‘ഇത്തരം ചോദ്യങ്ങള്‍ എന്നോട് വേണ്ട, കോൺഗ്രസിനകത്ത് പ്രശ്നമുണ്ടെന്ന് വരുത്താൻ ശ്രമം’; മാധ്യമപ്രവർത്തകരോട് കയർത്ത് വി.ഡി. സതീശന്‍
text_fieldsവി.ഡി സതീശൻ
തിരുവനന്തപുരം: വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന ചടങ്ങിൽനിന്ന് വിട്ടുനിൽക്കാനുള്ള കെ. മുരളീധരന്‍റെ നീക്കവും കെ.പി.സി.സി പുനഃസംഘനയിലെ അതൃപ്തിയുമായി ബന്ധപ്പെട്ട് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകരോട് കയർത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നും ഇല്ലാത്ത പ്രശ്നങ്ങൾ ഊതിപ്പെരുപ്പിച്ച് കോൺഗ്രസിനകത്ത് അസ്വാരസ്യമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
“നിങ്ങൾക്ക് വേറെ ജോലിയൊന്നുമില്ലേ? ഇത്തരം ചോദ്യങ്ങളുമായി എന്നെ കാണാൻ വരണ്ട. നിങ്ങൾ മൈക്രോസ്കോപിക് ലെൻസുമായി കോൺഗ്രസിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അന്വേഷിക്കുകയാണ്. ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയില്ല. ഇല്ലാത്ത പ്രശ്നങ്ങൾ ഊതിപ്പെരുപ്പിച്ച് കോൺഗ്രസിനകത്ത് എന്തെങ്കിലും അസ്വാരസ്യമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ്. അത് എന്റെയടുത്ത് വേണ്ട. അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. വേറെ വല്ല ചോദ്യവുണ്ടെങ്കിൽ ചോദിക്കാം” -സതീശൻ പറഞ്ഞു.
മാധ്യമങ്ങള്‍ ചോദ്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം അര്‍ഹിക്കുന്നില്ലെന്ന് മറുപടി നല്‍കി. കെ.പി.സി.സി പുനഃസംഘടനയില്‍ കെ മുരളീധരന് പ്രതിഷേധമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. തുടര്‍ന്ന് വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കില്ലെന്നും മുരളീധരന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിലാണ് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം തേടിയത്.
നേരത്തെ വ്യക്തിപരമായ കാരണങ്ങളാൽ വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കില്ലെന്നായിരുന്നു മുരളീധരൻ നേതൃത്വത്തെ അറിയിച്ചിരുന്നത്. കെ.പി.സി.സി പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു മുരളീധരന്റെ പ്രതിഷേധം. മാത്രമല്ല, മഹിളാ കോൺഗ്രസ് നേതൃത്വത്തിലുള്ള വ്യക്തിയെ പുനഃസംഘടനയിൽ പരിഗണിച്ചിട്ടും തന്റെ നിർദേശം തഴഞ്ഞതും നീരസത്തിന് ആക്കംകൂട്ടി. എന്നാൽ വൈകിട്ടോടെ നേതൃത്വം അനുനയിപ്പിച്ച് പരിപാടിയിലേക്ക് എത്തിക്കാനുള്ള നീക്കം സജീവമാക്കി.
യാത്രയുടെ ജാഥാ കാപ്റ്റൻ ആയിരുന്നു മുരളീധരൻ. കാപ്റ്റൻമാരിലൊരാൾ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്നറിയിച്ചത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും നേരിട്ട് മുരളീധരനെ വിളിച്ചു സംസാരിച്ചതോടെയാണ് തീരുമാനം മാറിയത്. മുരളീധരൻ നിർദേശിച്ച പേരുകൾ പരിഗണിക്കുമെന്നാണ് വിവരം.
കെ.പി.സി.സി പുനഃസംഘടനയിൽ കെ. മുരളീധരൻ ന്യൂനപക്ഷ സെൽ വൈസ് ചെയർമാനായ കെ.എം. ഹാരിസിന്റെ പേര് നിർദേശിച്ചിരുന്നു. എന്നാൽ പരിഗണിച്ചിരുന്നില്ല. മരിയാപുരം ശ്രീകുമാറിനെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിലും മുരളീധരന് നീരസമുണ്ട്. തുടർന്നാണ് യാത്രയുടെ സമാപനത്തിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന് അറിയിച്ചത്. കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബെഹ്നാൻ എന്നിവരാണ് ജാഥാ കാപ്റ്റൻമാർ.
അതേസമയം ഏറെ ചർച്ചകൾക്കും അനിശ്ചിതത്വത്തിനൊടുവിലാണ് കെ.പി.സിസിക്ക് ജംബോ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. സന്ദീപ് വാര്യർ അടക്കം 58 ജനറൽ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരുമാണ് പുതിയ പട്ടികയിൽ. രാഷ്ട്രീയകാര്യ സമിതിയിൽ 6 പേരെ കൂടി ഉൾപ്പെടുത്തിയാണ് എഐസിസി നേതൃത്വം പട്ടിക പ്രസിദ്ധീകരിച്ചത്. നേരത്തെ അഞ്ച് വൈസ് പ്രസിഡണ്ടുമാരാണ് ഉണ്ടായിരുന്നത്. എന്നാൽ പുതിയ പട്ടിക പ്രകാരം ഇത് 13 ആകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

