ഏകാധിപത്യ സമീപനമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
കമീഷൻ എടുക്കുന്നത് ഏകാധിപത്യ സമീപനമാണെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ എല്ലാം എതിർത്തിട്ടും കമീഷൻ കേട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇനിയും അനീഷുമാരെ കൊലക്കുകൊടുക്കരുത് -ബിനോയ് വിശ്വം
അനീഷ് ജോർജുമാരെപ്പോലുള്ള ജീവനക്കാരെ ഇനിയും കൊലക്കുകൊടുക്കാതെ കേരളത്തിലെ എസ്.ഐ.ആർ പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് കടുംപിടിത്തം വെടിയാനും രാഷ്ട്രീയപാർട്ടികൾ ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കാനുമുള്ള വിവേകം കാട്ടണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചെന്നും ബിനോയ് വിശ്വം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

