Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.ഡി സതീശൻ നേമത്ത്...

വി.ഡി സതീശൻ നേമത്ത് മത്സരിക്കാത്തത് ബി.ജെ.പിയുമായി ഉണ്ടാക്കിയ ഡീൽ മൂലം - വി. ശിവൻകുട്ടി

text_fields
bookmark_border
V Sivankutty, VD Satheesan
cancel

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മന്ത്രി വി. ശിവൻകുട്ടിയും തമ്മിൽ ദിവസങ്ങളായുള്ള പോര് തുടരുകയാണ്. നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന ബി.ജെ.പിയുമായി ഉണ്ടാക്കിയ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്ന് ശിവൻകുട്ടി പറഞ്ഞു. നേമത്ത് ബി.ജെ.പിയെ സഹായിക്കുയും പകരം പറവൂരിൽ ബി.ജെ.പി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുകയുമാണ് 'ഡീലിന്റെ' അന്തസത്തയെന്നും വി. ശിവൻകുട്ടി ആരോപിച്ചു.

കഴിഞ്ഞ ദിവസം വി.ഡി സതീശനെ വി.ശിവൻകുട്ടി നേരത്തെ നേമത്ത് മത്സരിക്കാൻ വെല്ലുവിളിച്ചിരുന്നു. മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സതീശൻ, ശിവൻകുട്ടി തന്നേക്കാൾ വളരെയധികം സംസ്‌കാരവും നിലവാരവും ഉള്ള ആളാണെന്നും പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവൻകുട്ടി ഫേസ്ബുക്കിലൂടെ ശിവൻകുട്ടി പ്രതികരിച്ചത്.

രാഷ്ട്രീയ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം, വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചർച്ചയെ താഴ്ത്തിക്കൊണ്ടുപോകുകയാണ് പ്രതിപക്ഷ നേതാവ് എന്നും യഥാർത്ഥത്തിൽ വി.ഡി സതീശനെ നിയന്ത്രിക്കുന്നത് പി.ആർ ഏജൻസികളാണ് എന്നും വി. ശിവൻകുട്ടി ആരോപിച്ചു.

ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്...

നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണ്.

നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുകഇതാണ് ഈ 'ഡീലിന്റെ' അന്തസത്ത. ഈ ഒത്തുകളി പുറത്തുവരുമ്പോൾ ഉണ്ടായ പരിഭ്രമമാണ് ചർച്ച വഴിതിരിച്ചുവിടുന്നു എന്നാരോപിച്ച് സതീശൻ നടത്തുന്ന വിലാപങ്ങൾക്ക് പിന്നിൽ.

തിരഞ്ഞെടുപ്പിലെ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത് എന്ന് സതീശൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? സംഘപരിവാർ അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ, അത് സതീശന് ഒരു 'യഥാർത്ഥ വിഷയമായി' തോന്നാത്തത് എന്തുകൊണ്ടാണ്? ഈ മണ്ണിൽ വർഗീയത വിതയ്ക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയമായി നേരിടേണ്ട വിഷയം തന്നെയല്ലേ?

ഒരേ സമയം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് വി.ഡി. സതീശൻ കൈക്കൊള്ളുന്നത്. വർഗീയ ശക്തികളുമായി ചങ്ങാത്തം കൂടി വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള ഈ നീക്കം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.

മന്ത്രിയുടെ ഓഫീസ് സ്റ്റാഫുകളെയും എകെജി സെന്ററിനെയും പഴിചാരി രക്ഷപെടാനുള്ള ശ്രമം സതീശന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. ഉന്നയിച്ച രാഷ്ട്രീയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിന് പകരം, വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചർച്ചയെ താഴ്ത്തിക്കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് എപ്പോഴും ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ വി ഡി സതീശനെ നിയന്ത്രിക്കുന്നത് പി ആർ ഏജൻസികളാണ്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ കനഗോലു ഈ നാടിന്റെ നന്മ ആഗ്രഹിക്കുന്ന ജനങ്ങൾ തന്നെയാണ്.

'പബ്ലിസിറ്റി തരല്ലേ' എന്ന് കേഴുന്ന സതീശൻ യഥാർത്ഥത്തിൽ ഭയപ്പെടുന്നത് ജനങ്ങൾക്ക് മുന്നിൽ തന്റെ രാഷ്ട്രീയ ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെടുമെന്നതാണ്. തോട്ടിയിട്ട് പിടിക്കാൻ നോക്കുന്നു എന്നൊക്കെയുള്ള പ്രയോഗങ്ങൾ പരിഹാസ്യമാണ്. രാഷ്ട്രീയ നിലപാടുകളെ രാഷ്ട്രീയമായി നേരിടാൻ കെൽപ്പില്ലാത്തവരാണ് ഇത്തരം വിലകുറഞ്ഞ പ്രയോഗങ്ങളുമായി വരുന്നത്.

ബിജെപിയുമായുള്ള വഴിവിട്ട ബന്ധം മറച്ചുവെക്കാൻ നടത്തുന്ന ഈ നാടകങ്ങൾ കേരളത്തിന്റെ മണ്ണിൽ വിലപ്പോകില്ല. വികസനവും മതേതരത്വവും ചർച്ചയാകുമ്പോൾ കോൺഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nemamV SivankuttyVD Satheesan
News Summary - VD Satheesan not contesting from Nemam due to deal made with BJP - V. Sivankutty
Next Story