എമ്പുരാൻ: എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ചരിത്ര സത്യങ്ങൾ തെളിഞ്ഞുതന്നെ നിൽക്കും -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: സംഘപരിവാറിന്‍റെ പ്രതിഷേധത്തിനും ഭീഷണിക്കുമിടയിൽ എമ്പുരാൻ സിനിമക്ക് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. എമ്പുരാനൊപ്പം അണിയറ പ്രവർത്തകർക്കൊപ്പം എന്ന് വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
സംഘ്പരിവാറിന് ചരിത്രം വളച്ചൊടിച്ചാണ് ശീലമെന്നും, അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. ഭീരുത്വത്തിന്‍റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമ്മിതികൾക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാർ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ട.
സിനിമ ഒരു കൂട്ടം കലാകാരൻമാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിൻ്റെയും ഭീരുത്വത്തിൻ്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ചരിത്ര സത്യങ്ങൾ തെളിഞ്ഞുതന്നെ നിൽക്കുമെന്നതും മറക്കരുത്.
എമ്പുരാനൊപ്പം അണിയറ പ്രവർത്തകർക്കൊപ്പം.
എമ്പുരാൻ കാണില്ല -രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: എമ്പുരാൻ സിനിമ കാണില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേരത്തെ എമ്പുരാൻ കാണുമെന്ന് പറഞ്ഞിരുന്ന രാജീവ് ചന്ദ്രശേഖർ, ഇന്ന് രാവിലെയാണ് നിലപാട് മാറ്റി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പ്രസിദ്ധീകരിച്ചത്. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ താൻ നിരാശനാണെന്നും അദ്ദേഹം പറയുന്നു.
ഡി.വൈ.എഫ്.ഐയുടെ സാംസ്കാരിക പ്രതിരോധം
തിരുവനന്തപുരം: എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സാംസ്കാരിക പ്രതിരോധവുമായി ഡി.വൈ.എഫ്.ഐ. 'സംഘിത്തമ്പുരാന്മാർ എമ്പുരാനെ എതിർക്കുമ്പോൾ... നമുക്ക് കാണാം' എന്ന തലക്കെട്ടോടെയാണ് പരിപാടി. ഞായറാഴ്ച വൈകീട്ട് അഞ്ചിന് തിരുവനന്തപുരം മാനവീയം വീഥിയിൽ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

