Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസവ്യസാചിയായി വി.ഡി....

സവ്യസാചിയായി വി.ഡി. സതീശൻ; കേരളം ശ്രദ്ധിച്ച് തുടങ്ങിയത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ

text_fields
bookmark_border
VD Satheesan
cancel

മുന്നിൽനിന്നു നയിച്ച് പട വെട്ടി യുദ്ധം ജയിക്കുന്നവരാണു പൗരാണിക കാലം മുതലേ രാജ്യത്തിനും കിരീടത്തിനും നേരവകാശി. ശത്രുക്കളോടു മാത്രമല്ല, സ്വന്തം പാളയത്തിലും ഏറെ പട വെട്ടേണ്ടി വരും കിരീടധാരണത്തിന് എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിലെ യുദ്ധനീതി. പാർട്ടി കോൺഗ്രസ് ആണെങ്കിൽ പിന്നെ പറയാനുമില്ല കഥ. പതിനാറാം കേരള മഹായുദ്ധത്തിന്‍റെ വൈബ് ഉയരുന്നതിനു വളരെ മുമ്പേ തന്നെ ഒരു ഭാഗത്ത് നായകന്‍റെ വാഴ്വുകൾ ഉച്ചൈസ്ഥരം കേട്ടു തുടങ്ങിയിരുന്നു. മറുഭാഗത്ത് പടത്തലവന്മാർ ഏറെയായതിനാൽ വാഴ്ത്തുപാട്ടുകൾക്ക് ഗരിമ പോര. പറയേണ്ടതു പറയാൻ പോലും പാർട്ടിക്കാർ മടിച്ചുനിൽക്കുന്നതിനു പുതുയുഗ യാത്ര സമാപന വേദി തന്നെ സാക്ഷി.

എങ്കിലും, മുഖ്യമന്ത്രി കസേരയിൽ കോൺഗ്രസുകാരൻ ഇരിക്കുന്നുവെങ്കിൽ അതു വി.ഡി സതീശൻ ആയിരിക്കണമെന്ന് ജനങ്ങളിൽ നല്ലൊരു പങ്കും ആഗ്രഹിക്കുന്നുവെന്നാണ് സർവേകൾ നൽകുന്ന സൂചന. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ പിന്തുണയോടെ രമേശ് ചെന്നിത്തല വീണ്ടും ആഗ്രഹിച്ചിട്ടും ഹൈകമാന്‍റ് പിടിച്ചിരുത്തിയ പ്രതിപക്ഷ നേതാവിന്‍റെ കസേരയിൽ സതീശൻ കാഴ്ചവെച്ച മിന്നും പ്രകടനം അംഗീകരിച്ചുകിട്ടാൻ കാലം കുറേയെടുത്തു.

തീപ്പൊരി വിതറിയ പ്രവർത്തനം ആയിരുന്നെങ്കിലും കെ.എസ്.യുവിന്‍റെയോ യൂത്ത് കോൺഗ്രസിന്‍റെയോ ഉന്നത പദവിയിൽ സതീശനു നറുക്ക് വീണില്ല. അതുകൊണ്ടുതന്നെ ഗ്രാമാന്തരങ്ങളിൽ അണികളുടെ ആധിക്യവും ഉണ്ടായില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണു സതീശനിലെ തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് വിദഗ്ധനെ കേരളം ശ്രദ്ധിച്ചുതുടങ്ങിയത്. പുതുപ്പള്ളി, പാലക്കാട് ഉപതെരഞ്ഞെടുപ്പുകൾ ഗ്രാഫിൽ കുതിപ്പായി. വിരട്ടാൻ നോക്കിയ പി.വി അൻവറിനു മുന്നിൽ പതറാതെ പൊരുതി നിലമ്പൂർ പിടിച്ചതോടെ സതീശൻ പാൻ കേരള നേതാവും പിണറായി വിജയന് ഒത്ത എതിരാളിയുമാണെന്ന് കോൺഗ്രസുകാർ തന്നെ അംഗീകരിച്ചു തുടങ്ങി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗത്തോടെ കസേരക്കണ്ണുള്ള ചില നേതാക്കൾ ഒഴികെയുള്ളവർ സതീശനിൽ ഭാവി മുഖ്യമന്ത്രിയെ തന്നെ കണ്ടു. സ്വഭാവികമായും ഇടതുപക്ഷത്തിന്‍റെ സൈബർ പോർമുഖം അദ്ദേഹത്തിനു നേർക്കു മിസൈൽ വർഷം കൂടുതൽ ശക്തമാക്കി. സതീശൻ അവർക്കു ‘നുണേശ’നായി. പക്ഷേ, ഓരോ ബോംബിങ്ങിലും കൂടുതൽ കരുത്തനായി മാറുകയായിരുന്നു കോൺഗ്രസിന്‍റെ പോരാളി. പരപ്പാർന്ന വായനയും സൂക്ഷ്മ നിരീക്ഷണത്തിന്‍റെ വിശകലന ബുദ്ധിയുമായി നടത്തുന്ന അവതരണങ്ങൾ മതവേദികളിൽപോലും സ്വീകാര്യത പകർന്നു. ഉറച്ച ബോധ്യങ്ങൾക്കു വേണ്ടി ബിംബ സമാനരായ സമുദായ ശക്തികളോടു പോലും കലഹിക്കാൻ മടിച്ചില്ല.

മുന്നണി ഘടന ശക്തിപ്പെടുത്തിയും കുറിക്കുകൊള്ളുന്ന വാക്പ്രയോഗങ്ങളുമായി എതിരാളികളുടെ വായടപ്പിച്ചും സവ്യസാചിയായി പടവെട്ടി മുന്നേറുമ്പോൾ കേരളത്തിന്‍റെ രാജസിംഹാസനത്തിനു കോൺഗ്രസിൽ മറ്റൊരാളെ തേടേണ്ടതില്ല എന്ന് ആർക്കും തോന്നിയേക്കാം. പക്ഷേ, ഇത് പാർട്ടി കോൺഗ്രസ് ആണ്. 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സതീശൻ ഉറപ്പായും മന്ത്രിയായിരിക്കുമെന്ന് കേരളം ഉറച്ചു വിശ്വസിച്ചിരുന്നിടത്താണ് വെറുമൊരു എം.എൽ.എയായി തുടരേണ്ടി വന്നത്. കപ്പിനും ചുണ്ടിനുമിടയിൽ അവസരങ്ങൾ ഏറെ നഷ്ടപ്പെട്ടിട്ടുണ്ട് കോൺഗ്രസിന്‍റെ ഈ പടനായകന്. അപ്പോഴും യു.ഡി.എഫ് 100 സീറ്റ് നേടിയില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കാൻ പോന്ന ചങ്കുറപ്പ് കേരളത്തിൽ ഒരു ഇരട്ടച്ചങ്കനുമുണ്ടാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opposition leaderpolitical leaderUDFVD Satheesan
News Summary - V.D. Satheesan; Kerala started paying attention after the Thrikkakara by-election.
Next Story