‘ഓപറേഷൻ രാഹുൽ'; വി.ഡി സതീശൻ അതൃപ്തിയിൽ; പിന്നിൽ എ ഗ്രൂപ്
text_fieldsവി.ഡി സതീശൻ
തിരുവനന്തപുരം: വിയോജിപ്പുകളും എതിർസ്വരങ്ങളും തള്ളി നാടകീയമായി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത അതൃപ്തിയിൽ. കെ.പി.സി.സി നേതൃയോഗത്തിലടക്കം രാഹുൽ വിഷയത്തിൽ ഒരക്ഷരം മിണ്ടാതെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതിഷേധം.
പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കാനും തയാറായില്ല. വി.ഡി. സതീശന്റെ എതിർപ്പ് മറികടന്ന് രാഹുലിനെ സഭയിലെത്തിച്ചതിന് പിന്നിൽ എ ഗ്രൂപ്പിന്റെ പൂർണ പിന്തുണ പ്രകടമാണ്. എതിർപ്പ് ശക്തമാണെങ്കിലും സഭയിലെത്തിക്കുമെന്ന് വാശിപോലെ ചിലർ ഏറ്റെടുത്തു നടപ്പാക്കിയെന്നതിന് അടിവരയിടുന്നതാണ് തിങ്കളാഴ്ചയിലെ സംഭവവികാസങ്ങൾ. സതീശനെ മറികടന്ന് നിയമസഭയിലെത്തി എന്ന അവകാശവാദമുന്നയിക്കലിന് അപ്പുറം മറ്റൊരു പാർലമെന്ററി അനിവാര്യതയും ‘ഓപറേഷൻ രാഹുലിൽ’ ഇല്ലെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് നേമം ഷജീറിന്റെ അകമ്പടിയിലാണ് രാഹുൽ സഭയിലെത്തിയത്. പാർട്ടിയിൽനിന്നും പാർലമെന്ററി പാർട്ടിയിൽനിന്നും പുറത്താക്കിയയാൾ യൂത്ത് കോൺഗ്രസ് ജില്ല അധ്യക്ഷനൊപ്പം എത്തിയതിൽ കൃത്യമായ രാഷ്ട്രീയ സൂചനകളുണ്ട്. ഇതേക്കുറിച്ച ചോദ്യങ്ങൾക്കൊന്നും നേതാക്കൾ വ്യക്തമായ മറുപടി നൽകിയതുമില്ല.
രാഹുലിനെ മുൻനിർത്തി വി.ഡി. സതീശനെ ഒറ്റപ്പെടുത്തുക എന്ന പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ അജണ്ടയും പിന്നിൽ പ്രവർത്തിച്ചു. സതീശനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളും ഇതിനോട് ചേർത്ത് കാണണം. ഏറെ നാളായി നിശ്ശബ്ദമായിരുന്ന ഗ്രൂപ് നീക്കങ്ങൾ കോൺഗ്രസിൽ സജീവമാകുന്നതിന്റെ അലയൊലികളും പ്രകടമാണ്. ഗ്രൂപ്പുകൾക്ക് അതീതമായി ഒരു യുവനിരയെ വളർത്തിയെടുക്കാൻ സതീശൻ നിർണായക ഇടപെടൽ നടത്തിയിരുന്നു. ഇതിൽ അതൃപ്തരായവരും ഇപ്പോഴത്തെ നീക്കങ്ങളിൽ ഒപ്പം ചേർന്നു.
പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തയാളോട് സഭയിലേക്ക് പ്രവേശിക്കരുതെന്ന് പറയാൻ സാങ്കേതികമായി കഴിയില്ലെങ്കിലും രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് വരരുത് എന്നത് തന്നെയായിരുന്നു സതീശന്റെ നിലപാട്. ലൈംഗികാരോപണമുണ്ടെങ്കിലും നിയമസംവിധാനത്തിന് മുന്നിൽ അദ്ദേഹത്തിനെതിരെ പരാതികളില്ല എന്നതായിരുന്നു രാഹുൽ അനുകൂലികളുടെ പിടിവള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

