വിവാദങ്ങളുടെ കരിങ്കാറുകൾ വകഞ്ഞ് പ്രതീക്ഷയുടെ 100 ദിനങ്ങൾ
text_fieldsതിരുവനന്തപുരം: പുതുയുഗ പ്രതീക്ഷകളുടെ നിറഭാണ്ഡവുമായി അധികാരമേറിയ വി.ഡി സതീശൻ സർക്കാർ തിരുവോണത്തിലേക്ക് ഉത്രാടപ്പൊലിമയിൽ നൂറ് ദിവസം പൂർത്തിയാകുന്നു. ജനപ്രിയ തീരുമാനങ്ങളുടെ ആരവങ്ങളിൽ വിവാദങ്ങളുടെ കരിങ്കാറുകൾ വകഞ്ഞുമാറ്റിയാണ് മേയ് 18ന് പ്രയാണം തുടങ്ങിയ സർക്കാർ മൂന്ന് മാസം പിന്നിടുന്നത്. പത്ത് വർഷത്തെ ഇടതു ഭരണ നൈരന്തര്യത്തിന്റെ സ്വഭാവിക പ്രതിഫലനങ്ങൾ നിറഞ്ഞ ഭരണയന്ത്രം കൈപ്പിടിയിൽ വഴങ്ങും മുൻപേ, പ്രതിപക്ഷം തെരുവിലിറങ്ങിയതിന്റെ പ്രതിസന്ധികളായിരുന്നു തുടക്കത്തിൽ. എന്നാൽ, കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്രയും ഓപറേഷൻ തൂഫാനും സർക്കാറിന്റെ ആർജവത്തോടെ തുടരാനുള്ള രാഷ്ട്രീയ നിക്ഷേപമേകിയപ്പോൾ ഇക്കാര്യങ്ങളിൽ ഒരക്ഷരം മിണ്ടാനാകാത്ത നിസ്സഹായതയിലാണ് പ്രതിപക്ഷം. ഒപ്പം വയോജനവകുപ്പെന്ന പ്രഖ്യാപനവും കൈയടി നേടി. ഭരണത്തിന്റെ ബാലാരിഷ്ടതകൾ അപ്പോഴും പ്രകടമായിരുന്നു. ടീം യു.ഡി.എഫ് എന്ന മുദ്രാവാക്യവുമായി 102 സീറ്റോടെ അധികാരത്തിലെത്തിയ സർക്കാറിന് പക്ഷെ നൂറ് ദിനങ്ങൾ പിന്നിടുമ്പോൾ ആ കൂട്ടായ്മ ഭരണത്തിലേക്ക് പരിവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയകരമാണ്.
മന്ത്രിസഭാംഗങ്ങളിൽ മഹാഭൂരിപക്ഷത്തിനുമുള്ള പരിചയക്കുറവ് നിഴലിക്കുന്നത് കൂടിയാണ് ആദ്യ നൂറുദിനങ്ങൾ. അടിയന്തിര തീരുമാനവും ഇടപെടലുകൾ വേണ്ട വിഷയങ്ങളിൽ വിവാദം മുറുകും വരെ കാത്തിരിക്കുന്നതിന്റെ ആനുകൂല്യം പ്രതിപക്ഷം നേടുന്നതും പല സംഭവങ്ങളിലും കണ്ട ദിനങ്ങൾ കൂടിയാണ് കടന്നുപോയത്. അപ്പോഴും കുറഞ്ഞ ദിനങ്ങളിൽ മുഖ്യമന്ത്രി എന്ന പദവിയിൽ സ്വയം അടയാളപ്പെടുത്താൻ വി.ഡി സതീശന് കഴിഞ്ഞുവെന്നത് മുന്നോട്ടുള്ള പ്രയാണത്തിൽ സർക്കാറിന്റെയും മുന്നണിയുടെയും പ്രതീക്ഷയാണ്.
കൈയടിയോടെ തുടങ്ങി
പ്രതിമാസം 60 മുതൽ 80 കോടി വരെ അധികബാധ്യത വരുന്ന കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര പദ്ധതിയായി പ്രിയദർശിനി വൻ ഹിറ്റെന്നത് മാത്രമല്ല, ഇത് സർക്കാറിന് മികച്ച ടേക്ക് ഓഫും നൽകി. ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാൻ പൊതുജന സ്വീകാര്യത എന്നതിനപ്പുറം രാഷ്ട്രീയ ഭേദമന്യോ വീട്ടകങ്ങളിലും വീട്ടമ്മമാരിലും സർക്കാറിലുള്ള ആത്മവിശ്വാസം വർധിപ്പിച്ചു. മൂന്ന് മാസത്തിനിടെ പതിനായിരത്തിലേറെ ലഹരിക്കേസുകൾ എടുക്കുകയും അത്രതന്നെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് സർക്കാറിന്റെ പ്രതിബദ്ധത തെളിയിക്കുന്നത് കൂടിയായി മാറി.
ആലപ്പുഴ രക്ഷാപ്രവർത്തനം കേസിൽ തുടരന്വേഷണം പ്രഖ്യാപിക്കുകയും യൂത്ത് കോൺഗ്രസുകാരെ മർദിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന പൊലീസുകാരെ സസ്പെൻഡ് ചെയ്തത് സ്വന്തം പാർട്ടി അണികളുടെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്ന് മാത്രമല്ല, പ്രതിപക്ഷത്തിനുള്ള മറുപടിയുമായി. ഈ കേസ് അട്ടിമറിക്കുന്നതിന് ഇടപെട്ടുവെന്ന എസ്.ഐ.ടി കണ്ടെത്തലിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത് മുൻ സർക്കാർ കാലത്തെ നടപടികളിലുള്ള തിരുത്ത് കൂടിയായി. ഏറെ ജനകീയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ സിൽവർ ലൈൻ പദ്ധതി (കെ.റെയിൽ) ഉപേക്ഷിച്ചതും ഇതുവഴി വിജ്ഞാപനം ചെയ്ത ഭൂമിയുടെ കുരുക്കഴിച്ചുനൽകിയതും സർക്കാറിന് പ്ലസ് പോയന്റേകി. ക്ഷേമപെൻഷനുകൾ മുടക്കമില്ലാതെ നൽകാനുള്ള ശ്രമങ്ങളും ഓണക്കാലത്ത് ബോണസും ഉത്സവബത്തയും പരമാവധി നൽകി ജനപക്ഷ സർക്കാറെന്ന മേൽവിലാസം ആദ്യഘട്ടത്തിൽ തന്നെ നേടിയെടുക്കാനും സാധിച്ചു. കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മകൾക്ക് ജോലി നൽകിയതും സർക്കാറിന്റെ നയം വ്യക്തമാക്കുന്ന തീരുമാനമായി. മുൻ സർക്കാർ അവസാനിപ്പിച്ച, മന്ത്രിസഭാ യോഗ ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പുനരാരംഭിച്ചതും അതുവഴി സമൂഹത്തിലുയരുന്ന പ്രശ്നങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കുന്ന സാഹചര്യവും നിലവിൽ വന്നു.
വിപണി ഇടപെടലിന്റെ സർക്കാർ മാതൃക
കൈയടി നേടുന്ന ഇടപെടലാണ് സപ്ലൈകോയിലൂടെ സർക്കാർ നടത്തിയത്. സപ്ലൈകോ സ്റ്റോറുകളിൽ 13 ഇനം സബ്സിഡി ഇനങ്ങളും സ്റ്റോക്ക് ഉറപ്പാക്കിയും വെളിച്ചെണ്ണ ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് വില കുറച്ചും സർക്കാർ ജനത്തിന് പ്രതീക്ഷയുടെ ഓണാനുഭവം നൽകി. കൺസ്യൂമർ ഫെഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങളെയും ഈ രൂപത്തിൽ പരിവർത്തിപ്പിക്കാനും സർക്കാർ ശ്രമിച്ചു. സബ്സിഡി സാധനങ്ങൾ സ്റ്റോക്കില്ലെന്ന പരാതി ഇത്തവണ സൈപ്ലകോ സ്റ്റോറുകളിൽ നിന്നുണ്ടായില്ല.
തിരുത്തലുകളിലും സമീപനം കൃത്യം
സംഘ്പരിവാറിനോടുള്ള ഇടതുസർക്കാർ സമീപനമല്ല തങ്ങൾക്കെന്നതിന് വി.ഡി സതീശൻ സർക്കാർ അടിവരയിട്ടത് സമീപകാലത്തുണ്ടായ മൂന്ന് കേസുകളിലെ ഇടപെടലുകൾ തെളിവാകുന്നു. കാപ്പ കേസിൽ ജയിലിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ സുഗതന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നതിന് അവധി അനുവദിക്കുന്നതിന് അനുകൂലമായ രീതിയിൽ സർക്കാർ നൽകിയ കത്ത് സർക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. സുഗതന് അനുകൂലമായി കത്ത് നൽകിയ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തതാണ് ഇതിലൊന്ന്. വി.ഡി സവർക്കറെ പുകഴ്ത്തി സ്വാതന്ത്ര്യസമര ക്വിസിന് ചോദ്യം തയാറാക്കിയ കാസർകോട്ടെ അധ്യാപകന്റെ സസ്പെൻഷനാണ് മറ്റൊന്ന്. ജന്തർമന്തർ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടത്തിയ മോശം പരാമർശം നടത്തിയ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെതിരെ നടപടി വൈകിയത് വിമർശനം ക്ഷണിച്ചെങ്കിലും നടപടിയെടുത്ത് രാഷ്ട്രീയ ഭേദമന്യേ കൈയടിയും നേടിക്കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

