ബ്രെയിന്‍ ഡ്രെയിന്‍ നേരിടുന്ന കാലത്ത് സര്‍വകലാശാല സംഘര്‍ഷം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കും -വി.ഡി. സതീശൻ
text_fieldsകൊച്ചി: ബ്രെയിന്‍ ഡ്രെയിന്‍ നേരിടുന്ന കാലത്ത് സര്‍വകലാശാലകളിലെ സംഘര്‍ഷം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്നും സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇരകളാക്കപ്പെടുന്നത് വിദ്യാര്‍ത്ഥികളാണെന്നത് മറക്കരുത്. നിസാരമായ കാര്യങ്ങളുടെ പേരില്‍ എല്ലാ സര്‍വകലാശാലകളിലും സംഘര്‍ഷമാണ്. 13 സര്‍വകലാശാലകളില്‍ പന്ത്രണ്ടിലും വി.സിമാരില്ല. ഉന്നതവിദ്യാഭ്യാസ രംഗത്തെ കുളമാക്കി. ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്ത എസ്.എഫ്.ഐക്കാർ ജീവനക്കാരെയും വിദ്യാർഥികളെയുമാണ് മർദിച്ചത് -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. സാമാന്യബുദ്ധിയുള്ള ആരെങ്കിലും അവസാന നിമിഷം പ്രോസ്‌പെക്ടസ് തിരുത്തുമോ? എന്‍ട്രന്‍സ് കമ്മീഷണറേറ്റിലും ഉന്നതവിദ്യാഭ്യാസ വകുപ്പിലും ഒരു ചിന്തയും ഇല്ലാതെ കാര്യങ്ങള്‍ ചെയ്ത് കുട്ടികളുടെ ഭാവി അവതാളത്തിലാക്കുകയാണ്. സെനറ്റ് ഹാളില്‍ പരിപാടി നടത്തിയതുമായി ബന്ധപ്പെട്ട നിസാര പ്രശ്‌നം തീര്‍ക്കാന്‍ ആരും മുന്‍കൈ എടുക്കുന്നില്ല.
മുഖ്യമന്ത്രി ചാന്‍സലറായ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ കോടികളുടെ അഴിമതി നടന്നെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായ ഗ്രഫീന്‍ അറോറ പദ്ധതിയുടെ ഉത്തരവ് ഇറങ്ങിയ ശേഷം രൂപീകരിച്ച കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പണം നല്‍കുകയും ചെയ്‌തെന്നാണ് വി.സി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കോടികളുടെ അഴിമതിയാണ് നടന്നത്. സ്ഥലം ഉള്‍പ്പെടെ ദുരുപയോഗം ചെയ്തു കൊണ്ട് പലരും പണമുണ്ടാക്കുകയാണ്. ഗ്രഫീന്‍ എന്‍ജിനീയറിങ് ആന്‍ഡ് ഇന്നവേഷന്‍ എന്ന കമ്പനിക്കാണ് കരാര്‍. അതിന് പിന്നില്‍ വേണ്ടപ്പെട്ടവര്‍ എല്ലാമുണ്ട്. ഇതാണ് ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ സ്ഥിതി.
ശശി തരൂര്‍ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. അദ്ദേഹം എഴുതിയ ലേഖനത്തെ കുറിച്ച് ദേശീയ നേതൃത്വമാണ് അഭിപ്രായം പറയേണ്ടത്. ലേഖനത്തെ കുറിച്ച് അഭിപ്രായമുണ്ട്. പക്ഷെ അത് പറയില്ല. നിരവധി സര്‍വെകള്‍ നടക്കുന്നുണ്ട്. അതേക്കുറിച്ചൊന്നും അഭിപ്രായം പറയേണ്ടതില്ല.
സംഘടനാപരമായി യു.ഡി.എഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നത് ദീര്‍ഘകാല അജണ്ടയിലുണ്ട്. എന്നാല്‍ ഇന്നത്തെ യു.ഡി.എഫ് യോഗത്തിന്റെ അജണ്ടയില്‍ ഇല്ല. ഞങ്ങള്‍ തീരുമാനിക്കാത്ത അജണ്ട മാധ്യമങ്ങള്‍ കൊടുക്കരുത് -സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

