Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവര്‍ണറെയുംകൂട്ടി...

ഗവര്‍ണറെയുംകൂട്ടി നിര്‍മലക്കൊപ്പം പുട്ടുംകടലയും കഴിക്കാന്‍ പോയ പിണറായിയാണ് ആര്‍.എസ്.എസ് ഏജന്‍റ് -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

കൊച്ചി: ആരോഗ്യമേഖല പോലെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയും തകരുകയാണ്. പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാവുന്ന നിസാരമായ ഒരു പ്രശ്‌നത്തിന്റെ പേരില്‍ തുടങ്ങിയ സംഘര്‍ഷം സര്‍വകലാശാലകളെയും വിദ്യാർഥികളെയും തടവിലാക്കിയിരിക്കുകയാണ്. രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം എന്തിനാണ് സര്‍വകലാശാലകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഫയലുകള്‍ വി.സി നിയമിച്ച രജിസ്ട്രാര്‍ക്ക് അയക്കണോ അതോ സസ്‌പെന്‍ഷനിലായ രജിസ്ട്രാര്‍ക്ക് അയക്കണോയെന്ന് കേരള സര്‍വകലാശാലയിലെ ആര്‍ക്കും അറിയില്ലെന്നും സതീശൻ പറഞ്ഞു.

വി.സി രാജ്ഭവന്റെ ആളാണെന്നു പറഞ്ഞാണ് വി.സിക്കെതിരെ സമരം നടത്തുന്നത്. ഈ വി.സിയെ ഹെല്‍ത്ത് സര്‍വകലാശാല വി.സിയാക്കിയതും പിണറായി സര്‍ക്കാര്‍ തന്നെയാണ്. അദ്ദേഹത്തിന് ഗവര്‍ണര്‍ കേരളയുടെ അധിക ചുമതല മാത്രമാണ് നല്‍കിയിരിക്കുന്നത്. മോഹന്‍ കുന്നുമ്മല്‍ എന്ന വി.സി സംഘ്പരിവാറുകാരനാണെന്നാണ് എസ്.എഫ്.ഐയും സി.പി.എമ്മും പറയുന്നത്. സംഘ്പരിവാറുകാരനാണ് വി.സിയെങ്കില്‍ അദ്ദേഹത്തെ പിണറായി സര്‍ക്കാര്‍ ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി വി.സിയാക്കിയത് എന്തിനാണ്? അപ്പോള്‍ സംഘിയാണെന്നത് പരിശോധിച്ചില്ലേ എന്നും സതീശൻ പറയുന്നു.

കീം പരീക്ഷയില്‍ അവസാന നിമിഷം പ്രോസ്‌പെക്ടസ് തിരുത്തി എത്രയോ കുട്ടികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാക്കിയത്. എത്രയോ കുടുംബങ്ങളിലാണ് മാനസിക സംഘര്‍ഷമുണ്ടാക്കിയത്. എന്നിട്ടും ഉന്നത വിദ്യാഭ്യാസമന്ത്രി ഇപ്പോഴും ന്യായീകരിക്കുകയാണ്. പ്രോസ്‌പെക്ടസില്‍ ഭേദഗതി വരുത്തരുതെന്ന റിപ്പോര്‍ട്ടുണ്ടായിട്ടും മന്ത്രി ആര്‍ക്ക് വേണ്ടിയാണ് ഭേദഗതി വരുത്തിയത്? കീം പരീക്ഷാഫലത്തെ അട്ടിമറിച്ച് ഉന്നത വിദ്യാഭ്യാസരംഗത്തെയും കുളമാക്കി. കേരളം അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടിയിരുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തത്.

എന്തിനാണ് എസ്.എഫ്.ഐ സര്‍വകലാശാലകളിലേക്ക് സമരാഭാസം നടത്തുന്നത്? ഗവര്‍ണര്‍ക്കെതിരെയാണെങ്കില്‍ നിങ്ങള്‍ രാജ്ഭവനിലേക്ക് സമരം നടത്തണം. സര്‍വകലാശാല ജീവനക്കാരെയും വിദ്യാർഥികളെയും ഈ ക്രിമിനലുകള്‍ തല്ലിയത് എന്തിനാണ്? എന്ത് സമരമാണിത്. ആരോഗ്യ രംഗത്ത് നടക്കുന്ന സമരങ്ങള്‍ മറക്കുന്നതിനു വേണ്ടി എസ്.എഫ്.ഐക്കാരെ കൊണ്ട് സി.പി.എം നേതൃത്വം ചുടുചോറ് മാന്തിക്കുകയാണ്. ആരോഗ്യരംഗത്തെ സമരം ജനങ്ങള്‍ ഏറ്റെടുത്തതാണ്. അതുകൊണ്ട് അത് ഉടനെയൊന്നും അവസാനിക്കില്ല.

വി.ഡി. സതീശന്‍ ആര്‍.എസ്.എസ് ഏജന്റാണെന്നതാണ് പുതിയ ക്യാപ്‌സ്യൂള്‍. അത് കയ്യില്‍ വച്ചാല്‍ മതി, അത് കേരളത്തില്‍ ഓടില്ല. 1977ല്‍ ആര്‍.എസ്.എസ് പിന്തുണയോടെ എം.എല്‍.എയായ ആളല്ലേ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍? മുഖ്യമന്ത്രിയായപ്പോള്‍ സ്വകാര്യ കാറില്‍ മാസ്‌കറ്റ് ഹോട്ടലില്‍ എത്തി ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലാക്കാന്‍ ശ്രമിച്ച ആളല്ലേ പിണറായി വിജയന്‍? നാഗ്പൂരിനെ പ്രതിനിധാനം ചെയ്യുന്ന നിതിന്‍ ഗഡ്ക്കരിക്ക് പൊന്നാടയും സമ്മാപ്പെട്ടിയുമായി പോയത് ഏത് ആര്‍.എസ്.എസ് ഏജന്റാണ്? ബി.ജെ.പിയുമായുള്ള അവിശുദ്ധ ബാന്ധവത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം നേതാവ് ആരാണ്? ഈ ചോദ്യങ്ങള്‍ക്ക് ക്യാപ്‌സ്യൂള്‍ ഇറക്കിയവര്‍ മറുപടി നല്‍കണം. ആര്‍.എസ്.എസുകാരനായ ആര്‍ലേക്കറിനൊപ്പം പുട്ടും കലയും കഴിക്കുന്ന കൂട്ടത്തില്‍ ഞാനുണ്ടായിരുന്നില്ല. അപ്പോള്‍ ആരാണ് ആര്‍.എസ്.എസ് ഏജന്റ്. ക്യാപ്‌സ്യൂള്‍ ഇറക്കിയവരോട് ഇതെല്ലാം ചോദിക്കണം. എന്നിട്ടാണ് കുട്ടികളെ കൊണ്ട് ചുടുചോറ് വാരിക്കുന്നത്. പൊലീസ് നോക്കി നില്‍ക്കുകയാണ്.

മാസ്‌കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയില്ലേയെന്ന് ചോദിച്ചപ്പോള്‍ എല്ലാത്തിനും മറുപടി പറയുന്ന മുഖ്യമന്ത്രി താഴേക്ക് നോക്കിയിരുന്നു. എന്താണ് നിതിന്‍ ഗഡ്ക്കരിയുമായുള്ള പിണറായിയുടെ ബന്ധം? സി.പി.എം- ബി.ജെ.പി ബന്ധത്തിലെ പാലമാണ് നിതിന്‍ ഗഡ്ക്കരി. ആര്‍.എസ്.എസുകാര്‍ രാജ്ഭവനില്‍ പ്രസംഗിച്ചപ്പോള്‍ മുഖ്യമന്ത്രി മിണ്ടിയില്ലല്ലോ. ഭരണം കൊണ്ട് സാമ്പത്തികരംഗം തകര്‍ന്ന് തരിപ്പണമാകുകയും ആരോഗ്യരംഗം വെന്റിലേറ്ററിലാകുകയും വിദ്യാഭ്യാസരംഗം കുളമാകുകയും മലയോരത്ത് വന്യജീവി ശല്യം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയും തീരപ്രദേശം വറുതിയിലാകുകയും ചെയ്തിരിക്കുകയാണ്. കേരളം ലഹരി മാഫിയയുടെ കയ്യിലാണ്. ഇതില്‍ നിന്നൊക്കെ ശ്രദ്ധതിരിക്കാനാണ് സമരാഭാസം നടത്തുന്നത്.

മീഡിയാ വണ്ണിലെ മാധ്യമ പ്രവര്‍ത്തകനായ ദാവൂദിന്റെ കൈവെട്ടുമെന്നാണ് സി.പി.എം ഭീഷണി. ഭീഷണിപ്പെടുത്തി പ്രകടനം നടത്തിയവരെ ജയിലില്‍ അടക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും ധൈര്യമുണ്ടോ? മാധ്യമ പ്രവര്‍ത്തകന്റെ കൈവെട്ടുമെന്ന് പറയാന്‍ ഇത് ഡല്‍ഹിയല്ല, കേരളമാണ്. മോദിയുടെ സംഘ്പരിവാര്‍ സര്‍ക്കാരും പിണറായിയുടെ സര്‍ക്കാരും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ഇത് ഡല്‍ഹിയിലായിരുന്നെങ്കില്‍ സി.പി.എം ഇവിടെ പ്രകടനം നടത്തിയേനെ. സംഘ്പരിവാറിന്റെ അതേ തോണിയിലാണ് സി.പി.എം യാത്ര ചെയ്യുന്നത്. സമരം ചെയ്യുന്നത് അവര്‍ക്കെതിരെ വാര്‍ത്തകള്‍ എഴുതുന്നതും സി.പി.എമ്മിന് ഇഷ്ടമല്ല.

അങ്ങനെ ചെയ്താല്‍ കയ്യും കാലും വെട്ടുമെന്നും വീട്ടില്‍ വെള്ളപുതപ്പിച്ച് കിടത്തുമെന്നും മുദ്രാവാക്യം വിളിക്കും. മാധ്യമങ്ങളെ ഭീഷണിപ്പെടുത്താന്‍ ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് സി.പി.എം ഓര്‍ക്കണം. നേരത്തെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപക്ഷ നേതാക്കള്‍ റോഡില്‍ ഇറങ്ങി നടക്കില്ലെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയെങ്കില്‍ ഞങ്ങളുടെയും കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്ത്. ഇവരെ ആര്‍ക്കും പേടിയില്ല. ബംഗാളിലും അവസാന വര്‍ഷം ഇതുപോലെയായിരുന്നു. കേരളത്തിലും സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭമാണ്. ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് ആണെങ്കില്‍ അവസാന മുഖ്യമന്ത്രി പിണറായി വിജയനെന്ന് ചരിത്രം രേഖപ്പെടുത്തും. അതിനുള്ള പണിയാണ് അണികള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

പാവങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയെങ്കിലും ശ്രദ്ധിക്കണം. വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. വയനാട് ദുരന്തമുണ്ടായി ഒരു വര്‍ഷമായിട്ടും 742 കോടി ബാങ്കില്‍ ഇട്ടിരിക്കുകയാണ്. വാടകയോ ചികിത്സയ്ക്കുള്ള പണമോ നല്‍കുന്നില്ല. കുട്ടികളുടെ പഠനത്തിനും സഹായമില്ല. ഒന്നും ചെയ്യാന്‍ തയാറല്ല. സര്‍ക്കാരില്ലായ്മയാണ് ജനങ്ങള്‍ അനുഭവിക്കുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSSPinarayi VijayanVD SatheesanCongress
News Summary - VD Satheesan attack to Pinarayi Vijayan in RSS Agent
Next Story