നമ്മളെയെല്ലാം വിസ്മയിപ്പിച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിെങന്ന് വി.ഡി. സതീശൻ
text_fieldsമുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ചരമോപചാരം അര്‍പ്പിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയില്‍ നടത്തിയ പ്രസംഗം പൂർണരൂപത്തിൽ
നമ്മളെയെല്ലാം വിസ്മയിപ്പിച്ച പ്രധാനമന്ത്രിയാണ് കടന്നു പോയത്. ലോകം മുഴുവന്‍ ആദരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ധനകാര്യമന്ത്രിയായും പിന്നീട് പത്തു വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്തും അദ്ദേഹം രാജ്യത്ത് സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി. അതിനെതിരെ അന്ന് കുറെ വിമര്‍ശനങ്ങളുണ്ടായി. അതുവരെ സഞ്ചരിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായ പാതയിലേക്കാണ് അന്ന് രാജ്യം മാറിയത്. ലോകം മുഴുവന്‍ ഒരു ഗ്ലോബല്‍ വില്ലേജായി മാറുന്ന അവസരത്തില്‍ ലോക സാമ്പത്തിക ക്രമങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ചില മാറ്റങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഉള്‍ക്കൊള്ളേണ്ട ആവശ്യം നമുക്ക് അന്നുണ്ടായിരുന്നു. എല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് അദ്ദേഹം ആ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നമ്മുടെ രാജ്യത്ത് നടപ്പാക്കിയത്.
സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിയപ്പോള്‍ നമ്മുടെ ഖജനാവ് നിറഞ്ഞു. എക്‌സൈസ് ഡ്യൂട്ടി 150 ശതമാനം വര്‍ധിച്ചു. നമ്മുടെ കസ്റ്റംസ് ഡ്യൂട്ടിയും നികുതി വരുമാനം മൊത്തമായും വര്‍ധിച്ചു. രാജ്യത്ത് ധനമുണ്ടായി. അതുവരെ ഇല്ലാതിരുന്ന തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഖജനാവ് നിറഞ്ഞപ്പോള്‍ ആ പണം എന്തു ചെയ്തു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അവിടെയാണ് ഡോ. മന്‍മോഹന്‍ സിങ് സമ്പത്തിന്റെ നീതിപൂര്‍വകമായ പുനര്‍വിതരണം എന്ന തത്വം നടപ്പാക്കിയത്. അതിന്റെ ഭാഗമായിട്ടാണ് 2004-ല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉണ്ടായിരുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലെ പാവപ്പെട്ടവന്റെ വീടുകളില്‍ തീ പുകയ്ക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തത്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് പ്രോഗ്രാമിലൂടെ വിദൂര ഗ്രാമങ്ങളില്‍ ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും തുടങ്ങി. റൈറ്റ് ടു എഡ്യുക്കേഷന്‍ കൊണ്ടുവന്ന് നിരവധി വിദ്യാലയങ്ങള്‍ ഉണ്ടാക്കുകയും അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.
കാര്‍ഷിക മേഖല പ്രതിസന്ധി നേരിട്ടപ്പോള്‍ 72000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളിയ വിപ്ലവകരമായ തീരുമാനമെടുത്തു. വിവരാവകാശ നിയമം കൊണ്ടു വന്ന് ജനാധിപത്യത്തിന്റെ മഹത്വം ഒന്നു കൂടി ഉയര്‍ത്തിപ്പിടിച്ചു. 2008 ല്‍ ലോകം മുഴുവന്‍ സാമ്പത്തികമായി തരിപ്പണമായ ഘട്ടത്തിലും അടിപതറാതെ ലോകത്ത് ഏറ്റവും മനോഹരമായി സാമ്പത്തിക മാന്ദ്യത്തെ നേരിട്ട ഒന്നാമത്തെ രാജ്യം ഇന്ത്യയും ഡോ. മന്‍മോഹന്‍ സിങുമായിരുന്നു. ജി 20 രാജ്യങ്ങളുടെ യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവരാണ് ഡോ. മന്‍മോഹന്‍ സിങിനെ അഭിനന്ദിച്ച് സംസാരിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടന്ന ലോകത്തെ ഒന്നാമത്തെ രാജ്യമാക്കി മന്‍മോഹന്‍ സിങ് ഇന്ത്യയെ മാറ്റി.
ഡോ. മന്‍മോഹന്‍ സിങിന്റെ വലംകൈ ആയിരുന്ന മൊണ്ടേക്‌സിങ് അലുവാലിയ ‘Backstage: The Story Behind India’s High Growth Years’' എന്ന മനോഹരമായ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ രാജ്യത്തിന് അനിവാര്യമായതും ഇനിയും ചെയ്തു തീര്‍ക്കാന്‍ സാധിക്കാത്തതുമായ കാര്യങ്ങള്‍ കുറിപ്പായി എഴുതിത്തരണമെന്ന് പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇറങ്ങുന്നതിന് ഒരു മാസം മുന്‍പ് അദ്ദേഹം മൊണ്ടേക്‌സിങ് അലുവാലിയോട് ആവശ്യപ്പെട്ടതായി ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. എന്തിനാണ് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ എഴുതി വാങ്ങിയതെന്ന മൊണ്ടേക്‌സിങ് അലുവാലിയ പിന്നീട് ചോദിച്ചപ്പോള്‍ നമുക്ക് ചെയ്യാന്‍ പറ്റാതെ പോയ കാര്യങ്ങള്‍ പിന്നാലെ വരുന്ന ഭരണാധികാരിക്ക് കൈമാറാമല്ലോ എന്നതായിരുന്നു ഡോ. മന്‍മോഹന്‍ സിങിന്റെ മറുപടി. ആ വിശാലമായ മനസ്സ് നമ്മളെയെല്ലാം വിസ്മയപ്പെടുത്തുന്നതാണ്.
രാജ്യ സ്‌നേഹവും രാജ്യത്തോടുള്ള കൂറും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് രാജ്യത്തെ ജനങ്ങളുടെ കണ്ണീരൊപ്പാനും ജീവിത നിലവാരം ഉയര്‍ത്താനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും എല്ലാവരുടെയും വേദനയില്‍ ഞാനും എന്റെ പാര്‍ട്ടിയും പങ്കുചേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

