തരൂരിന്റെ ഇന്ദിര വിരുദ്ധ ലേഖനത്തെ കുറിച്ച് എനിക്ക് അഭിപ്രായമുണ്ട്, പറയുന്നില്ല -വി.ഡി. സതീശൻ: ‘മുഖ്യമന്ത്രി മോഹം: ഏത് സർവേയാണ് അദ്ദേഹം പങ്കുവെച്ചത്?’
text_fieldsശശി തരൂർ, വി.ഡി. സതീശൻ (ഫയൽ ചിത്രം)
കൊച്ചി: അടിയന്തരാവസ്ഥയുടെ പേരിൽ ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും വിമർശിക്കുന്ന ലേഖനം താൻ വായിച്ചുവെന്നും അതേക്കുറിച്ച് തനിക്ക് അഭിപ്രായമുണ്ടെങ്കിലും പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘അദ്ദേഹത്തിന്റെ ലേഖനം ഞാൻ വായിച്ചിരുന്നു. എനിക്ക് അതേക്കുറിച്ച് അഭിപ്രായമുണ്ട്. എന്നാൽ, പറയുന്നില്ല. കാരണം, അദ്ദേഹം കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമാണ്. ഞാനല്ല, ദേശീയ നേതൃത്വമാണ് അതേക്കുറിച്ച് അഭിപ്രായം പറയേണ്ടത്. ഞാൻ ഒരു കോൺഗ്രസ് നേതാക്കളെ കുറിച്ചും അഭിപ്രായം പറയാനില്ല. എനിക്ക് പരാതി ഉണ്ടെങ്കിൽ ഞാൻ ദേശീയ നേതൃത്വത്തെ അറിയിക്കും. ഈ കാര്യത്തിൽ അവരാണ് അഭിപ്രായം പറയേണ്ടത്’ -വി.ഡി. സതീശൻ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയായി തന്നെ കാണാൻ ജനം ആഗ്രഹിക്കുന്നുവെന്ന തരത്തിൽ കഴിഞ്ഞദിവസം തരൂർ പുറത്തുവിട്ട സർവേ റിപ്പോർട്ടിനെ വി.ഡി. സതീശൻ പരിഹസിച്ചു. ‘ഏത് സർവേ? ഇഷ്ടം പോലെ സർവേ ദിവസവും വരുന്നുണ്ട്. അതിലൊന്നും അഭിപ്രായം പറയാനില്ല. തരൂർ പങ്കുവെച്ചത് ഏത് സർവേയാണെന്നറിയില്ല’ -അദ്ദേഹം പറഞ്ഞു. സ്വകാര്യ ഗവേഷണ സ്ഥാപനം നടത്തിയ 'കേരള വോട്ട് വൈബ് സർവേ 2026'ൽ തരൂരിന് മുഖ്യമന്ത്രി പദത്തിൽ മുൻതൂക്കമുണ്ടെന്നാണ് പറയുന്നത്. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരാൻ സാധ്യതയുണ്ടെന്നാണ് സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഓപറേഷൻ സിന്ദൂറിന് പിന്നാലെ നിരന്തരം മോദി സ്തുതിയുമായി തരൂർ രംഗത്തുവന്നത് വിവാദമായിരുന്നു.
ഇതിനുപിന്നാലെയാണ്, അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയും സ്വീകരിച്ച നടപടികളിൽ രൂക്ഷ വിമർശനം ഉന്നയിച്ച് തരൂർ വീണ്ടും വിവാദകേന്ദ്രമായത്. അടിയന്തരാവസ്ഥ ഇന്ത്യയിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ക്രൂരതകളായി മാറിയെന്ന് തരൂർ ലേഖനത്തിൽ പറയുന്നു. രാജ്യത്ത് 21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു, മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി, രാഷ്ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടുവെന്നും തരൂർ ലേഖനത്തിൽ വിമർശിക്കുന്നു.
സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ കൊടുംക്രൂരതകളാണ് രാജ്യത്ത് നടന്നത്. നിർബന്ധിത വന്ധ്യംകരണം അതിന് ഉദാഹരണമാണ്. ഗ്രാമീണ മേഖലകളിൽ സ്വേഛാപരമായ ലക്ഷ്യങ്ങൾ നേടുന്നതിന് ബലപ്രയോഗവും അക്രമവും സഞ്ജ് ഉപയോഗിച്ചു. കർക്കശ നടപടികൾക്ക് നിർബന്ധം പിടിച്ചത് ഇന്ദിരയാണ്. കോൺഗ്രസ് പിന്നീട് അടിയന്തരാവസ്ഥയെ ഗൗരവം കുറച്ചുകണ്ടു. ഭരണഘടനാപരമായ നിയമങ്ങളുടെ പരസ്യമായ ലംഘനം ഇന്ത്യൻ രാഷ്ട്രീയത്തിൽ മായാത്ത മുറിവേൽപ്പിച്ചു. പീഡിത സമൂഹങ്ങളിൽ അടിയന്തരാവസ്ഥ ഭയവും അവിശ്വാസവും അവശേഷിപ്പിച്ചു.
പൗരാവകാശങ്ങൾ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു. പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും പ്രതിപക്ഷ നേതാക്കളും ജയിലിലായി. അടിയന്തരാവസ്ഥ നൽകുന്ന പാഠങ്ങൾ നിരവധിയാണ്. മാധ്യമങ്ങൾ ആക്രമിക്കപ്പെടുമ്പോൾ പൊതുജനത്തിൻ ആവശ്യമായ വിവരങ്ങൾ ലഭിക്കാതെ വരുന്നു. അടിയന്തരാവസ്ഥ ശക്തമായ മുന്നറിയിപ്പായി വർത്തിക്കണം. ജനാധിപത്യ മൂല്യങ്ങളുടെ സൂക്ഷ്മമായ ബലക്ഷയത്തേക്കുറിച്ച് നമ്മൾ വേണ്ടത്ര ശ്രദ്ധാലുക്കളാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. അടിയന്തരാവസ്ഥക്ക് 50 വർഷം പിന്നിടുന്ന വേളയിലാണ് തരൂരിന്‍റെ ലേഖനം പുറത്തുവന്നത്. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുകഴിയുന്നതിനിടെയാണ് തരൂർ പുതിയ ലേഖനവുമായി രംഗത്തുവന്നതെന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

