തിരുത്തും മഞ്ഞുരുക്കവും; സതീശനിലേക്കുള്ള ശരിദൂരത്തിൽ എൻ.എസ്.എസ്
text_fieldsതിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും വി.ഡി. സതീശനും തമ്മിലെ വർഷങ്ങൾ നീണ്ട ശീതയുദ്ധത്തിന് മന്നം ജയന്തിയോടെ മഞ്ഞുരുക്കമാകുമ്പോഴും കനം തൂങ്ങുന്നത് നിലപാടുകളിലെ കൃത്യതയ്ക്ക്. ജനകീയ പിന്തുണയുള്ള മുഖ്യമന്ത്രിയെ അവഗണിച്ച് സമ്മർദ രാഷ്ട്രീയം പ്രായോഗികമാവില്ലെന്ന തിരിച്ചറിവിലേക്കാണ് എൻ.എസ്.എസ് നേതൃത്വം എത്തിയതെങ്കിൽ, സമുദായ നേതൃത്വവുമായി ശാശ്വത പോർമുഖം വേണ്ടതില്ലെന്ന നയപരമായ നിലപാടാണ് മുഖ്യമന്ത്രിക്ക്. വോട്ടോ പിന്തുണയോ ചോദിക്കാനല്ല, മറിച്ച് മുഖ്യമന്ത്രിയെന്ന ഔദ്യോഗിക പദവിയുടെ അന്തസ്സോടെ, പെരുന്നയുടെ ക്ഷണം സ്വീകരിച്ചാണ് സാമൂഹിക പരിഷ്കർത്താവായ മന്നത്ത് പത്മനാഭന്റെ ജയന്തി സമ്മേളന ഉദ്ഘാടകനായി സതീശനെത്തുന്നത്.
തന്റെ നിലപാടുകൾക്ക് കോട്ടം തട്ടാതെ, ഭരണപരമായ നയതന്ത്രം ആവശ്യപ്പെടുന്ന വിട്ടുവീഴ്ചാബോധം പ്രകടിപ്പിക്കാൻ സതീശനും തയാറായതാണ് ഈ മഞ്ഞുരുക്കത്തിന്റെ രാഷ്ട്രീയ കാതൽ. അഞ്ച് വർഷത്തിന് ശേഷമാണ് വി.ഡി. സതീശൻ പെരുന്നയിലെത്തുന്നതെന്നതും മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനമാണെന്നതും ഈ രാഷ്ട്രീയ നീക്കത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
സമദൂരത്തിനുള്ളിലെ ശരിദൂരം പ്രഖ്യാപിച്ചെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് എൽ.ഡി.എഫിനോട് അടുത്തതും ശേഷം സതീശന്റെ മുഖ്യമന്ത്രി പദവിയെച്ചൊല്ലി പരസ്യ നിലപാട് സ്വീകരിച്ചത് കല്ലുകടിയായതും എൻ.എസ്.എസിനുള്ളിൽ ഉയർന്ന ആഭ്യന്തര വിമർശനങ്ങളും പെരുന്നയുടെ രാഷ്ട്രീയ കണക്കുകൂട്ടലുകളെ പുനർനിർണയിക്കാൻ പ്രേരിപ്പിച്ചെന്നാണ് വിലയിരുത്തൽ.
സതീശൻ-സുകുമാരൻ നായർ സംഘർഷം കേവലം വ്യക്തിപരമായ അസ്വാരസ്യമായിരുന്നില്ല. അത് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും സാമുദായിക സംഘടനകളും തമ്മിലെ ബന്ധത്തെയും സമവാക്യങ്ങളെയും പുനർനിർവചിക്കാൻ പോന്നതായിരുന്നു. ചുണ്ടിനും കപ്പിനുമിടയിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന്റെ നാൾവഴികളിൽ തുടങ്ങുന്ന അകൽച്ച, സാമുദായിക നേതാക്കളുടെ ‘തിണ്ണ നിരങ്ങാനില്ലെന്ന’ പ്രസ്താവനയോടെയാണ് ഏറ്റുമുട്ടലിലേക്ക് വഴിമാറിയത്.
സാമുദായിക സംഘടനകളുമായുള്ള രാഷ്ട്രീയക്കാരുടെ സമീപനത്തിലെ പരമ്പരാഗത ശൈലിയെ ചോദ്യം ചെയ്തായിരുന്നു സതീശന്റെ രംഗപ്രവേശം. മുൻഗാമികളായ കോൺഗ്രസ് നേതാക്കളിൽനിന്ന് വ്യത്യസ്തമായി സമുദായ നേതാക്കളുടെ ആസ്ഥാനങ്ങളിലേക്കുള്ള പതിവ് സന്ദർശനങ്ങൾ ഒഴിവാക്കിയിരുന്നു.
2023 ജനുവരിയിൽ ശശി തരൂരിനെ മന്നം ജയന്തി ഉദ്ഘാടകനാക്കിയതും 2025 ജനുവരിയിൽ ഒരുദശാബ്ദത്തെ പിണക്കം അവസാനിപ്പിച്ച് രമേശ് ചെന്നിത്തലയെ ചേർത്തു നിർത്തിയതും സതീശന് പരോക്ഷമായ രാഷ്ട്രീയ സന്ദേശങ്ങളായിരുന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ രൂക്ഷവിമർശനമാണ് എൻ.എസ്.എസ് നേതൃത്വത്തിൽ നിന്ന് സതീശൻ നേരിടേണ്ടിവന്നത്.
2026 മേയിൽ യു.ഡി.എഫ് അധികാരത്തിൽ എത്തിയതിന് പിന്നാലെ സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചപ്പോഴും അനിഷ്ടം പരസ്യമാക്കി. നിവേദനം നൽകാൻ രണ്ടുതവണ സമയം ചോദിച്ചിട്ടും അനുമതി നൽകിയില്ലെന്ന് ജൂൺ 20ന് എൻ.എസ്.എസ് ബജറ്റ് യോഗത്തിൽ ആരോപിച്ച സുകുമാരൻ നായർ മുഖ്യമന്ത്രിയെ ‘അഹങ്കാരി’ എന്നാണ് വിശേഷിപ്പിച്ചത്. ഇതെല്ലാം മറന്നാണ് മഞ്ഞുരുക്കത്തിന് വഴിയൊരുങ്ങുന്നത്.

