കോണ്‍ഗ്രസിനെ നിശ്ശബ്ദമാക്കാമെന്ന് കേന്ദ്ര സർക്കാർ കരുതേണ്ട -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ നിശ്ശബ്ദമാക്കാമെന്ന് കേന്ദ്രസർക്കാർ കരുതേണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ ലക്ഷ്യം വെച്ച് സുബ്രഹ്മണ്യം സ്വാമി നല്‍കിയ കേസ് മറയാക്കിയാണ് മോദി സര്‍ക്കാര്‍ കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ലാഭേച്ഛയില്ലാത്ത കമ്പനിയായി യങ് ഇന്ത്യന്‍ രൂപവത്കരിച്ചതും ഓഹരി ഉടമകളുടെ സമ്മതത്തോടെ എ.ജെ.എല്ലിന്റെ ബാധ്യതകള്‍ ഏറ്റെടുത്തതും കമ്പനി നിയമത്തിന്റെ 25-ാം വകുപ്പ് പ്രകാരമാണ്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന യങ് ഇന്ത്യന്‍ ഇക്വിറ്റി ഇഷ്യൂ ചെയ്താണ് നാഷനല്‍ ഹെറാള്‍ഡിന്റെ കടം തീര്‍ത്തത്. കടബാധ്യതയുള്ള കമ്പനികള്‍ ചെയ്യുന്ന സാധാരണ രീതിയാണ് കടം ഇക്വിറ്റിയാക്കല്‍.
ബാധ്യതകള്‍ പൂര്‍ണമായും വീട്ടി 2011-12 ല്‍ നാഷനല്‍ ഹെറാള്‍ഡ് ലാഭത്തിലെത്തി. അതേസമയം, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയായതിനാല്‍ യങ് ഇന്ത്യയുടെ ഓഹരി ഉടമകള്‍ക്കോ ഡയറക്ടര്‍ക്കോ ലാഭവിഹിതം ലഭിക്കില്ല. അതിനാൽ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അഴിമതി നടത്തിയെന്ന ആരോപണം യുക്തിക്ക് നിരക്കാത്തതാണ്.
കേസും നാഷനല്‍ ഹെറാള്‍ഡ് ആസ്ഥാനം സീല്‍ ചെയ്തതും കോണ്‍ഗ്രസിനെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ബി.ജെ.പി നടത്തുന്ന അസത്യ പ്രചാരണം മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

