'മുഖ്യമന്ത്രിക്ക് എന്തൊരു കരുതലാണ്, പറഞ്ഞ കാര്യങ്ങളൊക്കെ കൃത്യമായി ചെയ്തതു കൊണ്ടാണ് എ.ഡി.ജി.പിയെ ചേര്‍ത്തു നിര്‍ത്തുന്നത്'
text_fieldsതിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൂരം കലക്കുന്നതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് പൂരം കലക്കിയതിനെ കുറിച്ച് ആദ്യം അന്വേഷിച്ചത്. ആ അന്വേഷണം പ്രഹസനമായിരുന്നു. പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് തുടക്കം മുതല്‍ക്കെ യു.ഡി.എഫ് ആവശ്യപ്പെടുന്നത്. എന്താണ് അവിടെ സംഭവിച്ചതെന്ന് കണ്ടെത്തണം. ആ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ വേണം നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകാൻ -സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂരില്‍ പോയി നിന്ന് എ.ഡി.ജി.പി പൂരം കലക്കിയത്. പൂരവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുന്‍പെ കമ്മിഷണര്‍ തയാറാക്കിയ പ്ലാന്‍ മാറ്റി, കലക്കാനുള്ള പുതിയ പ്ലാന്‍ എ.ഡി.ജി.പി നല്‍കിയാണ് പൂരം കലക്കിയത്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചെയ്തത്. അല്ലെങ്കില്‍ മുഖ്യമന്ത്രി ഇതു പോലെ ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുമോ?
ഇപ്പോള്‍ എത്ര അന്വേഷണങ്ങളാണ് എ.ഡി.ജി.പിക്കെതിരെ നടക്കുന്നത്? ഭരണകക്ഷി എം.എല്‍.എ നല്‍കിയ പരാതിയിലും ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിലും പൂരം കലക്കിയതിലും അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം നടക്കുകയാണ്. ഇത്രയും അന്വേഷണം നേരിടുന്നയാളെയാണ് എ.ഡി.ജി.പി സ്ഥാനത്ത് തുടരാന്‍ അനിവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളൊക്കെയാണ് എ.ഡി.ജി.പി ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്നത്. നാല് പ്രധാനപ്പെട്ട അന്വേഷണങ്ങള്‍ നടക്കുമ്പോഴും എ.ഡി.ജി.പി അതേ സ്ഥാനത്ത് ഇരിക്കുകയാണ്. എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. പൂരം കലക്കാനും ആര്‍.എസ്.എസ് നേതാവിനെ കാണാനും എ.ഡി.ജി.പി പോയത് മുഖ്യമന്ത്രിയുടെ അറിവോടും ആവശ്യത്തോടും കൂടിയാണെന്നു വ്യക്തമായിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
പി.വി അന്‍വറുമായി ബന്ധപ്പെട്ട വിവാദം ഇടതു മുന്നണിയിലെ ആഭ്യന്തര പ്രശ്‌നമാണെന്നും അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും സതീശൻ പറഞ്ഞു. അന്‍വര്‍ 20 തവണ പത്രസമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ട് പത്രസമ്മേളനം നടത്തരുതെന്ന് അഭ്യർഥിച്ചത്. അൻവറിനെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മില്‍ ഒരു നീക്കം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നുണ്ട്. അവര്‍ക്കാണ് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയതെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

