ഡി.വൈ.എഫ്.ഐ പൊതിച്ചോറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി: ‘ബാക്കിയുള്ളവർ കൂടി ഇക്കാര്യം മാതൃകയാക്കട്ടെ; പക്ഷേ, ആശുപത്രി സ്ഥലം കൈയേറരുത്’
text_fieldsതിരുവനന്തപുരം: ആശുപത്രികളിൽ സംഘടനകളുടെ നേതൃത്വത്തിലുള്ള ഭക്ഷണ വിതരണത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി. ഡി.വൈ.എഫ്.ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നയാളാണ് താൻ. ഭക്ഷണം കൊടുക്കുന്നത് നല്ല കാര്യമാണ്. അതിൽ തെറ്റില്ല. ബാക്കിയുള്ളവർ കൂടി ഇക്കാര്യം മാതൃകയാക്കട്ടെ. യുവജന സംഘടന അത് ചെയ്യുന്നത് നല്ല കാര്യമാണ്. പക്ഷേ, ഭക്ഷണം വിതരണം ചെയ്യുമ്പോൾ ആശുപത്രി സ്ഥലം കൈയേറരുത് -മുഖ്യമന്ത്രി പറഞ്ഞു.
‘ആശുപത്രിയിൽ രാഷ്ട്രീയവത്കരണം വേണ്ട. ആരോഗ്യമന്ത്രി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഭക്ഷണം കൊടുക്കുന്നതിലല്ല അതിനായി ആശുപത്രി സ്ഥലങ്ങൾ കയ്യേറുന്നതാണ് പ്രശ്നം. നെയ്യാറ്റിൻകരയിൽ ആറ് വർഷമായി കോൺഗ്രസ് പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ആശുപത്രിക്ക് പുറത്താണിത്. കഴിഞ്ഞ സർക്കാർ ആശുപത്രിയുടെ അകത്തേക്ക് കയറ്റിയിട്ടില്ല. താൻ വിളിച്ച് സംസാരിച്ചിട്ടൊന്നും മാറ്റമുണ്ടായിട്ടില്ല’ -അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡിൽ അമുസ്ലിം നിയമനം: പിണറായി വർഗീയ പ്രചാരണം നടത്തുന്നു -മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിക്കാമെന്ന് ബോർഡ് പുനഃസംഘടിപ്പിച്ച പിണറായി സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
വഖഫ് ബോർഡിനെതിരായ ഹരജികൾ തള്ളണമെന്ന് ഹൈകോടതിയിൽ സർക്കാർ ആവശ്യപ്പെട്ടിട്ടും മുസ്ലിങ്ങളെ സർക്കാറിനും യു.ഡി.എഫിനും എതിരാക്കാൻ വേണ്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വർഗീയത പരത്തുന്ന പ്രചാരണമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അമുസ്ലിം വിഭാഗത്തിലെ രണ്ട് പ്രതിനിധികളെ പൊതുകാര്യ പ്രസക്തരിൽ നിന്നും ബാർ കൗൺസിലിൽനിന്നും തെരഞ്ഞെടുക്കുമെന്ന് പിണറായി സർക്കാർ ഉത്തരവിൽ പറഞ്ഞതാണ്. എന്നാൽ ബോർഡ് പുനഃസംഘടനക്കെതിരെ നാല് ഹരജികൾ ഹൈകോടതിയിൽ വന്നു. അമുസ്ലിം പ്രതിനിധികളെ നിയമിച്ചില്ല, മുസ്ലിം വിഭാഗങ്ങളിലെ ശിയ/ ബോറ/ അഘാക്കാനി/ പിന്നാക്ക മുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ള നിയമനം നടത്തിയില്ല, നാമനിർദേശം ചെയ്യപ്പെട്ടവരിൽ യോഗ്യരല്ലാത്തവർ ഉണ്ട്, വഖഫ് നിയമത്തിലെ 14ാം വകുപ്പ് പ്രകാരമുള്ള നാമനിർദേശമല്ല നടന്നത് എന്നിങ്ങനെയായിരുന്നു വന്ന ഹരജികൾ. ഇതെല്ലാം പരിശോധിച്ച് വഖഫ് ബോർഡ് രൂപവത്കരിക്കാം എന്നും ഹരജികൾ തള്ളണമെന്നുമാണ് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ ആവശ്യപ്പെട്ടത്.
എന്നാൽ ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ പോയ വഖഫ് ബോർഡ് പറഞ്ഞത്, വകുപ്പ് 14 പ്രകാരം അമുസ്ലിം അംഗങ്ങളെ നിയമിക്കാമെന്നും ബോർഡ് രൂപവത്കരിച്ചുള്ള ഉത്തരവിലെ വാഗ്ദാന പ്രകാരം ചെയ്യാമെന്നുമാണ്. സംസ്ഥാന സർക്കാർ ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ടിട്ടും ഹൈകോടതി തള്ളിയില്ലെന്നും വഖഫ് ബോർഡ് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അമുസ്ലിങ്ങളെ നിയമിച്ചോളാം എന്ന് പറഞ്ഞിട്ട്, വർഗീയ പ്രചാരണം നടത്തി യു.ഡി.എഫ് സർക്കാറിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷ നേതാവോ സി.പി.എമ്മോ വിചാരിച്ചാൽ നടക്കില്ല. ഇപ്പോഴത്തെ സർക്കാർ എടുത്ത നിലപാടിനെ പിന്തുണച്ചുകൊണ്ടാണ് വഖഫ് ബോർഡ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികൾ സുപ്രീംകോടതി തള്ളിയതാണ്. അത് തള്ളിയതുകൊണ്ടാണ് രണ്ട് അമുസ്ലിം പ്രതിനിധികളെ വച്ചുകൊള്ളാം എന്ന് പിണറായി സർക്കാർ ഉത്തരവിൽ പറഞ്ഞത്. ചിലപ്പോൾ തെരഞ്ഞെടുപ്പിന് മുമ്പായതുകൊണ്ടായിരിക്കും വെക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

