വിവിധ മേഖലകളിൽ വമ്പൻ വാഗ്ദാനങ്ങളുമായി വി.ഡി സതീശൻ സർക്കാറിന്റെ നയപ്രഖ്യാപനം
text_fieldsമയക്കുമരുന്നിനെതിരെ എൻഫോഴ്സ്മെന്‍റ്; പൊലീസ് ആധുനികവത്കരണം
- മയക്കുമരുന്ന് ശൃംഖലയുടെ വെല്ലുവിളി നേരിടാൻ സൈബർ നിരീക്ഷണം ഉൾപ്പെടെ വിദഗ്ധ എൻഫോഴ്സ്മെന്‍റിനായി പ്രത്യേക സ്റ്റേറ്റ് നാർക്കോട്ടിക് എൻഫോഴ്സ്മെന്‍റ് ബ്യൂറോ സ്ഥാപിക്കും. ഇതിലൂടെ എൻഫോഴ്സ്മെന്‍റ്, ബോധവത്കരണം, പുനരധിവാസം എന്നീ ത്രിമുഖ കർമപദ്ധതി നടപ്പാക്കും
- വിമുക്തി മിഷനെ ശക്തിപ്പെടുത്തും
- മയക്കുമരുന്ന് ശൃംഖലയെ പൂർണമായി ഉന്മൂലനം ചെയ്യാൻ ‘ഓപറേഷൻ തൂഫാൻ’ നടപ്പാക്കും
- പൊലീസ് സംവിധാനം ആധുനികവത്കരിക്കും
- ഡിജിറ്റൽ തട്ടിപ്പ് തടയാൻ കർശനനടപടി
- മയക്കുമരുന്ന് ഉപയോഗം, സംഘടിത കുറ്റകൃത്യം, സൈബർ കുറ്റകൃത്യം, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ എന്നിവക്കെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടി
മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കും
- വനപ്രദേശത്തിന് ചുറ്റുമുള്ള മനുഷ്യജീവിതം ദുസ്സഹമാക്കുന്ന ഒരു നടപടിയും ഭരണസംവിധാനത്തിൽ നിന്ന് സ്വീകരിക്കില്ല.
- മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് കാര്യക്ഷമവും മനുഷ്യത്വപരവുമായ നടപടി. നിയന്ത്രണ വിധേയമാക്കൽ, ലഘൂകരിക്കൽ, നഷ്ടപരിഹാരം നൽകൽ എന്നിങ്ങനെ ത്രിതല തന്ത്രങ്ങളിലൂടെ ഈ പ്രശ്നം പരിഹരിക്കും.
- വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതിന്‍റെ കാരണങ്ങൾ സംബന്ധിച്ച് വിശദ പഠനം നടത്തും. നിർമിത ബുദ്ധി, ജൈവ-സോളാർ വേലി, സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം തുടങ്ങി ശാസ്ത്രീയ ലഘൂകരണ മാർഗങ്ങൾ സ്വീകരിക്കും
- മുൻകരുതലെടുത്തിട്ടും സംഘർഷങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ അർഹരായ ഇരകൾക്ക് കൃത്യമായ സമയത്ത് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തും
- പഴയ റിസർവ്-വന വിജ്ഞാപനങ്ങൾ ബാധിച്ച കർഷകരുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിച്ച്, കാർഷിക ഭൂമിയും വനഭൂമിയും തമ്മിലെ അതിർത്തി നിർണയിക്കുന്നതിനുള്ള നടപടി സർക്കാർ ഏറ്റെടുക്കും
ആരോഗ്യ രംഗം ആധുനികമാകും
- ആരോഗ്യ സേവനങ്ങളുടെ പ്രധാന കേന്ദ്രമായി കേരളത്തെ ഉയർത്തും. ആരോഗ്യ സംരക്ഷണം എന്നത് ജനങ്ങളോടുള്ള അടിസ്ഥാനപരമായ ഉത്തരവാദിത്തമായി കാണും. പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തും.
- പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് പ്രത്യേക പരിഗണന നൽകി എല്ലാ തലങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളും ആധുനികവത്കരിക്കും.
- പ്രതിരോധ ആരോഗ്യ സംരക്ഷണം, മാനസികാരോഗ്യ സേവനങ്ങൾ, പാലിയേറ്റീവ് പരിചരണം, വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകും
- പൊതുജനാരോഗ്യ സംവിധാനത്തിലുടനീളം ആധുനികവത്കരണത്തിന്‍റെ വേഗത ദ്രുതഗതിയിലാക്കും
‘ഐ.ടിയിൽ കേരള ടെക്
- ഇലക്ട്രോണിക്സ് ആന്‍റ് ഐ.ടി. വകുപ്പിനെ ‘കേരള ടെക്’ എന്ന ബ്രാൻഡോടുകൂടി ‘ഐ.ടി. ഫ്യൂചർ ടെക്നോളജീസ് ആൻഡ് സ്റ്റാർട്ട് അപ് വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യും
- കേരള ഐ.ടി. മിഷനെ’ കേരള എ.ഐ മിഷനും കേരള എമർജിങ് ടെക്നോളജീസ് മിഷനും ഉൾപ്പെടുത്തി ‘ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മിഷൻ’ എന്ന് മാറ്റും
- സെമികോൺ ഇനിഷ്യേറ്റീവിനെ മുന്നോട്ട് നയിക്കാൻ ‘ദി ഇലക്ട്രോണിക്സ് ആന്‍റ് സെമി കണ്ടക്ടർ മിഷനെ’ചുമതലപ്പെടുത്തും
- ഡിജിറ്റൽ സാങ്കേതിക വിദ്യകളും എ.ഐയും ഉപയോഗിച്ച് ഡിജിറ്റൽ ഗവൺമെന്‍റ് മാതൃക രൂപവത്കരിക്കും
- നിലവിലെ ഐ.ടി പാർക്കുകൾ വിപുലീകരിക്കും. പുതിയ നിക്ഷേപങ്ങൾ പ്രോൽസാഹിപ്പിക്കും.
- വ്യാവസായിക വളർച്ചയും തൊഴിലാളി ക്ഷേമവും ഒരുമിച്ച് കൊണ്ടുപോകും
ലാൻഡ് ബാങ്കിന് മുൻഗണന
- വ്യവസായ ആവശ്യങ്ങൾക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിന് വിപണിയിൽ നിന്ന് കടമെടുത്തും സ്വകാര്യ ഫണ്ട് ശേഖരണത്തിലൂടെയും സ്പെഷൽ പർപ്പസ് വെഹിക്കിൾ ഉപയോഗിച്ച് ലാൻഡ് ബാങ്ക് രൂപവത്കരണത്തിന് മുൻഗണന നൽകും
- പോർട്ട്-ലെഡ് ലോജിസ്റ്റിക്സും വ്യാവസായിക വികസനവും വ്യാവസായിക പാർക്കുകൾ വിപുലപ്പെടുത്തലും നടത്തും.
- പ്രധാന സംരംഭങ്ങളുടെ വികസനത്തിലൂടെ കേരളത്തെ നിർമാണം, ലോജിസ്റ്റിക്സ്, സാങ്കേതിക വിദ്യ, ലൈഫ് സയൻസസ്, ആഗോള തലത്തിൽ കിടപിടിക്കുന്ന സെന്‍ററുകൾ എന്നീ മേഖലകളിൽ മുൻഗണനാ ലക്ഷ്യസ്ഥാനമാക്കും.
- ഉയർന്ന മൂല്യമുള്ള നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് ഇൻവെസ്റ്റ്മെന്‍റ് പ്രൊമോഷൻ ബോർഡ് രൂപവത്കരിക്കൽ, കെ-സ്വിഫ്റ്റിന്‍റെ ആധുനികവത്കരണം, കേരള സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡിന്‍റെ ശാക്തീകരണം, മെച്ചപ്പെട്ട പ്രോജക്ട് ഫെസിലിറ്റേഷൻ സംവിധാനം എന്നിവയിലൂടെ നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തും.
ഐ.ടി.ഐകളിൽ ഉൽപാദന കേന്ദ്രങ്ങൾ
- ഐ.ടി.ഐകളിലെ സൗകര്യങ്ങളും പരിശീലകരുടെ നൈപുണ്യവും ഉപയോഗിച്ച് നിർമിക്കാൻ കഴിയുന്ന ഇനങ്ങളുടെ ഉൽപാദനം ലക്ഷ്യമിടുന്നു. ഐ.ടി.ഐകളെ ആധുനികവത്കരിക്കും
- എല്ലാ മേഖലയിലുമുള്ള തൊഴിലാളികൾക്കും വ്യക്തിയധിഷ്ഠിത, ബഹുഭാഷാ, തൊഴിൽ ആരോഗ്യ പരിശീലനം നൽകുന്നതിന് എ.ഐ. ഇന്‍റഗ്രേറ്റഡ് വെർച്വൽ ട്രെയിനിങ് മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കും.
- അതിഥി തൊഴിലാളികൾക്ക് കാര്യക്ഷമമായ പിന്തുണ ലഭ്യമാക്കുന്നതിന് എല്ലാ വകുപ്പുതല സേവനങ്ങളുടെയും സംയോജനം ഉറപ്പാക്കി ഏകീകൃത പോർട്ടൽ വഴി രജിസ്ട്രേഷൻ നടപ്പാക്കും.
പ്രവാസി ക്ഷേമം, നിക്ഷേപം ശക്തിപ്പെടുത്തും
- പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനും നിക്ഷേപ പങ്കാളിത്തത്തിനുമുള്ള പദ്ധതികൾ ശക്തിപ്പെടുത്തും.
- ഹജ്ജ് തീർഥാടനം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട ഭരണസംവിധാനങ്ങൾ, വഖഫ് ആസ്തികളുടെ സംരക്ഷണവും പരിപാലനവും, വഖഫ് ബോർഡുകളുടെ ആധുനികവത്കരണം എന്നിവക്ക് പ്രഥമ പരിഗണന നൽകും
- പഞ്ചായത്തീ രാജ് സംവിധാനവും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കും ശക്തിപ്പെടുത്തും
വൈദ്യുതോൽപാദനം വർധിപ്പിക്കും
- സൗരോർജം, കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൾപ്പെടെ മറ്റ് മാർഗങ്ങളിലൂടെ വൈദ്യുതോൽപാദനം വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. വൈദ്യുതോൽപാദനത്തിൽ സ്വയംപര്യാപ്തത.
- പുരപ്പുറ സൗരോർജ സംവിധാനത്തിന്‍റെ എണ്ണം വർധിക്കുന്നതിനാലുള്ള വൈദ്യുതി ലൈൻ തിരക്ക് പരിഹരിക്കുന്നതിന് വിതരണ ട്രാൻസ്ഫോർമറുകളിൽ കമ്യൂണിറ്റി ബാറ്ററി സ്റ്റോറേജ് സംവിധാനം.
- വൈദ്യുത ചാർജിങ് സ്റ്റേഷനുകളെ പ്രാദേശിക സൗരോർജ പ്ലാന്‍റുകളുമായും ബാറ്ററി-സ്റ്റോറേജ് സംവിധാനങ്ങളുമായും ബന്ധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കും
- പീക് ഡിമാൻഡ് നേരിടുന്നതിന് കൂടുതൽ മെച്ചപ്പെട്ട ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ സ്ഥാപിക്കും.
ബൈപാസുകൾ നാലുവരി; വരുമാന സ്രോതസുകളാകും
- പൊതു-സ്വകാര്യ പങ്കാളിത്തം പൂർണമായി ഉപയോഗപ്പെടുത്തി ലഭ്യമായ ഏറ്റവും നല്ല സാങ്കേതിക വിദ്യ ഉപയോഗിച്ച് ബൈപാസുകളെ നാലുവരിപ്പാതകളാക്കി വരുമാനം ലഭിക്കുന്ന നിലയിൽ വികസിപ്പിക്കും.
- പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന മരാമത്ത് പണികളിലെല്ലാം ഊർജ, പൈതൃക സംരക്ഷണത്തിന് മുന്തിയ പരിഗണന നൽകും
- ഹരിത പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾക്ക് മുന്തിയ പരിഗണന നൽകും.
- സംസ്ഥാനത്തെ എല്ലാ റോഡുകളും ഘട്ടംഘട്ടമായി ബി.എം ആന്‍റ് ബി.സി റോഡുകളായി ഉയർത്തും.
പ്ലസ് ടു സീറ്റുകൾ വർധിപ്പിക്കും
തിരുവനന്തപുരം: എല്ലാ ജില്ലകളിലും പ്ലസ് ടു സീറ്റുകളുടെ എണ്ണം ആവശ്യകതയുടെ അടിസ്ഥാനത്തിൽ വർധിപ്പിക്കുമെന്ന് നയപ്രഖ്യാപനം. സാമൂഹിക സ്വഭാവം പൂർണമായി സംരക്ഷിച്ച് വിദ്യാഭ്യാസ മേഖലയെ ആധുനികവത്കരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഭരണസംബന്ധമായതും ഭരണനിർവഹണപരവുമായ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പരമോന്നത സമിതിയായി ‘അക്കാദമിക് സിൻഡിക്കേറ്റ്’ രൂപവത്കരിക്കും. കേരളത്തിലെ യുവജനങ്ങളുടെ തൊഴിൽക്ഷമതയും വ്യവസായ സന്നദ്ധതയും വർധിപ്പിക്കുന്നതിന് നൈപുണ്യ വികസന പദ്ധതികൾ വിപുലീകരിക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
- അക്കാദമിക പലായനം കുറക്കുന്നതിനും പ്രഗത്ഭരായ വിദ്യാർഥികളെ കേരളത്തിൽ നിലനിർത്തുന്നതിനും ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്ത് വികസിപ്പിക്കും.
- യു.ജി.സി അംഗീകൃത ബിരുദങ്ങൾ കേരളത്തിൽ ഏകീകൃതവും സുതാര്യവുമായ രീതിയിൽ അംഗീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തും.
- വിദ്യാർഥികളെയും വ്യവസായങ്ങളെയും ബന്ധിപ്പിക്കുന്ന സംസ്ഥാനവ്യാപക ഇന്റേൺഷിപ് എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോം വികസിപ്പിക്കും.
- വിദ്യാർഥികൾക്കിടയിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് ജവഹർലാൽ നെഹ്‌റു സയന്റിഫിക് സെന്ററുകൾ സ്ഥാപിക്കും.
- സെമസ്റ്റർ ഇൻ കേരള’ കർമപരിപാടി ആവിഷ്കരിക്കും.
- അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും.
സ്കൂൾ വിദ്യാർഥിനികൾക്ക് മൂന്നുദിവസം ആർത്തവ അവധി
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സ്കൂൾ വിദ്യാർഥിനികൾക്ക് മാസത്തിൽ മൂന്നുദിവസം വരെ ആർത്തവ അവധി പ്രഖ്യാപിച്ച് നയപ്രഖ്യാപനം. അവധി മൂലം ക്ലാസ് നഷ്ടമാകാതിരിക്കാൻ ഇവർക്ക് വാരാന്ത്യത്തിൽ പ്രത്യേക കാച്ച് അപ് ക്ലാസ് നൽകും. ‘മെൻസ്ട്രൽ ഡിഗ്നിറ്റി’ പദ്ധതിയിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും വിദ്യാർഥിനി- സ്ത്രീ സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. നിലവിൽ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സർവകലാശാല വിദ്യാർഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും ലഭ്യമാണ്. ബിഹാർ, ഒഡിഷ എന്നിവിടങ്ങളിൽ സർക്കാർ ജീവനക്കാരായ വനിതകൾക്ക് ആർത്തവ അവധി നൽകിയിട്ടുണ്ട്. കർണാടക സർക്കാർ ഒരു പടി കൂടി കടന്ന് സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന വനിതകൾക്കും ആർത്തവ അവധി നൽകി.
കേരളത്തിൽ പല സ്വകാര്യ കമ്പനികളും വനിത ജീവനക്കാർക്ക് ആർത്തവ അവധി ലഭ്യമാക്കുന്നു. ചില സംസ്ഥാനങ്ങൾ സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവത്തോടനുബന്ധിച്ച് അവധി നൽകുന്ന കാര്യം ആലോചിച്ചിരുന്നെങ്കിലും പ്രാവർത്തികമായില്ല. രാജ്യത്ത് ആദ്യമായി സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകി വഴികാട്ടിയാവുകയാണ് കേരളം.
അസംഘടിത മേഖലയിൽ ആറു മാസം പ്രസവാവധി
അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് ആറു മാസത്തെ പ്രസവാവധി അനുവദിക്കും. പ്രത്യേക ആനുകൂല്യങ്ങൾ നൽകും. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് തുല്യ വേതനം നടപ്പാക്കാൻ നടപടി സ്വീകരിക്കും. കേരളത്തിലുടനീളം പ്രധാന പട്ടണങ്ങളിൽ പൊതു വിശ്രമമുറികൾ ഒരുക്കും. സ്ത്രീകൾക്ക് സാനിറ്ററി നാപ്കിനുകൾ, പാദരക്ഷകൾ, മറ്റ് അവശ്യ സാധനങ്ങൾ എന്നിവ ലഭ്യമാക്കും. പൊതു ഓഫിസുകളിലും വ്യവസായ സ്ഥാപനങ്ങളിലും ഐ.ടി പാർക്കുകളിലും 50ലധികം ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഡേ കെയർ സെന്ററുകളും ക്രഷുകളും നിർബന്ധമാക്കും. ഇതുവഴി കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ സംസ്ഥാനമാക്കും.
അനാഥ രഹിത സംസ്ഥാനം
കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ അനാഥ രഹിത സംസ്ഥാനമാക്കി മാറ്റും. ദത്തെടുക്കൽ മിഷൻ കാമ്പെയ്നുകൾ പ്രോത്സാഹിപ്പിക്കും. പരിശീലനം ലഭിച്ചതും മികച്ച പ്രതിഫലം നൽകുന്നതുമായ അയൽപക്ക ഫോസ്റ്റർ കുടുംബങ്ങളുടെ 6303 സ്നേഹ ശൃംഖല രൂപവത്കരിക്കും.
ഗതാഗതം
- അതിർത്തി ചെക്ക്-പോസ്റ്റുകളിൽ എ.എൻ.പി.ആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ) സാങ്കേതിക വിദ്യ വിപുലമായി ഉപയോഗിക്കും.
- മൊബൈൽ ആപ്പുകളും ഇ ടിക്കറ്റിങും ഉപയോഗിച്ച് പൊതു ഗതാഗതവും ഷെയേർഡ് ട്രാൻസ്പോർട്ട് നെറ്റ് വർക്കുകളും ജനകീയമാക്കും.
- പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കും, ശക്തിപ്പെടുത്തും.
- ഡിജിറ്റൽ സംവിധാനങ്ങൾ, ഇലക്ട്രിക് മൊബിലിറ്റി, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ എന്നിവ ഘട്ടംഘട്ടമായി കൊണ്ടുവരും.
- ഉൾനാടൻ ജലപാതകളുടെ സുസ്ഥിരത മെച്ചപ്പെടുത്തും.
- റോഡുകൾ സുരക്ഷിതമാക്കാൻ ഡേറ്റ അധിഷ്ഠിത ഇടപെടലുകളും ആധുനിക സാങ്കേതികവിദ്യയും.
ജലവിഭവം
- പുതിയ ജലനയം രൂപവത്കരിക്കും.
- ജല മാനേജ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിന് വാട്ടർ ക്രെഡിറ്റ് അവതരിപ്പിക്കും.
- എല്ലാവർക്കും കുടിവെള്ളം തടസ്സമില്ലാതെ വിതരണം ചെയ്യും.
- കുടിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്താൻ പുതിയ ലബോറട്ടറികൾ സ്ഥാപിക്കും. സ്കൂളുകളിലും കോളജുകളിലും നിലവിലുള്ള ലബോറട്ടറികൾ പ്രയോജനപ്പെടുത്തും.
- മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കും.
- ജലാശയങ്ങളുടെ സംരക്ഷണത്തിന് വാട്ടർ പ്രൊട്ടക്ഷൻ ഫോഴ്സ് ശക്തിപ്പെടുത്തും.
- മണൽ നിക്ഷേപം നീക്കാനും മലിനീകരണം ഇല്ലാതാക്കാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും സംരക്ഷണ ഭിത്തികൾ നിർമിക്കാനും ജലാശയങ്ങൾ വീണ്ടെടുക്കാനും നടപടികൾ ഊർജിതമാക്കും.
വിനോദസഞ്ചാരം
- മെഡിക്കൽ ടൂറിസം, വെൽനെസ് ടൂറിസം, ഇക്കോ ടൂറിസം, ഡെസ്റ്റിനേഷൻ അധിഷ്ഠിത ടൂറിസം സർക്യൂട്ടുകൾ എന്നിവക്ക് പ്രത്യേക ഊന്നൽ നൽകും.
- കേരളത്തിന്‍റെ സാംസ്കാരിക പൈതൃകവും കലാ പാരമ്പര്യവും വിനോദസഞ്ചാര മേഖലയുമായി സംയോജിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

