കെ.പി.സി.സിക്ക് വൈകാതെ മുഴുസമയ പ്രസിഡന്റ്; വി.ഡി സതീശൻ രാഹുൽ ഗാന്ധിയെ കണ്ടു
text_fieldsവി ഡി സതീശൻ ന്യൂഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
ന്യൂഡൽഹി: കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപനം വൈകില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരള മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. നിലവിൽ വൈദ്യുതി മന്ത്രിസ്ഥാനത്തിനൊപ്പം സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവും കൊണ്ട് നടക്കുന്ന രീതി എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് മുഴുസമയ കെ.പി.സി.സി പ്രസിഡന്റിനെ തന്നെ കേരളത്തിൽ നിയമിക്കണമെന്ന് സതീശൻ രാഹുലിനോട് ആവശ്യപ്പെട്ടു.
അതേസമയം രാഹുൽ - സതീശൻ കൂടിക്കാഴ്ചക്ക് പിന്നാലെ തന്റെ കെ.പി.സി.സി പ്രസിഡന്റ് പദ മോഹം പരസ്യമാക്കി കൊടിക്കുന്നിൽ സുരേഷ് രംഗത്തുവന്നു. എംപി സ്ഥാനം പാര്‍ട്ടി പ്രസിഡന്റ് പദവിക്ക് അയോഗ്യതയല്ലെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെ കണ്ട ശേഷം മുഖ്യന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കൊടിക്കുന്നിലിന്റെ പരസ്യപ്രസ്താവന.
സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 -ജന്‍പഥില്‍ നടന്ന കൂടിക്കാഴ്ച ഏദേശം 15 മിനിറ്റ് നീണ്ടു. മുഴുസമയ കെ.പി.സി.സി പ്രസിഡന്റ് ഇല്ലാത്തത് പാർട്ടിക്കും ഭരണത്തിനുമുണ്ടാക്കുന്ന പ്രയാസങ്ങൾ സതീശൻ രാഹുലിന് മുമ്പാകെ വെച്ചു. മുഴുസമയ പ്രസിഡന്റ് എന്നത് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയുടെ വികാരമാണെന്നും മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചു.
തുടർന്നാണ് വൈകാതെ തീരുമാനമെടുക്കാം എന്ന് രാഹുല്‍ ഗാന്ധി മറുപടി നൽകിയത്. നേരത്തെ പങ്കെടുക്കാൻ കരുതിയിരുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം എ.ഐ.സി.സി മാറ്റിവെച്ചതിനാൽ പ്രതീക്ഷിച്ചതിലും നേരത്തെ മുഖ്യമന്ത്രി ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി.
ദലിത് പ്രാതിനിധ്യം ചോദിക്കുന്ന കൊടിക്കുന്നിലിന് പുറമെ, കൃസ്ത്യൻ പ്രാതിനിധ്യം ഉയർത്തിക്കാട്ടി ആന്റോ ആന്റണി, ബെന്നി ബെഹനാൻ, മാത്യൂ കുഴൽ നാടൻ, ജോസഫ് വാഴക്കൻ, മുസ്ലിം പ്രാതിനിധ്യം ചൂണ്ടിക്കാട്ടി ഷാഫി പറമ്പിൽ എന്നിവരാണ് പ്രസിഡന്റ് പദ മോഹവുമായി രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

