നുണയൻ ഞാനല്ല ഗോവിന്ദൻ - വി.ഡി സതീശൻ
text_fieldsകൊച്ചി : തനിക്കെതിരെ നുണയൻ പരാമർശം നടത്തിയ എം.വി. ഗോവിന്ദന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ഏറ്റവും വലിയ നുണയാന്മാരിൽ ഒരാൾ അല്ലേ ഗോവിന്ദനെന്നും മറ്റാരെങ്കിലും ഇങ്ങനെ നുണ പറയുമോയെന്നും വി.ഡി. സതീശൻ ചോദിച്ചു. വീണ ജോർജിന്റെ കാര്യത്തിൽ കഴുത്തു ഞെരിച്ചെന്ന് അല്ലെ പെരും നുണ പറഞ്ഞതെന്നും സതീശൻ കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലെ പത്ത് മണ്ഡലങ്ങളിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബി.ജെ.പിയെ സഹായിക്കാൻ സി.പി.എം ബോധപൂർവം ദുർബലരായ സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ബിജെപിയുമായി അവിഹിത ബന്ധമുണ്ടാക്കിയത് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. മുഖ്യമന്ത്രി 'ഇരട്ടച്ചങ്കൻ' അല്ലെന്നും മറിച്ച് ബി.ജെ.പിക്ക് മുന്നിൽ 90 ഡിഗ്രി വളഞ്ഞുനിൽക്കുന്ന വ്യക്തിയാണെന്നും സതീശൻ പരിഹസിച്ചു. സിപിഎമ്മിനെ സഹായിക്കാനാണ് ട്വന്റി 20 ദുർബലരായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ 'നൂലിൽ കെട്ടിയിറക്കിയ' സ്ഥാനാർത്ഥിയാണ്. കോൺഗ്രസിനെ വിമർശിക്കാൻ അദ്ദേഹത്തിന് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം രാജ്യസഭയിലെത്തിയത് ബിജെപി സീറ്റിലല്ലെന്നും സതീശൻ ഓർമ്മിപ്പിച്ചു. പത്ത് മണ്ഡലങ്ങളിൽ ഡീൽ ഉണ്ടെന്ന് ആരോപിച്ചെങ്കിലും ഏതൊക്കെയാണ് ആ മണ്ഡലങ്ങൾ എന്ന് വെളിപ്പെടുത്താൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

