‘ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം അതിരൂക്ഷം, സി.പി.ഐയേക്കാൾ സി.പി.എമ്മിന് പ്രധാനം ബി.ജെ.പി’; ഭരണപക്ഷത്ത് വൻ കലഹമെന്ന് സതീശൻ
text_fieldsവി. ശിവൻ കുട്ടി, വി.ഡി. സതീശൻ, ബിനോയ് വിശ്വം
കൊച്ചി: പി.എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടതിനെ ന്യായീകരിച്ച മന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശത്തോടും ഇതിനെതിരായ ബിനോയ് വിശ്വത്തിന്‍റെ രൂക്ഷ വിമർശനത്തോടും പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭരണപക്ഷത്ത് എത്ര വലിയ കലഹം നിലനിൽക്കുന്നു എന്നതിന്‍റെ തെളിവാണ് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണമെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷത്തേക്കാൾ രൂക്ഷമായാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ബി.ജെ.പിയെയും സംഘ്പരിവാറിനെയും സന്തോഷിപ്പിക്കാനാണ് പിണറായി സർക്കാർ ഈ തീരുമാനം എടുത്തതെന്നാണ് സർക്കാറിലെ പ്രധാന ഘടകകക്ഷിയുടെ നേതാവ് പറയുന്നതെന്നും സതീശൻ വ്യക്തമാക്കി.
ഘടകകക്ഷികളെ ഇരുട്ടിലാക്കിയെന്നും ബിനോയ് വിശ്വം പറയുന്നു. സി.പി.ഐയുടെ നാല് മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ എതിർത്തു. അവർക്ക് ഒരു വിലയുമില്ല. അവരുടെ അഭിപ്രായത്തിന് വിലയില്ല. പാർട്ടി എന്ന നിലയിൽ സി.പി.ഐക്കും ഒരു വിലയുമില്ല. സി.പി.എമ്മിന് ബി.ജെ.പിയാണ് സി.പി.ഐയെക്കാൾ വലുതെന്ന് താൻ രാവിലെ പറഞ്ഞതാണ് വൈകുന്നേരം സി.പി.ഐ സംസ്ഥാന സെക്രട്ടറിയും പറഞ്ഞത്.
എൻ.ഇ.പിയെ അംഗീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറയന്നു. സി.പി.എം കേന്ദ്ര നേതൃത്വം എൻ.ഇ.പി അംഗീകരിച്ചിട്ടുണ്ടോ? ബി.ജെ.പിയുടെ അതേ നയമാണോ കേരള സർക്കാറിനും പാർട്ടിക്കും ഉള്ളത്? സി.പി.എം എന്ന് നയം മാറ്റി? അത് തുറന്നു പറയണം. എം.എ. ബേബിയെ പോലും കേരള സർക്കാർ അംഗീകരിക്കുന്നില്ല.
എല്ലാവരും ഇരുട്ടിലാണ്. എവിടെയാണ് തീരുമാനം എടുക്കുന്നത്? നിഥിൻ ഗഡ്കരിയുടെ വീട്ടിൽ വച്ചാണോ? നരേന്ദ്ര മോദിയെ കാണുമ്പോഴാണോ? അതോ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നതാണോ? -വി.ഡി. സതീശൻ ചോദിച്ചു.
പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. സി.പി.ഐയെ ഇരുട്ടിൽനിർത്തി തീരുമാനമെടുക്കാനാവില്ല. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാനുള്ള തീരുമാനം മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയാണ്. ഇത് ഒരു കമ്യൂണിസ്റ്റ് രീതിയല്ല. ജനാധിപത്യത്തിന്റെ വഴിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പി.എം ശ്രീയിൽ ഒപ്പിട്ട കരാറിലെ വിശദാംശങ്ങൾ ആർക്കുമറിയില്ല. മാധ്യമങ്ങൾ പുറത്തുവിട്ട കാര്യങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ പുറത്ത് വന്നത്. ഇക്കാര്യത്തിൽ എൽ.ഡി.എഫ് കൺവീനർക്കും ഘടകകക്ഷികൾക്കും കത്തയച്ചിട്ടുണ്ട്. പി.എം ശ്രീയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നപ്പോൾ തന്നെ അതിനെ എതിർത്തിരുന്നു.
ആദ്യം വൈകാരികമായി പ്രതികരിച്ച വിദ്യാഭ്യാസമന്ത്രി പിന്നീട് ഇടത് നിലപാടിലേക്ക് എത്തി. സി.പി.ഐയുടെ മന്ത്രിമാർക്ക് പോലും പി.എം ശ്രീ കരാറിനെ കുറിച്ചറിയില്ല. സർക്കാറിന് കാര്യം ബോധ്യപ്പെട്ടേ തീരു. ഇക്കാര്യം സി.പി.ഐ എക്സിക്യൂട്ടീവ് ചർച്ച ചെയ്യുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയത്തിൽ ആർ.എസ്.എസ് പദ്ധതിയുണ്ടെന്നും അതിനെ ലോകാവസാനം വരെ കമ്യൂണിസ്റ്റുകാർ എതിർക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സർക്കാർ തിരുത്താതെ പി.എം ശ്രീയുമായി മുന്നോട്ടു പോയാൽ അപ്പോൾ നോക്കാം. തെറ്റ് തെറ്റ് തന്നെയാണെന്നും 27-ാം തീയതിയിലെ സംസ്ഥാന നിർവാഹക സമിതിക്ക് ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

