മുഖ്യമന്ത്രിക്കെതിരായ രണ്ടാം വിവാഹ ആരോപണം; കേസെടുത്ത് പൊലീസ്, ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കേസെടുത്ത് പൊലീസ്. റിപ്പോർട്ടർ ചാനലിന്റെ ഉടമയായ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. പൊതുസമൂഹത്തിൽ അപമാനിച്ചുവെന്നാണ് കേസ്. മറ്റു രണ്ട് യുവാക്കളുമായി ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ കൈവശം സൂക്ഷിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ നിർദേശ പ്രകാരമാണ് കേസെടുത്തത്. കെ.പി.സി.സി മാധ്യമ വക്താവ് രാജു പി. നായർ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് നൽകിയ പരാതിയിലാണ് നടപടി. ഡി.ജി.പി പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് കൈമാറിയിരുന്നു. തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ കേസെടുക്കണമെന്ന നിർദേശത്തോടെ സിറ്റി സൈബർ പൊലീസ് അസിസ്റ്റന്റ് കമീഷണർക്ക് കൈമാറുകയായിരുന്നു.
ആന്റോ അഗസ്റ്റിൻ പത്തനംതിട്ടയിലെ ഒരു പരിപാടിക്കിടെ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്ഥാനം. കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രിയുടെ രണ്ടാംവിവാഹം രജിസ്റ്റർ ചെയ്തെന്ന രേഖയുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്നാണ് ആന്റോ അഗസ്റ്റിൻ പറഞ്ഞത്. എന്നാൽ, വാർത്തയുടെ ആധികാരികത ബോധ്യപ്പെടാത്തതിനെ തുടർന്ന് വാർത്ത നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയ യുവാക്കളെ കണ്ടെത്തി ഗുരുതര കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ആന്റോയുടെ കൈവശമുള്ള രേഖകളും റിപ്പോർട്ടർ ടി.വി ഓഫിസിൽ യുവാക്കൾ വന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

