Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി ഏറെ...

മുഖ്യമന്ത്രി ഏറെ ദിവസത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ സന്തോഷത്തില്‍ പങ്ക് ചേരുന്നെന്ന് വി.ഡി സതീശൻ

text_fields
bookmark_border
VD Satheesan
cancel

ഏറെ ദിവസത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി എത്തിയ സന്തോഷത്തില്‍ പങ്ക് ചേരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 95 ശതമാനം സമയവും ഏകപക്ഷീയമായി സംസാരിക്കുകയും രണ്ടോ മൂന്നോ ചോദ്യങ്ങള്‍ മാത്രം ചോദിക്കാന്‍ അനുവദിച്ച ശേഷം ഇറങ്ങിപ്പോകുകയുമായിരുന്നു മുഖ്യമന്ത്രി. ഡിമന്‍ഷ്യ ബാധിച്ച് ഇന്നലെ വരെയുള്ള മുഴുവന്‍ കാര്യങ്ങളും മറന്നു പോകുന്ന ആളെപ്പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. നിയമസഭ മുഴുവന്‍ അടിച്ച് തകര്‍ക്കാനും സ്പീക്കറുടെ കസേര മറിച്ചിടാനും വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാനും നിര്‍ദ്ദേശം കൊടുത്ത പാര്‍ട്ടി സെക്രട്ടറിയായിരുന്നു താനെന്ന് പിണറായി വിജയന്‍ മറുന്നു പോയി.

നിയമസഭയുടെ ചരിത്രത്തിലെ അപമാനകരമായ സംഭവം ഉണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ പിണറായി വിജയനാണ് നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ ഹീനമായാണ് പെരുമാറിയതെന്ന് പറയുന്നത്. മുദ്രാവാക്യം വിളിച്ചത് ഹീനമാണെന്ന് പറയുന്ന മുഖ്യമന്ത്രി പ്രതിപക്ഷത്തെ സഭാചട്ടം പഠിപ്പിക്കുകയാണ്. മുഖ്യമന്ത്രിയില്‍ നിന്നും പെരുമാറ്റച്ചട്ടം പഠിക്കാന്‍ യു.ഡി.എഫ് ആഗ്രഹിക്കുന്നില്ല. എല്‍.ഡി.എഫ് ചെയ്തത് പോലെ ഒരു കാലത്ത് യു.ഡി.എഫ് അംഗങ്ങള്‍ നിയമസഭയില്‍ പെരുമാറില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുകയാണ്.

പ്രതിപക്ഷ നേതാവ് വയനാട്ടില്‍ വച്ച് ഒരു പത്രപ്രവര്‍ത്തകനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞെന്നതാണ് മുഖ്യമന്ത്രിയുടെ രണ്ടാമത്തെ ആരോപണം. ഒരു ചോദ്യം തന്നെ നിരന്തരം ചോദിച്ച് പത്രസമ്മേളനം അലങ്കോലമാക്കാന്‍ ശ്രമിച്ചയാളോടാണ് ഇറങ്ങിപ്പോകണമെന്ന് എന്നെക്കൊണ്ട് പറയിക്കരുതെന്ന് സഭ്യമായ ഭാഷയില്‍ പറഞ്ഞത്.

ഇത് വലിയ സംഭവമാക്കി മുഖ്യമന്ത്രി ചിത്രീകരിക്കുകയാണ്. ഒരു പത്രത്തിന്റെ എഡിറ്റര്‍ക്കെതിരെ എടോ ഗോപാലകൃഷ്ണാ എന്ന് പൊതുസമ്മേളനത്തില്‍ ആക്രോശിച്ചത് ആരാണ്? പിണറായി അത് മറന്ന് പോയോ? 'മറുപടി പറയണോ, ഇങ്ങ് മാറി നില്‍ക്ക് ചെവിയില്‍ പറഞ്ഞ് താരാം' എന്ന് ഭീഷണിപ്പെടുത്തിയത് ആരാണ്? 'കടക്ക് പുറത്ത്' എന്ന കല്‍പന കൊടുത്തത് ആരാണ്? ഇതെല്ലാം പറഞ്ഞ പിണറായി, ഇന്ന് നല്ല പിള്ള ചമഞ്ഞിരുന്ന് വര്‍ത്തമാനം പറയുന്നത് കേള്‍ക്കുമ്പോള്‍ ഇന്നലെ വരെയുള്ളത് മറന്ന് പോയോ എന്ന് എങ്ങനെ ചോദിക്കാതിരിക്കും.

സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഏത് പാര്‍ട്ടി ഓഫീസാണ് ആക്രമിക്കപ്പെട്ടത്?. കെ.പി.സി.സി ഓഫീസ് ആക്രമിക്കുകയും കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കടക്കുകയും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ബോംബ് എറിയുകയും കത്തിക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തവരാണ് യു.ഡി.എഫ് കലാപം നടത്തിയെന്ന് പറയുന്നത്. വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവര്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചെന്ന കള്ളം പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്തത് സി.പി.എം നേതാക്കളാണ്.

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതും ഇവരാണ്. ഓഫിസ് ആക്രമണത്തെ തള്ളിപ്പറിഞ്ഞില്ലേ എന്നാണ് ചോദിക്കുന്നത്?. ഏത് ആക്രമണത്തെയാണ് ഇവര്‍ തള്ളിപ്പറയാത്തത്?. ടി.പിയെയും ജയകൃഷ്ണന്‍ മാസ്റ്ററെയും കൊലപ്പെടുത്തിയ ശേഷവും ഞങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് ഇവര്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളെയും ഇവര്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. വയനാട്ടിലെ ആക്രമണത്തെ തള്ളിപ്പറഞ്ഞെങ്കിലും ഞങ്ങളുടെ കുട്ടികളെ സംരക്ഷിക്കുമെന്ന് ഇവരുടെ ജില്ലാ സെക്രട്ടറി ഇന്ന് പറഞ്ഞിട്ടുണ്ട്. തള്ളിപ്പറയല്‍ ഇവരുടെ സ്ഥിരം ഭാഷയാണ്.

ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് മുഖ്യമന്ത്രി പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?. കോടിയേരിക്ക് പറയാം, അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയാണ്. പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇപ്പോള്‍ അങ്ങനെ പറഞ്ഞിരിക്കുന്നത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഇക്കാര്യം മുഖ്യമന്ത്രിയോട് ആരാണ് പറഞ്ഞത്?. കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ മുഖ്യമന്ത്രി അഭിപ്രായപ്രകടനം നടത്തിയത് അനൗചിത്യവും നിയമവിരുദ്ധവുമാണ്. ഇനി അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി മനോജ് എബ്രഹാമിന് മാറ്റിപ്പറയാന്‍ പറ്റുമോ?. ഗാന്ധി ചിത്രം തല്ലിത്തകര്‍ത്തതിനെ കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി പയ്യന്നൂരില്‍ സി.പി.എമ്മുകാര്‍ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയതിനെ കുറിച്ച് പറയാത്തത് എന്തുകൊണ്ടാണ്?.

ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പിയുടെ ഭാര്യയെ സോണിയ ഗാന്ധി സന്ദര്‍ശിച്ചില്ലെന്ന് പിണറായി പറഞ്ഞത് പച്ചക്കള്ളമാണ്. സംഭവം ഉണ്ടായി നാലഞ്ച് ദിവസത്തിനകം, എന്റെ അമ്മയെ സോണിയ ഗാന്ധി കണ്ടിട്ടുണ്ടെന്ന് സാകിയ ജാഫരിയുടെ മകന്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ആരാണ് മുഖ്യമന്ത്രിക്ക് ഈ പച്ചക്കള്ളം എഴുതിക്കൊടുത്തത്?. എന്ത് കള്ളവും കേരളത്തോട് വിളിച്ച് പറയാമെന്നാണോ?.

ടീസ്റ്റ സെറ്റില്‍വാദിന് കോണ്‍ഗ്രസ് ഒരു പിന്തുണയും നല്‍കിയില്ലെന്നതാണ് അടുത്ത പച്ചക്കള്ളം. 2002ല്‍ കോണ്‍ഗ്രസിന്റെ സദ്ഭാവന പുരസ്‌കാരം നല്‍കിയത് ടീസ്റ്റക്കാണ്. ഇത്കൂടാതെ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 2007ല്‍ പദ്മശ്രീ പുരസ്‌കാരവും നല്‍കി. ആര്‍.ബി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയത് സോണിയ ഗാന്ധിയാണ്. ഇക്കാര്യം സോണിയക്ക് എതിരായ ആരോപണമായി ബി.ജെ.പി നേതാവും ഉന്നയിച്ചിട്ടുണ്ട്.

കേരളത്തിലെ മുഖ്യമന്ത്രി കൂപമണ്ഡൂകത്തെ പോലെ ഇതൊന്നും അറിയാതെ പച്ചക്കള്ളം പറയുകയാണ്. ഇരിക്കുന്ന സ്ഥാനത്തോട് ഒരു ബഹുമാനം വേണ്ടേ മിസ്റ്റര്‍?. സോണിയ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ പഠിച്ച് പറയണം. ബി.ജെ.പി പിന്തുണയില്‍ മത്സരിച്ച മുഖ്യമന്ത്രിയാണ് കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കാന്‍ വന്നിരിക്കുന്നത്. ഗുജറാത്തിലെ അറസ്റ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല പ്രതികരിച്ചിട്ടുണ്ട്. ഗുജറാത്തില്‍ ബി.ജെ.പിയെ നേരിടുന്നത് സി.പി.എമ്മാണോ?. രാഹുല്‍ ഗാന്ധി അമ്പലത്തില്‍ പോകുന്നതില്‍ പിണറായിക്ക് എന്താ പ്രശ്‌നം? നിങ്ങളില്‍ പലരും രഹസ്യമായി പോകുന്നവരല്ലേ?.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ വിശ്വാസമില്ല. കോണ്‍ഗ്രസിന് വാളയാറിന് അപ്പുറവും ഇപ്പുറവും രണ്ട് നിലപാടില്ല. മുഖ്യമന്ത്രിക്ക് എതിരായ ഗുരുതര ആരോപണത്തില്‍ മറുപടി പറഞ്ഞില്ല. എല്ലാം നേരത്തെ പറഞ്ഞെന്നാണ് പറയുന്നത്. സ്വര്‍ണക്കടത്തിലെ മറ്റൊരു പ്രതിയായ ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കുകയും പുസ്തകത്തിലൂടെ വെളിപ്പെടുത്തല്‍ നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു.

അതേ കേസിലെ പ്രതിയായ സ്വപ്ന കോടതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ അവര്‍ക്കെതിരെ കേസെടുത്തു. ഇത് എന്ത് നീതിയാണ്? ഇതെന്ത് കാട്ടുനീതിയാണെന്ന് നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിക്കണം. അപ്പോള്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ ഭയമുണ്ട്. ഭീതിയുള്ളത് കൊണ്ടല്ലേ സരിത്തില്‍ നിന്നും ഫോണ്‍ തട്ടിയെടുത്തത്?. മാധ്യമ പ്രവര്‍ത്തകനെ ഇടനിലക്കാരനാക്കി കൈക്കൂലി വാഗ്ദാനം ചെയ്തത് നിങ്ങളുടെ രണ്ട് എ.ഡി.ജി.പിമാരല്ലേ? മടിയില്‍ കനമില്ലെന്ന് ബോര്‍ഡ് എഴുതി വച്ചാല്‍ മാത്രം പോര. നിങ്ങള്‍ക്ക് പരിഭ്രാന്തിയും വെപ്രാളവുമാണ്.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ ലിസ്റ്റ് അനുസരിച്ചാണ് പ്രതികളെ ചേര്‍ക്കുന്നത്. ഇക്കാര്യം അക്രമി സംഘത്തിലുണ്ടായിരുന്ന എസ്.എഫ്.ഐ നേതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വീണ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗത്തെ ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തില്ല. മുഖ്യമന്ത്രിക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ പോലും അറസ്റ്റ് ചെയ്യും.

അങ്ങനെയുള്ളവരാണ് പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയവരെ ജാമ്യത്തില്‍ വിട്ടത്. കൈക്കരുത്ത് കാട്ടുമെന്ന് പറഞ്ഞ അമ്പലപ്പുഴ എം.എൽ.എക്കും തിരുവനന്തപുരത്തെ ഡി.വൈ.എഫ്.ഐ നേതാവിനെതിരെയും കേസെടുക്കുമോ? നിങ്ങള്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ കേസെടുത്ത് ജയിലില്‍ അടക്കുമല്ലോ. ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ലേ. കേരളം മുഴുവന്‍ അക്രമം അഴിച്ച് വിട്ടിട്ട് മുഖ്യമന്ത്രി അതിനെയെല്ലാം ന്യായീകരിക്കുകയാണ്.

ബഫര്‍ സോണ്‍ സംബന്ധിച്ചും മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണ്. 23-10-2019ല്‍ മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് ബഫര്‍ സോണ്‍ അംഗീകരിച്ചത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഉത്തരവ് വന്നപ്പോള്‍ സി.പി.എം ജനങ്ങളെ കബളിപ്പിക്കാന്‍ ഹര്‍ത്താല്‍ നടത്തി. എന്നിട്ടാണ് ഇപ്പോള്‍ കോടതിയില്‍ പോകുമെന്ന് പറയുന്നത്. കര്‍ഷകരെയും സാധാരണക്കാരെയും ദ്രോഹിക്കുന്ന തീരുമാനം എടുത്തയാളാണ് ഇപ്പോള്‍ വന്നിരുന്ന് പച്ചക്കള്ളം പറയുന്നത്.

കൈരളിയില്‍ നിന്നും മൂന്നും ദേശാഭിമാനിയില്‍ നിന്ന് രണ്ടും പ്രതിനിധികളാണ് പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ വാര്‍ത്താസമ്മേളനത്തിന് ഇത്രയും പേര്‍ വരാറില്ല. അതൊരു ആദരവായി കാണുന്നു. നിങ്ങള്‍ക്ക് അഞ്ച് പേര്‍ക്കും മാറി മാറി എത്ര ചോദ്യം വേണമെങ്കിലും ചോദിക്കാം. പക്ഷെ മറുപടി പറയുമ്പോള്‍ ഇടക്ക് തടസപ്പെടുത്തരുത്. ഇത് ഇവിടെ തുടങ്ങിയതല്ല.

തൃക്കാക്കര തെരഞ്ഞെടുപ്പിലും വാര്‍ത്താസമ്മേളനങ്ങള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായി. മൂന്ന് ചോദ്യം മാത്രം മുഖ്യമന്ത്രിയോട് ചോദിക്കാന്‍ അവസരം കിട്ടിയവരാണ് ഇവിടെ വന്നിരുന്ന് ചോദിക്കുന്നത്. എന്നിട്ടും തൃക്കാക്കരയെ കുറിച്ചോ നിയമസഭയിലെ മാധ്യമ നിയന്ത്രണത്തെ കുറിച്ചോ സഭാ ടി.വിയിലെ സെന്‍സര്‍ഷിപ്പിനെ കുറിച്ചോ ചോദിച്ചില്ല. കെ.പി.സി.സി ഓഫീസ് അതിക്രമമോ കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കടന്നതോ എച്ച്. സലാം എം.എൽ.എ വധഭീഷണി മുഴക്കിയതോ ചോദിച്ചില്ല. വിമാനത്താവളത്തിലെ അതിക്രമത്തെ കുറിച്ച് ഇ.പി ജയരാജന്‍ പച്ചക്കള്ളം പറഞ്ഞതും ചോദിച്ചില്ല.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും ചോദിച്ചില്ല. അനിത പുല്ലയില്‍ കേരള ലോക സഭയില്‍ വന്നതും ചോദിച്ചില്ല. ഇതൊന്നും ചോദിക്കാതെയാണ് പ്രതിപക്ഷ നേതാവിന്റെ അടുത്തേക്ക് അഞ്ച് പേരെ വിട്ടിരിക്കുന്നത്. ഞാന്‍ നിങ്ങളെ സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു. അഞ്ച് പേര്‍ക്കും ചോദിക്കാം. പക്ഷെ മറുപടി പറയുമ്പോള്‍ തടസപ്പെടുത്തരുത്.

സഭ സ്തംഭിപ്പിക്കണം എന്നു കരുതിയല്ല പ്രതിപക്ഷം എത്തിയത്. സഭ്യമല്ലാത്ത രീതിയില്‍ ഭരണപക്ഷം പെരുമാറിയത് കൊണ്ടാണ് നടപടികള്‍ ബഹിഷ്‌ക്കരിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭാ ടി.വിയില്‍ കാണിച്ചില്ല. സഭാ ടി.വി എന്ന സംവിധാനത്തെ വരെ രാഷ്ട്രീയവത്ക്കരിച്ചു. ഇതൊക്കെ ഏകപക്ഷീയമായ നിലപാടാണ്. അതുകൊണ്ടാണ് സഭ സ്തംഭിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ നടപടി തുടര്‍ന്നാല്‍ സഭാ ടി.വിയുടെ സംപ്രേക്ഷണം അനുവദിക്കില്ല. ഭരണപക്ഷത്തെ മാത്രം കാണിക്കാനാണെങ്കില്‍ സി.പി.എം ടി.വി എന്ന് പറഞ്ഞാല്‍ മതി, സഭ ടി.വി എന്ന് പറയണ്ട. സഭ നിര്‍ത്തിവച്ചാല്‍ സ്പീക്കര്‍ കക്ഷി നേതാക്കളെ വിളിക്കും. എന്നാല്‍ ഇന്ന് അതൊന്നും ഉണ്ടായില്ല. ഇതൊക്കെ സഭയുടെ കീഴ് വഴക്കങ്ങളാണ്. അതുകൊണ്ടാണ് സഭാ നടപടികളുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത്.

നിയമസഭയില്‍ 99 പേരും ഇറങ്ങി 41 പേരെ സംസാരിപ്പിക്കാതിരിക്കാനുള്ള രീതിയൊന്നും വേണ്ട. അതൊക്കെ പ്രതിപക്ഷം നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - vd satheesan against pinarayi vijayan
Next Story