വി.ഡി. സതീശൻ മന്ത്രിസഭ: കോൺഗ്രസിൽ ആറുപേർ ഉറപ്പിച്ചു; ബാക്കി അഞ്ച് സ്ഥാനങ്ങളിൽ അനിശ്ചിതത്വം തുടരുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേൽക്കാനിരിക്കെ, കോൺഗ്രസിൽ നിന്നുള്ള മന്ത്രിമാരുടെ കാര്യത്തിൽ പ്രാഥമിക ധാരണയായി. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 12 മന്ത്രിസ്ഥാനങ്ങളാണ് ഉണ്ടാകുക. ഇതിൽ ആറുപേരുടെ കാര്യത്തിൽ ഇതിനകം അന്തിമ തീരുമാനമായിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ബിന്ദു കൃഷ്ണ എന്നിവരാണ് ആദ്യഘട്ടത്തിൽ കാബിനറ്റ് ബെർത്ത് ഉറപ്പാക്കിയത്.
പരമാവധി ജില്ലാ പ്രാതിനിധ്യം ഉറപ്പുവരുത്താൻ മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്‌ലിം ലീഗുമായി നടത്തുന്ന ചർച്ചകൾ പൂർത്തിയായ ശേഷമേ കോൺഗ്രസിന്റെ ബാക്കി അഞ്ച് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനമുണ്ടാകൂ. ലീഗിന്റെ മന്ത്രിമാരെ പ്രഖ്യാപിക്കുന്നതിനനുസരിച്ചാകും കോൺഗ്രസിന്റെ ബാക്കി പട്ടിക രൂപപ്പെടുക.
കളമശ്ശേരിയിൽ നിന്നുള്ള എം.എ.ൽ.എ വി.എ. അബ്ദുൽ ഗഫൂറിനെ മന്ത്രിയാക്കാനാണ് മുസ്‌ലിം ലീഗ് തീരുമാനിക്കുന്നതെങ്കിൽ, എറണാകുളം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധി അൻവർ സാദത്തിന്റെ മന്ത്രിസ്ഥാന സാധ്യതകൾക്ക് അത് തിരിച്ചടിയാകും. എന്നാൽ, കാസർകോട് നിന്നുള്ള എ.കെ.എം. അഷ്‌റഫിനാണ് ലീഗിൽ നറുക്കുവീഴുന്നതെങ്കിൽ എറണാകുളത്തെ കോൺഗ്രസ് സമവാക്യങ്ങൾ മാറിയേക്കാം.
നിലവിലെ സാഹചര്യത്തിൽ ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദിഖ്, അൻവർ സാദത്ത് എന്നിവരിൽ ഒരാൾക്ക് മാത്രമേ മന്ത്രിസഭയിൽ ഇടം ലഭിക്കാൻ സാധ്യതയുള്ളൂ. മന്ത്രിസഭയിൽ രണ്ട് വനിതാ പ്രതിനിധികൾ വേണമെന്ന ഹൈക്കമാൻഡ് നിർദേശം ശക്തമായാൽ ഷാനിമോൾ ഉസ്മാന് മന്ത്രിസ്ഥാനം ലഭിക്കുകയും മറ്റ് രണ്ട് പേർ പുറത്താകുകയും ചെയ്യും. അല്ലാത്തപക്ഷം, മറ്റൊരാളെ മന്ത്രിയാക്കി ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്.
വയനാട് ജില്ലയിൽ നിന്ന് രണ്ട് മന്ത്രിമാർക്ക് ഒരേസമയം സാധ്യതയില്ലാത്തതിനാൽ, ടി. സിദ്ദിഖ് കാബിനറ്റിലെത്തിയാൽ ഐ.സി. ബാലകൃഷ്ണൻ പുറത്തിരിക്കേണ്ടി വരും. കോഴിക്കോട് ജില്ലയുടെ കാര്യത്തിലും ലീഗിന്റെ തീരുമാനമാണ് നിർണായകം.
കോഴിക്കോട്ടുനിന്ന് മന്ത്രിയുണ്ടാകുമെന്ന് ഉറപ്പാണെങ്കിലും, പാറക്കൽ അബ്ദുല്ലയാണ് ലീഗ് പ്രതിനിധിയായി വരുന്നതെങ്കിൽ കോൺഗ്രസിന് ഇവിടെ അവകാശവാദം ഉന്നയിക്കാനാകില്ല. എന്നാൽ, രണ്ട് പതിറ്റാണ്ടിന് ശേഷം ജില്ലയിലെ 13ൽ 12 സീറ്റും നേടി ഉജ്ജ്വല വിജയം കൈവരിച്ച സാഹചര്യത്തിൽ കോൺഗ്രസിൽ നിന്ന് ഒരാളെ മന്ത്രിയാക്കണമെന്ന ശക്തമായ ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്.
സ്പീക്കർ പദവിയിൽ തിരുവഞ്ചൂർ; ഉറ്റുനോക്കി പുതുമുഖങ്ങൾ
ബാക്കിയുള്ള അഞ്ച് മന്ത്രിസ്ഥാനങ്ങളിലേക്ക് ഷാനിമോൾ ഉസ്മാൻ, എ.പി. അനിൽകുമാർ, ഐ.സി. ബാലകൃഷ്ണൻ എന്നിവർക്ക് പുറമേ റോജി എം. ജോൺ, എം. വിൻസെന്റ്, ടി.ജെ. വിനോദ്, ചാണ്ടി ഉമ്മൻ എന്നിവരെയും പരിഗണിക്കുന്നുണ്ട്. കോട്ടയത്തുനിന്ന് ചാണ്ടി ഉമ്മനോ തിരുവഞ്ചൂർ രാധാകൃഷ്ണനോ മന്ത്രിയായാൽ, കേരള കോൺഗ്രസിലെ മോൻസ് ജോസഫ് മന്ത്രിയാകുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ നിന്ന് മറ്റൊരാൾക്ക് സാധ്യതയുണ്ടാകില്ല.
മന്ത്രിസ്ഥാനം ആഗ്രഹിക്കുന്ന മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ പദവിയിലേക്കാണ് നിലവിൽ പാർട്ടി പരിഗണിക്കുന്നത്. തിരുവഞ്ചൂർ ഇതിന് വിസമ്മതിച്ചാൽ എൻ. ശക്തൻ, വി.ടി. ബൽറാം എന്നിവരിലൊരാൾ സ്പീക്കറായേക്കും. ഷാനിമോൾ ഉസ്മാൻ മന്ത്രിയാകുന്ന സാഹചര്യമുണ്ടായാൽ വി.ടി. ബൽറാമിനെ ഡെപ്യൂട്ടി സ്പീക്കറാക്കാനും ആലോചനയുണ്ട്. ഇതോടൊപ്പം സാമുദായിക സന്തുലനം നിലനിർത്താൻ കെ. ജയന്ത്, സേനാപതി വേണു എന്നിവരിലൊരാളെയും അവസാന നിമിഷം പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

