കടകംപള്ളിയുടെ ചോദ്യംചെയ്യൽ എന്തിന് രഹസ്യമാക്കി വച്ചെന്ന് വി.ഡി. സതീശൻ; ‘അയ്യപ്പന്‍റെ സ്വര്‍ണം കട്ടത് പൈങ്കിളി ആരോപണമാണോ?’
text_fieldsകൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നീട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അതിനു വേണ്ടിയാണ് എസ്.ഐ.ടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയത്. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലായിരുന്നു കടകംപള്ളിയെ ചോദ്യം ചെയ്തിരുന്നതെങ്കില്‍ അത് സി.പി.എമ്മിന് ക്ഷീണമുണ്ടാകുമെന്നതു കൊണ്ട് മനഃപൂര്‍വം നീട്ടിവെക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണം പിന്നീട് കോടതിയും ശരിവച്ചതാണെന്നും സതീശൻ വ്യക്തമാക്കി.
അന്വേഷണം മന്ദഗതിയിലാക്കിയെന്നാണ് കോടതി വിമര്‍ശിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുള്ളതു കൊണ്ട് കടകംപള്ളിയെ ചോദ്യം ചെയ്യാതിരിക്കാനാകില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായും അംഗങ്ങളുമായും ബന്ധപ്പെടുത്തിയതില്‍ കടകംപള്ളിക്ക് പങ്കുണ്ട്. അത് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് എന്തിനാണ് രഹസ്യമാക്കി വച്ചത്? എത്ര ഒളിച്ചുവെക്കാന്‍ ശ്രമിച്ചാലും അതൊക്കെ പുറത്തുവരും. എസ്.ഐ.ടിയില്‍ ഇപ്പോഴും വിശ്വാസമുണ്ട്. അവര്‍ അന്വേഷണം പൂര്‍ത്തിയാക്കട്ടെ. അവരുടെ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടരുത്.
മറ്റ് അമ്പലങ്ങളില്‍ നിന്നും വ്യത്യസ്തമായി ശബരിമലയിലെ എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ ഇടപെടാറുണ്ട്. രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും മൂന്ന് സി.പി.എം നേതാക്കളുമാണ് ഇപ്പോള്‍ ജയിലിലായിരിക്കുന്നത്. എന്നിട്ടും ഒരാള്‍ക്കെതിരെയും നടപടി എടുക്കാന്‍ സി.പി.എം തയാറല്ല. അയ്യപ്പന്റെ സ്വര്‍ണം കട്ടെടുത്തത് പൈങ്കിളി ആരോപണമാണോ. നടപടി എടുത്താല്‍ പൈങ്കിളി തലക്കെട്ട് വരുമെന്നാണ് എം.വി ഗോവിന്ദന്‍ പറയുന്നത്. അയ്യപ്പന്റെ സ്വര്‍ണംകട്ട പ്രതികളെ സി.പി.എമ്മും സര്‍ക്കാരും സംരക്ഷിക്കുകയാണ്.
സര്‍ക്കാരിന് കീഴില്‍ തന്നെയുള്ള പൊലീസ് അന്വേഷിച്ച് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. ജാമ്യം പോലും നല്‍കിയിട്ടില്ല. എന്നിട്ടാണ് ആരോപണവിധേയനായ എം.എല്‍.എയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ബഹളംവച്ചത്. സി.പി.എം പറഞ്ഞിട്ടൊന്നുമല്ല കോണ്‍ഗ്രസ് നടപടി എടുത്തത്. എല്ലാത്തിലും സി.പി.എമ്മിന് ഇരട്ടത്താപ്പാണ്. കുറ്റം തെളിഞ്ഞ് വരട്ടെയെന്നാണ് പറയുന്നത്. കൂടുതല്‍ സി.പി.എം നേതാക്കള്‍ ജയിലിലാകുമെന്ന പേടിയാണ്. ആരൊക്കെ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്ന് അറിയാത്ത അവസ്ഥയിലാണ് സി.പി.എം.
കോടതിയുടെ നിരീക്ഷണത്തിലാണ് എസ്.ഐ.ടി അന്വേഷിക്കുന്നത്. എന്തെല്ലാം തെളിവുകളാണ് കടകംപള്ളിയില്‍ നിന്നും കിട്ടിയതെന്ന് കോടതി പരിശോധിക്കട്ടെ. കടകംപള്ളിക്കെതിരെ മറ്റു പ്രതികള്‍ നേരത്തെ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. മൊഴിപ്പകര്‍പ്പ് പുറത്ത് വരുമ്പോള്‍ അത് മനസിലാകും. പങ്കുണ്ടെന്ന് പറഞ്ഞതിന് തനിക്കെതിരെ കേസ് കൊടുത്ത ആളാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

