വാർത്ത തെറ്റെന്ന് ബോധ്യപ്പെട്ടാലും പിറകെ പോകുന്നു, കിട്ടാതിരിക്കുമ്പോൾ ആകാശത്തുനിന്ന് ഉണ്ടാക്കുന്നു -മുഖ്യമന്ത്രി
text_fieldsവി.ഡി. സതീശൻ
കൊല്ലം: കേരളത്തിലെ മാധ്യമ മേഖല എങ്ങോട്ടേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും തീർത്തും അധാർമിക പ്രവണതകൾ ഏത് രീതിയിലൊക്കെ പിടിമുറുക്കുന്നു എന്നതും ചർച്ച ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള സീനിയർ ജേണലിസ്റ്റ് ഫോറം 13ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഒരു വാർത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാലും വീണ്ടും അതേ വാർത്തക്ക് പിറകെ പോവുകയാണ് പലരും. വാർത്തകൾ കിട്ടാതിരിക്കുമ്പോൾ ആകാശത്തുനിന്ന് വാർത്തകൾ ഉണ്ടാക്കുന്ന സ്ഥിതിയാണുള്ളത്. കേരള ജനത ഇത്തരം വാർത്തകൾ കാണുമ്പോൾ പരിഹസിച്ച് ചിരിക്കുന്നുവെന്ന് ഓർക്കണം. മുഖ്യധാര മാധ്യമങ്ങൾ പോലും ക്രെഡിറ്റ് റേറ്റിങ് തേടിപ്പോവുകയാണ്. കേരളം ഇത് ചർച്ച ചെയ്യണം. മുതിർന്ന മാധ്യമപ്രവർത്തകർ അക്കാര്യത്തിൽ വഴികാട്ടിയാകണം. വിമർശനം എന്ന നിലയിലല്ല തന്റെ വാക്കുകളെന്നും അതിനപ്പുറത്തേക്ക് കേരളത്തിന്റെ മാധ്യമങ്ങൾക്ക് വിശ്വാസ്യത നഷ്ടപ്പെടുന്നത് ചൂണ്ടിക്കാട്ടുക മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ പെൻഷൻ പദ്ധതി നവീകരിക്കുന്നതിനായി പെൻഷൻ കമ്മിറ്റി പുനഃസംഘടിപ്പിക്കും. പെൻഷൻ തുക ഉയർത്തണം എന്ന ആവശ്യത്തിൽ കമ്മിറ്റിയുടെ ശിപാർശ കൂടി പരിഗണിച്ച് ഉചിത തീരുമാനമെടുക്കും. പ്രത്യേക ചികിത്സ പദ്ധതി തയാറാക്കി മുതിർന്ന മാധ്യമ പ്രവർത്തകരെ ചേർക്കാൻ സർക്കാർ ശ്രമിക്കും. ഇതിനായി കെ.യു.ഡബ്ല്യു.ജെ സജീവ ശ്രദ്ധ ചെലുത്തി സർക്കാറിനൊപ്പം നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫോറം പ്രസിഡന്റ് അലക്സാണ്ടർ സാം അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ് എന്നിവർ വിശിഷ്ടാതിഥികളായി. ബി.ബി. ഗോപകുമാർ എം.എൽ.എ, മേയർ എ.കെ. ഹഫീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, സ്വാഗതസംഘം ജനറൽ കൺവീനർ എസ്. സുധീശൻ എന്നിവർ സംസാരിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ജയകൃഷ്ണൻ, ആർ.എസ്. ബാബു എന്നിവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എസ്.ജെ.എഫ്.ഐ പ്രസിഡന്റ് സന്ദീപ് ദീക്ഷിത് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

