Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല...

ശബരിമല സ്വർണക്കൊള്ളയുടെ തുടർച്ചയാണ് ആഗോള അയ്യപ്പ സംഗമം; കണക്കുകളിൽ കൈകഴുകി രക്ഷപ്പെടാനാണ് ശ്രമം -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

മലപ്പുറം: ആ​ഗോ​ള​ അ​യ്യ​പ്പ സം​ഗ​മവുമായി ബന്ധപ്പെട്ട​ ക​ണ​ക്ക് വിവാദത്തിൽ സംസ്ഥാന സർക്കാറിനെയും ദേവസ്വം മന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പ സംഗമ കണക്കുകളിൽ കൈകഴുകി രക്ഷപ്പെടാനാണ് മന്ത്രി വാസവൻ ശ്രമിക്കുന്നതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. യു.ഡി.എഫ് പുതുയുഗ യാത്രയോട് അനുബന്ധിച്ച് മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

ശബരിമലയിലെ സ്വർണക്കൊള്ളയുടെ തുടർച്ച പോലെയാണ് ഹൈകോടതി നിരീക്ഷണത്തിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിലും ഉണ്ടായത്. മുഖ്യമന്ത്രിയുടെ പടം വെച്ച് കേരളം മുഴുവൻ ഫ്ലക്സ് ബോർഡ് അടിച്ച്, പി.ആർ വർക്ക് നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിച്ച ആളുകളെ ഇപ്പോൾ കാണാനില്ല. കട്ടവനെ കാണാനില്ല. ആർക്കും പങ്കില്ലെന്നാണ് പറയുന്നത്. പിന്നെ ആരാണ് അയ്യപ്പ സംഗമം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു.

അയ്യപ്പ ഭക്തർക്ക് വേണ്ടി നടത്തിയ പരിപാടി എന്നാണ് പറഞ്ഞത്. സർക്കാർ പിന്തുണയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈ വിവാദത്തിൽ സർക്കാറിന് ഉത്തരവാദിത്തമുണ്ട്. മാരുതി കാറിൽ കുതിരയെ കൊണ്ട് വന്നു എന്ന് കണക്ക് എഴുതിയ പോലെയായി അയ്യപ്പ സംഗമത്തിലെ കണക്കുകൾ. വാർത്ത കുറിപ്പ് ഇറക്കാതെ ആദ്യം കൃത്യമായ കണക്ക് കാണിക്കട്ടെ ദേവസ്വം ബോർഡ്‌. രാഷ്ട്രീയ മുതലെടുപ്പിന് പരിപാടി നടത്തിയാൽ ഇങ്ങനെ ഇരിക്കും. സർക്കാറിന് ഇതിൽ കൈ കഴുകി രക്ഷപ്പെടാൻ ആകില്ല.

അയ്യപ്പ സംഗമവുമായി ബന്ധ​പ്പെട്ട് പാർട്ടിക്ക് ഉത്തരവാദിത്തമി​ല്ലെന്ന് പറഞ്ഞ എം.വി. ഗോവിന്ദൻ ഇപ്പോൾ മറ്റൊരു ന്യായികരണം ആയി വന്നിരിക്കുന്നു. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടു പുറത്തുവന്നത് എസ്റ്റിമേറ്റ് മാത്രമാണെന്ന് ഗോവിന്ദന് എങ്ങനെ അറിയാമെന്നും വി.ഡി. സതീശൻ ചോദിച്ചു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതേസമയം, ആ​ഗോ​ള​ അ​യ്യ​പ്പ സം​ഗ​മവുമായി ബന്ധപ്പെട്ട​ ക​ണ​ക്ക് വിവാദത്തിൽ സംസ്ഥാന സർക്കാറിനെയും ദേവസ്വം മന്ത്രിയെയും രൂക്ഷമായാണ് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വിമർശിച്ചത്. ശബരിമല്ലയിൽ വിഗ്രഹം മാത്രമാണ് ബാക്കിയുള്ളതെന്നും വിഗ്രഹം സ്വർണത്തിൽ നിർമിക്കാത്തതിനാൽ അത് എടുത്തു കൊണ്ട് പോയില്ലെന്നും മുരളീധരൻ പറഞ്ഞു. അയ്യപ്പ സംഗമത്തോടെ ദേവസ്വം ബോർഡിന്‍റെ കാശും കൊണ്ടു പോയെന്നും അദ്ദേഹം ആരോപിച്ചു.

നാലിയരം പേര് പങ്കെടുത്ത സംഗമത്തിൽ അയ്യായിരം പേർ ഭക്ഷണം കഴിച്ചെന്നാണ് പറയുന്നത്. അഞ്ച് പേരുടെ ഭക്ഷണം ഒരാൾ കഴിച്ചോ എന്നും മുരളീധരൻ ചോദിച്ചു. അത്രയും വലിയ ഭീമന്മാർ സംഗമത്തിൽ പങ്കെടുത്തോ?. സംഗമത്തിൽ നടന്നത് കൊള്ളയാണ്. വീരപ്പൻ ഇവരെ കണ്ടാൽ സാഷ്ടാംഗം നമസ്കരിക്കും. വീരപ്പനെ പോലും തോൽപിച്ചു. വീരപ്പൻ ജീവിക്കാൻ വേണ്ടിയാണ് കൊള്ള നടത്തിയത്. ഇത് ഭരിക്കാൻ ഏൽപിച്ചിട്ട് കൊള്ള നടത്തുകയാണെന്നും കെ. മുരളീധരൻ പറഞ്ഞു.

അയ്യപ്പ സംഗമത്തിൽ കച്ചേരി നടത്താൻ ആരെയും ക്ഷണിച്ചിട്ടുമില്ല, ആരും കച്ചേരി നടത്താൻ വന്നതുമില്ല. എട്ട് ലക്ഷത്തിന്‍റെ ബിൽ തയാറാക്കി. രണ്ട് ലക്ഷം കൊടുത്ത് വേറെ ആളെ കൊണ്ട് കച്ചേരി നടത്തി. വാസവന് കച്ചേരി എന്താ ഗാനമേള എന്താണെന്ന് അറിയാത്തത് കൊണ്ടാണ് ഒന്നും മനസിലായില്ലെന്ന് അദ്ദേഹം പറഞ്ഞത്.

ആകെ നാലുകോടിയേ ചെലവായുള്ളൂവെന്നും അത് സ്പോൺസർഷിപ്പ് ആണെന്നുമാണ് മുൻ ദേവസ്വം പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞത്. 3.40 കോടി രൂപയുടെ നഷ്ടം ദേവസ്വം ബോർഡിന് ഉണ്ടായെന്നാണ് ഹൈകോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. അയ്യപ്പ സംഗമത്തിന് കാൽകാശ് ദേവസ്വം ബോർഡോ സർക്കാരോ എടുക്കാൻ പാടില്ലെന്നാണ് ഹൈകോടതി നിർദേശിച്ചിട്ടുള്ളത്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് കാശ് എടുത്തത്.

അയ്യപ്പ സംഗമത്തിൽ കിടന്ന് ഉറങ്ങാനാണോ 500 കട്ടിൽ എത്തിച്ചത്. സ്റ്റേജ് കെട്ടുന്നതിന് പകരം കട്ടിലാണോ ഇടുന്നത്. മുഖ്യമന്ത്രിക്ക് സംഗമത്തിലേക്ക് വരാൻ ഇത്ര ലക്ഷം. മുഖ്യമന്ത്രിയുടെ യാത്രക്ക് സംസ്ഥാന സർക്കാരാണ് പണം ചെലവഴിക്കുന്നത്. സംഗമത്തിൽ പങ്കെടുക്കാൻ വരുന്നവർക്ക് പഞ്ച നക്ഷത്ര ഹോട്ടലുകളിൽ ലക്ഷം മുടക്കി താമസസൗകര്യം. ഹോട്ടൽ ബുക്ക് ചെയ്തത് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ.

സംഗമം നടത്തിയത് സംസ്ഥാന സർക്കാർ അല്ലെന്ന് പറയുമ്പോൾ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ എന്ത് അടിസ്ഥാനത്തിലാണ് മുറി ബുക്ക് ചെയ്തത്. നഗ്നമായ ലംഘനം നടന്നിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉളുപ്പിലാതെ നടക്കുന്നത്. സംഭവത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവെക്കണം. നിയമസഭയിൽ തെറ്റായ കണക്ക് പറഞ്ഞ ദേവസ്വം മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാൻ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ടെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K MuraleedharanAyyappa sangamamSabarimalaVD SatheesanLatest News
News Summary - VD satheesan react to Ayyappa Sangamam Audit Controversy
Next Story