പച്ചക്ക് വർഗീയത പറഞ്ഞവർക്കെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് പൊലീസ് -വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വഷളാക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുമ്പോള്‍ വിഷയം നീണ്ടുപോകട്ടെയെന്ന ആഗ്രഹത്തിലാണ് സര്‍ക്കാറും സി.പി.എമ്മുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. വിവാദങ്ങള്‍ അടഞ്ഞ അധ്യായമെന്ന് പാലാ ബിഷപ്പിനെ കണ്ടശേഷം മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞിട്ടും വാസവന്‍ അടച്ച അധ്യായം മുഖ്യമന്ത്രി തുറക്കുകയായിരുന്നു. അതില്‍ സി.പി.എമ്മിനും സര്‍ക്കാറിനും കള്ളക്കളിയുണ്ട്.
സമുദായ നേതാക്കളുടെ യോഗം വിളിച്ച് ഒരു മേശക്ക് ചുറ്റുമിരുത്തി ഒറ്റദിവസം കൊണ്ട് പ്രശ്‌നം അവസാനിപ്പിക്കാമായിരുന്നിട്ടും സര്‍ക്കാര്‍ അതു ചെയ്യുന്നില്ല. വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാതെ മുഖ്യമന്ത്രി അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രതിപക്ഷത്തിേൻറത്. മതസൗഹാർദം തകർക്കുന്ന പരാമർശം ആര് നടത്തിയാലും ഞങ്ങൾ ചോദ്യംചെയ്യും. ഇക്കാര്യത്തിൽ ഞങ്ങൾക്ക് അഭിപ്രായം മാറ്റേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പത്ത് ദിവസം മുമ്പ് നടത്തിയ പ്രസ്താവന മുഖ്യമന്ത്രിക്ക് ആവര്‍ത്തിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. പ്രസ്താവന നടത്താനല്ല പ്രവര്‍ത്തിക്കാനാണ് മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനുള്ള അന്തരീക്ഷം പ്രതിപക്ഷം ഉണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാറിന് വേണമെങ്കില്‍ ആ സാഹചര്യം പ്രയോജനപ്പെടുത്താം.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വർഗീയ പ്രചാരണം സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടും ഒരാൾപോലും അറസ്റ്റിലായിട്ടില്ല. ഇത്തരക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിക്ഷം നല്‍കിയ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

