'സ്ഥലവും സമയവും അങ്ങേക്ക് തീരുമാനിക്കാം'; മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് വി.ഡി സതീശൻ
text_fieldsതിരുവനന്തപരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിഷയങ്ങളിൽ പരസ്യ സംവാദത്തിന് തയാറാണെന്ന് വി.ഡി സതീശൻ. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും സതീശൻ പറഞ്ഞു. പി.ആര്‍ ഏജന്‍സിയുടെ ഉപദേശ പ്രകാരമെങ്കിലും ഇത്തരമൊരു സംവാദത്തിന് ഇപ്പോഴെങ്കിലും തയ്യാറായതിന് അഭിനന്ദിക്കുന്നു എന്നും സതീശൻ കൂട്ടിച്ചേർത്തു.
ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, തുരങ്കപാത, തീരദേശ ഹൈവേ, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ് ലൈൻ, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ. ഫോൺ, ചൂരല്‍മല-മുണ്ടക്കൈ, കെ റെയിൽ, ക്ഷേമ പെൻഷൻ തുടങ്ങിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി നൽകുകയും മറുചോദ്യം ഉന്നയിക്കുകയും ചെയ്തുകൊണ്ടാണ് സതീശന്‍റെ പ്രതികരണം.
ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവരുടെ സമൂഹ്യ പെന്‍ഷന്‍ നിഷേധിച്ച് ജനങ്ങളെ കബളിപ്പിച്ചു. ആറ് മാസത്തോളം പെന്‍ഷന്‍ മുടക്കിയിട്ട് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രണ്ടു മാസത്തെ പണം ഒരുമിച്ചു നല്‍കി ജനങ്ങളെ പറ്റിക്കുന്നതിനെയാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. 2021ല്‍ അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്‍ഷന്‍ 2500 ആക്കുമെന്ന് പറഞ്ഞവര്‍ നാലര വര്‍ഷം ഒരു രൂപ പോലും വര്‍ധിപ്പിക്കാതെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ 400 രൂപ വര്‍ധിപ്പിച്ചു. ഇതാണോ നിങ്ങളുടെ വാക്ക് പാലിക്കല്‍ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട രണ്ടുപേർ ഇപ്പോഴും മുഖ്യമന്ത്രിക്കൊപ്പം ഇല്ലേ. മുൻ എംഎൽഎ ആയിരുന്ന സംവിധായകനെതിരെ ലഭിച്ച പരാതി എത്ര ദിവസം പൂഴ്ത്തി വച്ചു. പൊലീസിന് കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയത് എന്തുകൊണ്ടാണെന്നും വി.ഡി സതീശൻ ചോദിച്ചു.
വിഴിഞ്ഞം പദ്ധതിയിൽ അഴിമതി ഇല്ലെന്ന രാമചന്ദ്രൻ നായർ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിയോട് പിണറായി മാപ്പ് പറയുമോ. തുരങ്കപാതയെ താൻ എതിർത്തിട്ടില്ല. പാരിസ്ഥിതിക പഠനം നടത്താത്തത് ആണ് എതിർത്തത്. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാതെ തീരദേശ ഹൈവേ നടപ്പിലാക്കുന്നതിനെയാണ് താനെതിർത്തത്. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെ്നും വിഡി. സതീശൻ പറഞ്ഞു.
ദേശീയ പാത വികസനം യു.ഡി.എഫ് എതിര്‍ത്തെന്നത് പച്ചക്കള്ളമാണ്. സംസ്ഥാനത്ത് ഉടനീളെ ദേശീയ പാത തകര്‍ന്ന് വീഴുമ്പോള്‍ 'അയ്യോ ഞങ്ങള്‍ അല്ലേ', എന്ന് പറയുന്ന മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇപ്പോള്‍ ക്രെഡിറ്റ് അടിക്കാന്‍ വരുന്നത് അപഹാസ്യമാണ്. ദേശീയ പാത മരണക്കെണിയായി മാറിയിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു പരാതിയും ഉന്നയിക്കാത്തത്? ദേശീയ പാത തകര്‍ന്നതിനു പിന്നാലെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് സമ്മാനപ്പൊതികളുമായി പോയത് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഒന്നിച്ചല്ലേ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മറക്കണ്ട, നേരിട്ടുള്ള സംവാദം എന്ന എന്റെ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് ഒരിക്കല്‍ കൂടി പ്രതീക്ഷിക്കട്ടെ എന്നോർമിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഫേസ് ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

