Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂരം കലക്കിയതിനും...

പൂരം കലക്കിയതിനും തൃശൂരില്‍ ബി.ജെ.പിയെ സഹായിച്ചതിനും പിന്നില്‍ മുഖ്യമന്ത്രിയുടെ മകന് നൽകിയ ഇ.ഡി സമന്‍സാണോ? -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan, Pinarayi Vijayan, Vivek Kiran
cancel
camera_alt

വിവേക് കിരൺ, വി.ഡി. സതീശൻ, പിണറായി വിജയൻ

ചാവക്കാട്: പൂരം കലക്കിയതിനും തൃശൂരില്‍ സി.പി.എം ബി.ജെ.പിയെ സഹായിച്ചതിനും പിന്നില്‍ മുഖ്യമന്ത്രിയുടെ മകന് ഇ.ഡി നല്‍കിയ സമന്‍സാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് നല്‍കിയത് എം.എ. ബേബി എങ്ങനെയാണ് അറിഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി പാര്‍ട്ടി നേതൃത്വത്തോടോ മന്ത്രിമാരോടോ മാധ്യമങ്ങളോടോ പൊതുസമൂഹത്തോടോ ഇതേക്കുറിച്ച് പറയാതെ മൂടിവച്ച് സെറ്റില്‍ ചെയ്യുകയായിരുന്നുവെന്നും സതീശൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമന്‍സ് നല്‍കിയിട്ടും അത് മൂടിവച്ചു. ആരോടും പറഞ്ഞില്ല. നോട്ടീസ് അയച്ചതിനു ശേഷം ഇ.ഡിയും ഒരു നടപടിക്രമങ്ങളും നടത്തിയിട്ടില്ല. സമന്‍സ് അയയ്ക്കാന്‍ ഒരു തുടക്കമുണ്ടാകണം. സമന്‍സ് അയച്ചതിനു ശേഷം ആ തുടക്കം എങ്ങനെയാണ് ഇല്ലാതായത്? അത് ഇല്ലാതായെന്നാണ് എം.എ. ബേബി പ്രതികരിച്ചിരിക്കുന്നത്. അത് അദ്ദേഹം എങ്ങനെ അറിഞ്ഞു? എങ്ങനെയാണ് ഇ.ഡിയുടെ നോട്ടീസ് ഇല്ലാതാകുന്നത്. മുഖ്യമന്ത്രി പാര്‍ട്ടി നേതൃത്വത്തോടോ മന്ത്രിമാരോടോ മാധ്യമങ്ങളോടോ പൊതുസമൂഹത്തോടോ ഇതേക്കുറിച്ച് പറയാതെ മൂടിവച്ച് സെറ്റില്‍ ചെയ്യുകയായിരുന്നു. സി.പി.എം- ബി.ജെ.പി ബാന്ധവമുണ്ടെന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അമിത് ഷാ ഉള്‍പ്പെടെയുള്ളവരുമായി മുഖ്യമന്ത്രി ബന്ധം പുലര്‍ത്തുന്നുണ്ട്. അതിന് ചില ഇടനിലക്കാരുണ്ട്. അതിന്റെ ഭാഗമായാണ് എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടത്. പൂരം കലക്കിയെന്നും തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ എല്ലാ സഹായവും ചെയ്തു കൊടുത്തെന്നും ആരോപണമുണ്ട്. ഇതിന്റെയൊക്കെ പിന്നില്‍ ഈ സമന്‍സാണോ? 2023ലാണ് സമന്‍സ് നല്‍കിയത്. 2024ലാണ് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് കരുവന്നൂരില്‍ ഇ.ഡി പിടിമുറുക്കിയതും സി.പി.എമ്മിനെ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി തുറന്നു പറയണം. കുടുംബാംഗത്തിന് എതിരായ ആരോപണത്തിലെ സത്യാവസ്ഥ മുഖ്യമന്ത്രി പറയട്ടെ. പറയാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് നല്‍കിയത് എം.എ. ബേബി എങ്ങനെയാണ് അറിഞ്ഞത്. ഇ.ഡി നോട്ടീസ് നല്‍കുമ്പോള്‍ സി.പി.എം അഖിലേന്ത്യ സെക്രട്ടറിക്കും നോട്ടീസ് നല്‍കുമോ? 2023ല്‍ എം.എ. ബേബി അഖിലേന്ത്യ സെക്രട്ടറിയായിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം എന്തിനാണ് ഇറങ്ങിയതെന്ന് എനിക്ക് അറിയില്ല.

ശബരിമലയിലെ സ്വര്‍ണ കവര്‍ച്ചയെ കുറിച്ചും ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റതിനെ കുറിച്ചും പ്രതിപക്ഷം എന്താണോ പറഞ്ഞത് അതെല്ലാം ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് ദേവസ്വം വിജിലന്‍സ് ഹൈകോടതിയില്‍ നല്‍കിയിരിക്കുന്നത്. 2019-ല്‍ ദേവസ്വം മാനുവല്‍ ലംഘിച്ചു കൊണ്ടാണ് സ്വര്‍ണപാളികള്‍ ചെന്നൈയിലേക്ക് കൊടുത്തയച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ചെന്നൈയിലേക്ക് കൊണ്ടുപോയത് വ്യാജ മോള്‍ഡാണെന്നും യഥാർഥ ദ്വാരപാലക ശില്‍പം ഒരു കോടീശ്വരന് വിറ്റെന്നും അതിന് ദേവസ്വം ബോര്‍ഡും രാഷ്ട്രീയ നേതൃത്വവും കൂട്ടുനിന്നെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.

ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രതിയായില്ലേ? മുന്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍ സി.പി.എം എം.എല്‍.എയായിരുന്നു. ശബരിമല അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിലും ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റതിലും രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ട്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇതേക്കുറിച്ച് അറിയാം. എങ്ങനെയാണ് ദേവസ്വം മന്ത്രി അറിയാതെ പോകുന്നത്. ദേവസ്വം ബോര്‍ഡ് പ്രതിയായത് സി.പി.എം പ്രതിയാകുന്നതിന് തുല്യമാണ്. മന്ത്രിയെ കൂടി ഉള്‍പ്പെടുത്തിയുള്ള അന്വേഷണം നടത്തണം. വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമെ കൂടുതല്‍ ആളുകള്‍ പ്രതികളാകൂ.

ദ്വാരപാലക ശില്‍പം വിറ്റതും സ്വര്‍ണം കവര്‍ന്നതും മൂടിവച്ചിട്ടാണ് 2025ല്‍ തിരുവാഭരണം കമീഷണറുടെ കത്ത് ലംഘിച്ച് ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ചു വരുത്തിയത്. എന്നിട്ടാണ് നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിഷ്‌ക്കളങ്കനായി ഭാവിക്കുന്നത്. ചെന്നൈയിലേക്ക് സ്വര്‍ണപാളികള്‍ കൊടുത്തു വിടരുതെന്ന തിരുവാഭരണം കമ്മിഷണറുടെ നിര്‍ദേശം മറികടന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്തിനാണ് വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റിയെ ക്ഷണിച്ചു വരുത്തി കള്ളന്റെ കയ്യില്‍ താക്കോല്‍ ഏല്‍പിച്ചത്? ഇവരെല്ലാം ഉത്തരവാദികളാണ്. അന്ന് കട്ടത് ആരും അറിയാത്തതു കൊണ്ട് വീണ്ടും കക്കാനുള്ള പ്ലാനായിരുന്നു. അതുകൊണ്ടാണ് മന്ത്രി വി.എന്‍ വാസവന്‍ രാജിവെക്കണമെന്നും ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടത്. പഴയ ദേവസ്വം ബോര്‍ഡിനെ കുറിച്ചും ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിനെ കുറിച്ചും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ അടിവരയിടുന്നതാണ് ദേവസ്വം വിജിലന്‍സ് ഹൈകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.

ദ്വാരപാലക ശില്‍പം ഉയര്‍ന്ന തുകക്ക് വിറ്റെന്ന് കോടതി ഉത്തരവിലുണ്ട്. കോടീശ്വരന് മാത്രമെ ഇതു വാങ്ങാനാകൂ. വാതിലും കട്ടിളപ്പടിയും പോയി. ഹൈകോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹവും പോയേനെ. വ്യജ മോള്‍ഡ് ഉണ്ടാക്കിയെന്ന പ്രതിപക്ഷ ആരോപണവും ഹൈകോടതി കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് റൂറല്‍ എസ്.പിയുടെ സംഭാഷണം പുറത്തു വന്നിട്ടുണ്ട്. പൊലീസ് ഷാഫി പറമ്പിലിനെ ലക്ഷ്യമാക്കി മര്‍ദിച്ചു. അതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ആ ഗൂഢാലോചന പുറത്ത് വരണം. എം.പിയെ ആണ് ഒരു കാരണവും ഇല്ലാതെ മര്‍ദ്ദിച്ചത്. ലാത്തി ചാര്‍ജ്ജിന് ഓര്‍ഡര്‍ നല്‍കിയിട്ടില്ലെന്നും അടിക്കാന്‍ പറഞ്ഞിട്ടില്ലെന്നും വിസില്‍ അടിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നുമാണ് റൂറല്‍ എസ്.പി പറഞ്ഞത്. അപ്പോള്‍ ഇതൊന്നും ഇല്ലാതെ ഒരു എം.പിയുടെ തലക്കും മൂക്കിനും അടിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ശബരിമല വിഷയം മാറ്റാന്‍ വേണ്ടിയാകാം. കള്ളന്റെ സ്ഥാനത്ത് നില്‍ക്കുന്നത് സി.പി.എമ്മും സി.പി.എം നേതാക്കളുമാണ്.

ആരാണ് തല്ലിയതെന്ന് പൊലീസ് അന്വേഷിക്കട്ടെ. എ.ഐ ടൂള്‍ ഉപയോഗിച്ച് കണ്ടുപിടിക്കുമെന്നാണ് എസ്.പി പറയുന്നത്. ഇനി ഞങ്ങളാണ് അടിച്ചതെന്നു മാത്രം പറയാതിരുന്നാല്‍ മതി. സാധാരണ എന്തു വന്നാലും എന്റെ അടുത്തേക്ക് കയറുന്ന ഒരു പരിപാടി ഉണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കാര്യത്തില്‍ വരെ അതുണ്ടായെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Enforcement DirectoratePinarayi VijayanVD SatheesanLatest News
News Summary - V.D. Satheesan on the ED summons issued to the Chief Minister's son Vivek Kiran
Next Story