രക്ഷാപ്രവർത്തനത്തിന് ഉതകാത്ത സർക്കാർ സംവിധാനം എന്തിന് -വി.ഡി. സതീശൻ
text_fieldsകോട്ടയം: സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടെന്ന ആരോപണം വീണ്ടും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദുരന്തമേഖലകളിൽ കൃത്യ സമയത്ത് അറിയിപ്പ് നൽകിയില്ലെന്ന് സതീശൻ പറഞ്ഞു. നദികളിൽ വെള്ളം പൊങ്ങിയാൽ എവിടെയൊക്കെ വെള്ളം കയറുമെന്ന് സർക്കാർ പഠിച്ചില്ലെന്നും സംവിധാനം മെച്ചപ്പെടുത്താൻ ഭരണകൂടത്തിന് സാധിച്ചില്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തെക്ക്- പടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ഒക്ടോബർ 12ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിതീവ്ര മഴ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പിൽ പറഞ്ഞിരുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിലുള്ള മെറ്റിയോറോളജി വിഭാഗം ഈ മുന്നറിയിപ്പ് പഠിച്ച് എവിടെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കേണ്ടതെന്ന് പറയണമായിരുന്നു.
കോട്ടയം, ഇടുക്കി ജില്ലയിലെ അതിർത്തി പ്രദേശത്ത് ഉരുൾപൊട്ടൽ കൊടുനാശം വിതച്ച ശേഷം ഉച്ചക്ക് ഒരു മണിക്കാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. രാവിലെ 10 മണിക്കാണ് കൊക്കയാറിൽ ഉരുൾപൊട്ടലുണ്ടായത്. അവിടെ സർക്കാറിന്‍റെ നേതൃത്വത്തിൽ ഒരു രക്ഷാപ്രവർത്തനവും നടന്നില്ല. പിറ്റേദിവസമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ജനപ്രതിനിധികൾ എത്തിയിട്ട് പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ രക്ഷാപ്രവർത്തനത്തിനുള്ള ടീമോ ഉണ്ടായിരുന്നില്ല. പിന്നെ എന്ത് ആവശ്യമാണ് സർക്കാറിനെ കൊണ്ടുള്ളതെന്നും വി.ഡി. സതീശൻ ചോദിച്ചു.
നെതർലൻഡ് സന്ദർശിച്ച ശേഷം 'റൂം ഫോർ റിവർ' എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. ഇത് പറഞ്ഞതല്ലാതെ വെള്ളം കെട്ടികിടക്കാതിരിക്കുന്നതിനും പ്രളയം ഒഴിവാക്കുന്നതിനുമുള്ള എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചത്. പ്രളയവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാല് അടിയന്തര പ്രമേയങ്ങൾ താൻ നിയമസഭയിൽ കൊണ്ടുവന്നിരുന്നതായും സതീശൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സ്തുതിപാഠകരുടെ നടുവിലാണ്. തെറ്റ് ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. മോദിയുടെ അതേരീതിയാണ് പിണറായിയുടേത്. ഇതൊന്നും സംസ്ഥാനത്തെ പ്രതിപക്ഷം വകവെക്കുന്നില്ലെന്നും തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുമെന്നും സതീശൻ വ്യക്തമാക്കി. പ്രതിപക്ഷം വിമർശിക്കുകയല്ലെന്നും സർക്കാർ സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

