Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്...

വയനാട് ദുരന്തബാധിതര്‍ക്ക് ചികിത്സാ സഹായം നല്‍കാതെ ഹെലിപാഡ് പണിയാന്‍ സർക്കാർ പണം നൽകി -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: ദുരന്തമുണ്ടായി എട്ട് മാസമായിട്ടും വയനാട്ടിലെ ദുരന്ത ബാധിതരുടെ പട്ടിക തയാറാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാത്തത് ഗുരുതര തെറ്റാണ്. ; കുട്ടികളുടെ വിദ്യാഭ്യാസത്തിന് എന്ത് നടപടിയാണ് സ്വീകരിച്ചത്?. പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റേത് ക്രൂരമായ അവഗണനയാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ഉണ്ടായ അന്നുമുതല്‍ ഇന്നുവരെ സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ - പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് പ്രതിപക്ഷം ഇന്നുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച്, അതിനെ ഊതി വീര്‍പ്പിച്ച് വലിയ വിഷയമാക്കി പ്രതിപക്ഷം മാറ്റിയിട്ടില്ല. ജൂലൈ 30 ന് ദുരന്തം നടന്നതിനു ശേഷം എട്ടാം മാസത്തിലേക്ക് കടക്കുകയാണെന്നത് ഓര്‍ക്കണം.

കേന്ദ്ര സര്‍ക്കാര്‍ ക്രൂരമായ അവഗണനയാണ് കേരളത്തോട് കാട്ടിയിരിക്കുന്നത്. കേന്ദ്രത്തിന്റേത് തെറ്റായ നടപടിയാണെന്ന നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിച്ചത്. എല്‍ 3 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അതിതീവ്ര ദുരന്തമാണെന്ന് പ്രഖ്യാപിച്ചിട്ടു പോലും പലിശയില്ലാത്ത കടം തരാമെന്ന ഔദാര്യമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതിനെതിരെ ഏതറ്റം വരെ പോരാടാനും പ്രതിപക്ഷം തയാറാണ്. ഈ വിഷയം കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇനിയും അവതരിപ്പിക്കും.

പല പ്രശ്‌നങ്ങളും അതുപോലെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വയനാട് പുനരധിവാസം വൈകുന്നതു സംബന്ധിച്ച വിഷയം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ചെയ്യേണ്ട നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. പരിക്കേറ്റവര്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കി ചികിത്സിക്കേണ്ട അവസ്ഥയിലാണ്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് പോലും ചികിത്സാ സഹായം നല്‍കുന്നില്ല. കഴിഞ്ഞ മാസം 22ന് മാത്രമാണ് ചികിത്സ നല്‍കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചത്. സമരങ്ങള്‍ വന്നതുകൊണ്ടു മാത്രമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കഴിഞ്ഞ ഏഴു മാസവും ദുരന്തത്തില്‍ പരിക്കേറ്റര്‍ സ്വന്തം പണം ഉപയോഗിച്ചാണ് ചികിത്സ തേടിയത്. ഇത്രയും പേര്‍ക്ക് ദുരന്തമുണ്ടായിട്ടും ചികിത്സക്കുള്ള സൗകര്യം പോലും സര്‍ക്കാര്‍ ചെയ്തു കൊടുത്തിട്ടില്ലെന്നത് ഗുരുതര തെറ്റാണ്.

കുട്ടികളുടെ വിദ്യാഭാസം സംബന്ധിച്ച് എം.എല്‍.എ മുന്‍കൈ എടുത്ത് ഏജന്‍സികള്‍ ചില പദ്ധതികള്‍ നടപ്പിലാക്കിയതല്ലാതെ സര്‍ക്കാറിന്‍റെ പക്കല്‍ കുട്ടികളുടെ പട്ടികയെങ്കിലും ഉണ്ടോ? കുട്ടികളുടെ വിദ്യാഭ്യാസത്തിന് എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? പ്രായമായ ആളുകളുടെ ആരോഗ്യ സംരക്ഷണത്തിന് പോലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. മരുന്ന് വാങ്ങാനുള്ള പണം പോലും നല്‍കിയില്ല. എല്ലാ ദിവസവും നല്‍കിയിരുന്ന 300 രൂപ മൂന്നു മാസം കഴിഞ്ഞപ്പോള്‍ നിര്‍ത്തി. ഇപ്പോള്‍ കൊടുക്കുമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും അവര്‍ക്ക് നല്‍കുന്നില്ല. പുനരധിവാസം അനിശ്ചിതമായി വൈകുകയാണ്. പിന്നെ എങ്ങനെ അവര്‍ ജീവിക്കും? മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യത്തിലാണ് സാങ്കേതികമായ പ്രശ്‌നങ്ങള്‍ പറയുന്നത്. വാടക വീട്ടില്‍ താമസിക്കുന്നവര്‍ ജീവിക്കാന്‍ വേണ്ടി വല്ലാതെ പ്രയാസപ്പെടുന്നുണ്ട്. സര്‍ക്കാര്‍ അതിനെ പരിഗണിക്കുന്നു പോലുമില്ല. ജീവനോപാദികള്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാനുള്ള എന്തെങ്കിലും സംവിധാനം ഒന്‍പതു മാസമായി ചെയ്‌തോ? കൃഷി നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കി, അവര്‍ക്ക് ഏതെങ്കിലും പൊതുവായ ഇടത്ത് കൃഷി ഇറക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തോ?

ഓരോ കുടുംബത്തിലും ഓരോ സ്ഥതിയാണ്. അതുകൊണ്ടാണ് മൈക്രോ ഫാമിലി പാക്കേജ് വേണമെന്ന് ഞങ്ങള്‍ പറഞ്ഞത്. കുടുംബശ്രീ മൈക്രോ ലെവല്‍ ഫാമിലി പാക്കേജ് ഉണ്ടാക്കിയെങ്കിലും സര്‍ക്കാര്‍ പണം നല്‍കിയില്ല. എട്ട് മാസമായിട്ടും പാക്കേജ് കടലാസില്‍ ഉറങ്ങുകയാണ്. വായ്പകളുടെ തിരിച്ചടവില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെന്നു മനസിലായപ്പോള്‍ തന്നെ പകരം സംവിധാനം ഉണ്ടാക്കണമായിരുന്നു. യു.ഡി.എഫ് നേതൃത്വത്തിലുള്ള കാര്‍ഷിക സഹകരണ ബാങ്ക് ഒരു കോടിയോളം വരുന്ന വായ്പ എഴുതിത്തള്ളാന്‍ സര്‍ക്കാറിനോട് അനുമതി ചോദിച്ചിട്ടും ഇതുവരെ നല്‍കിയിട്ടില്ല. ബാങ്കുകളില്‍ നിന്നും ജപ്തി നോട്ടീസ് വന്നുകൊണ്ടിരിക്കുകയാണ്. നഷ്ടപ്പെട്ട രേഖകള്‍ തിരിച്ച് നല്‍കാനുള്ള സംവിധാനവും മന്ദഗതിയിലാണ്.

എട്ട് മാസമായിട്ടും ദുരന്തബാധിതരുടെ പട്ടിക പോലും തയാറാക്കിയിട്ടില്ല. മന്ത്രി മൂന്നു ലിസ്റ്റുകളുടെ കാര്യം പറഞ്ഞു. 2018ലെ വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ ദുരന്തമുണ്ടായത് തന്റെ നിയോജക മണ്ഡലത്തിലാണ്. രണ്ടായിരം വീടുകള്‍ തകരുകയും മൂവായിരത്തില്‍ അധികം വീടുകള്‍ ഭാഗീകമായി തകരുകയും ചെയ്തു. 22 സ്‌കൂളുകളില്‍ നാശനഷ്ടങ്ങളുണ്ടായി. അഞ്ഞൂറിലേറെ കൃഷി സ്ഥലങ്ങള്‍ പോയി. എന്നിട്ടും ഒരു മാസം കൊണ്ട് മുഴുവന്‍ ദുരന്തബാധിതരുടെയും പട്ടിക തയാറാക്കി. വയനാട്ടില്‍ അഞ്ഞൂറു പേരുടെ പട്ടിക മാത്രമാണ് തയാറാക്കേണ്ടത്. എട്ടാം മാസമായിട്ടും അന്തമമായ ലിസ്റ്റുണ്ടാക്കാന്‍ സാധിച്ചില്ല. ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ദുരന്തബാധിതര്‍ നിരവധിയുണ്ട്.

ദുരന്തം ഉണ്ടായ സ്ഥലത്തെ 80 ശതമാനം ആളുകളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ട് ബാക്കിയുള്ളവരോട് അവിടെ ജീവിക്കാന്‍ പറയുകയാണ്. അവര്‍ എങ്ങനെ അവിടെ ജീവിക്കും? പാലത്തിന്റെ അപ്പുറത്തേക്ക് മൂന്ന് മണി കഴിഞ്ഞാല്‍ പോകാന്‍ പാടില്ലെന്നാണ് നിയമം. അപ്പോള്‍ മഴക്കാലത്ത് അവര്‍ അവിടെ എങ്ങനെ പരിഹരിക്കും. ലിസ്റ്റില്‍ അപാകതയുണ്ടെങ്കില്‍ സര്‍ക്കാരും റവന്യൂ വകുപ്പും ഇടപെട്ട് അത് പരിഹരിക്കണം. കരം അടക്കുന്നവരുടെയും കറന്‍റ് ബില്‍ അടക്കുന്നവരുടെയും പേരുകള്‍ ശേഖരിച്ച് ലിസ്റ്റ് ഉണ്ടാക്കാവുന്നതേയുള്ളൂ. ഇത്തരത്തില്‍ ഒരു പട്ടിക പഞ്ചായത്ത് തയാറാക്കിയിട്ടുണ്ട്. അതിലെ പലരും സര്‍ക്കാര്‍ തയാറാക്കിയ ലിസ്റ്റില്‍ ഇല്ല.

ജീവനോപാദി നഷ്ടപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംവിധാനം ഒരുക്കണം. സന്നദ്ധ സംഘടനകള്‍ ഇടപെട്ട് ഉണ്ടാക്കിക്കൊടുത്ത കടകള്‍ക്ക് ഇപ്പോള്‍ കെ.എസ്.ഇ.ബി കറന്‍റ് നല്‍കുന്നില്ല. തൊട്ടടുത്ത പള്ളിയില്‍ നിന്നും കണക്ഷന്‍ എടുത്തപ്പോള്‍ അത് കെ.എസ്.ഇ.ബി കട്ട് ചെയ്തു. ഈ പാവങ്ങളോടാണ് വെല്ലുവിളി. കെ.എസ്.ഇ.ബി ഇപ്പോഴും വൈദ്യുതി ബില്‍ അയച്ചു കൊണ്ടിരിക്കുകയാണ്.

സ്വന്തമായി സ്ഥലം എടുത്ത് വീട് നിര്‍മ്മിച്ച് നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചതാണ്. രാഹുല്‍ ഗാന്ധിയും മുസ്ലിം ലീഗും കര്‍ണാടക സര്‍ക്കാരും പ്രഖ്യാപിച്ച നൂറു വീതം വീടുകളും യൂത്ത് കോണ്‍ഗ്രസിന്റെ 30 വീടുകളുമാണ് ഞങ്ങള്‍ പ്രഖ്യാപിച്ചത്. അപ്പോഴാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പ്രൊജക്ട് കൊണ്ടുവരുന്നത്. ദുരന്തനിവാരണ നിയമ പ്രകാരമാണ് നിങ്ങള്‍ സ്ഥലം ഏറ്റെടുത്തത്. ദുരന്ത നിവാരണ നിയമം അനുസരിച്ച് താല്‍കാലികമായി മാത്രമെ സ്ഥലം ഏറ്റെടുക്കാനാകൂ. പണം നല്‍കാത്തതു കൊണ്ടാണ് സ്ഥലം ഉടമകള്‍ കോടതിയെ സമീപിച്ചത്.

കര്‍ണാടകയില്‍ ലോറിയുമായി അര്‍ജുനെ കാണാതായപ്പോള്‍ 73 ദിവസമാണ് തെരച്ചില്‍ നടത്തിയത്. കാലാവസ്ഥ പ്രതികൂലമായപ്പോള്‍ ഈ തെരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവച്ചു. അന്ന് നമ്മുടെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍ണാടക സര്‍ക്കാരിന് രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ കാലാവസ്ഥ അനുകൂലമായപ്പോള്‍ തെരച്ചില്‍ പുനരാരംഭിക്കുകയും അവര്‍ അര്‍ജുനെ കണ്ടെത്തുകയും ചെയ്തു. വയനാട്ടില്‍ 33 പേരെയാണ് കാണാതായത്. എന്നിട്ടും എത്ര ദിവസമാണ് നിങ്ങള്‍ തെരച്ചില്‍ നടത്തിയത്? പ്രധാനമന്ത്രി ഇറങ്ങിയതോടെ നിങ്ങളും തെരച്ചില്‍ നിര്‍ത്തി മടങ്ങിപ്പോയി. 33 പേരെ കാണാതായെന്ന് പ്രഖ്യാപിച്ചിട്ടും മരണ സര്‍ട്ടിഫിക്കറ്റ് പോലും ഇതുവരെ നല്‍കിയില്ല. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയില്ല.

പ്രദേശത്ത് വ്യാപകമായ വന്യജീവി ശല്യമുണ്ടായിട്ടും ഒരു സ്ട്രീറ്റ് ലൈറ്റ് പോലും സ്ഥാപിച്ചില്ല. എത്രയോ തവണയാണ് ഇതൊക്കെ ആവശ്യപ്പെട്ടത്. ചികിത്സാ സഹായമോ ജീവനോപാദികളോ കൃഷി സ്ഥലമോ നല്‍കാതെയാണ് ആറ് ഹെലിപാഡ് പണിയാന്‍ പണം നല്‍കിയെന്നു പറയുന്നത്. സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാണ്. വളരെ വികാരവായ്‌പോടെയാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്. ജീവിക്കാന്‍ നിവൃത്തി ഇല്ലാത്ത അവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കുന്നില്ല. സര്‍ക്കാരിന് പരിഹരിക്കാന്‍ കഴിയുമായിരുന്ന പ്രശ്‌നങ്ങള്‍ ചുവപ്പ് നാടയില്‍ കുരുക്കി തീരുമാനം എടുക്കാതെ ഇരിക്കുകയാണ്. ദുരന്തബാധിതരുടെ പട്ടിക പോലും തയാറാക്കിയിട്ടില്ലെന്നും വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ വാക്കൗട്ട് പ്രസംഗത്തിൽ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtV D SatheesanWayanad rehabilitation
News Summary - VD Satheesan criticize Kerala Govt in Wayanad Rehabilitation
Next Story