കുഴികളെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിയുടെ മറുപടി ബി.ജെ.പിയെ കുറിച്ചെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: കേരളത്തിലെ റോഡുകളിലെ കുഴികളെ കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്രത്തിലെ ബി.ജെ.പിയെ കുറിച്ചാണ് പൊതുമരാമത്ത് മന്ത്രി മറുപടി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. മതേതരത്വത്തെ കുറിച്ച് പ്രസംഗിക്കേണ്ട അവസരം ഈ വിഷയത്തിലല്ല. മന്ത്രി സ്വയം ചെയ്ത കാര്യങ്ങൾ പുകഴ്ത്തുകയും പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കുകയുമാണ് ചെയ്യുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നിയമസഭയിൽ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
റോഡിലെ കുഴികൾക്ക് പരിഹാരം കാണുമെന്ന മറുപടിയാണ് സർക്കാറിൽ നിന്ന് പ്രതീക്ഷിച്ചത്. അങ്ങനെയാണെങ്കിൽ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോകേണ്ടെന്നാണ് പ്രതിപക്ഷം തീരുമാനിച്ചത്. രാഷ്ട്രീയ അതിപ്രസരം കലർന്ന വാക്കുകളാണ് മന്ത്രിയിൽ നിന്നുണ്ടായത്. പ്രധാനപ്പെട്ട കാര്യങ്ങളിൽ സംഘ്പരിവാറുമായി ഇടത് സർക്കാർ കോംപ്രമൈസ് ചെയ്യുകയാണ്. പ്രതിപക്ഷം ഒരു കാര്യത്തിലും സംഘ്പരിവാറുമായി കോംപ്രമൈസ് ഇല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സംസ്ഥാനത്തെ റോഡുകളിലെ കുഴികൾക്ക് പരിഹാരം തേടിയാണ് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നത്. കേരളത്തിലെ റോഡുകളിൽ മുതലക്കുഴികൾ ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. റോഡിലെ കുഴികൾ സംബന്ധിച്ച കോടതിയുടെ വിമർശനമുണ്ടായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥയാണ് റോഡിലെ കുഴികൾ പെരുകാൻ കാരണമെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എൽദോസ് കുന്നപ്പള്ളി കുറ്റപ്പെടുത്തി.
ദിനംപ്രതി റോഡുകളിലെ കുഴികൾ പെരുകുകയും വലുതാകുകയും ചെയ്യുന്ന ദുരവസ്ഥയാണുള്ളത്. കുഴികൾ ഒരുക്കുന്ന കെണിയിൽ നിന്നും വാഹനയാത്രക്കാരുടെ കഷ്ടപ്പാടിൽ നിന്നും നാടിന് മോചനം ആവശ്യമാണ്. അതിന് വേണ്ടിയുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. ദേശീയപാതയാണെങ്കിലും സംസ്ഥാനപാതയാണെന്നും റോഡിലെ കുഴിയിൽ അപകടത്തിൽപ്പെടാനുള്ളതല്ല ജനങ്ങളുടെ ജീവനെന്നും എൽദോസ് കുന്നപ്പള്ളി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

