വര്‍ഗീയതക്ക് മുന്നില്‍ മുട്ടുവിറക്കുന്ന ക്യാപ്ടൻ, സി.പി.എം നടിയെ അപമാനിക്കുന്നു -വി.ഡി സതീശൻ
text_fieldsആലപ്പുഴയില്‍ കൊച്ചുകുട്ടിയെകൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
വര്‍ഗീയ ശക്തികള്‍ കേരളത്തില്‍ അഴിഞ്ഞാടുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ വര്‍ഗീയ വിഷം തുപ്പുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടും അതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ പോലും ഭരണകക്ഷിയിലെ ആരും തയാറായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ഇവരെ നിശബ്ദരാക്കുന്നത്.
വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ മുട്ടുവിറക്കുന്ന ഈ മുഖ്യമന്ത്രിയെ ആണോ സി.പി.എമ്മുകാര്‍ ക്യാപ്ടന്‍ എന്നുവിളിക്കുന്നത്. ഈ ക്യാപ്ടന്റെ നേതൃത്വത്തിലാണ് യുദ്ധം ചെയ്യുന്നതെങ്കില്‍ തിരിഞ്ഞോടേണ്ട വഴി കൂടി നിങ്ങള്‍ നേരത്തെ കണ്ടുവക്കണം. വര്‍ഗീയ ശക്തികളുടെ മുന്നില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി എന്തിനാണിത്ര ദുര്‍ബലനാകുന്നത്.
പി.സി ജോര്‍ജിനെതിരായ ആരോപണത്തിലും ഇതുതന്നെയാണ് കണ്ടത്. വിഷലിപ്തമായ മുദ്രാവാക്യം കുട്ടിയെ കൊണ്ട് വിളിപ്പിച്ചത് ആരാണെന്ന് കണ്ടെത്തണം. കേരളത്തിന്റെ മതേതര മനസിലേക്ക് കുന്തമുന പോലെ വന്ന മുദ്രാവാക്യത്തോട് ഒരിക്കലും സന്ധി ചെയ്യാനാകില്ല. വര്‍ഗീയശക്തികളുമായി യു.ഡി.എഫ് സന്ധി ചെയ്യില്ല. കേരത്തിന്റെ മതേതര മനസില്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്ന ഒരു വര്‍ഗീയവാദികളുടെയും വോട്ട് യു.ഡി.എഫിന് വേണ്ട. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയോടൊപ്പമെന്നു പറയുന്ന സര്‍ക്കാര്‍ വേട്ടക്കാരനൊപ്പം സഞ്ചരിക്കുന്ന വിചിത്രമായ കാഴചയാണ് കേരളം കാണുന്നത്. ഗൂഡാലോചന നടത്തി തെരഞ്ഞെടുപ്പ് കാലത്ത് കേസ് കൊടുത്തെന്ന മട്ടില്‍, ഇ.പി ജയരാജന്‍ അതിജീവിതയെ വീണ്ടും അപമാനിക്കുകയാണ്. മാന്യമായും സമാധാനപരമായും ജീവിക്കുന്ന ആളുകളെ അപമാനിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്ന ആളാണ് ജയരാജന്‍.
സമീപകാലത്താണ് അന്വേഷണം ദുര്‍ബലപ്പെടുത്തി പൊലീസിന്റെ ഫ്യൂസ് ഊരിയത്. അതിജീവിത കോടതിയില്‍ പോയതിനെ പ്രതിപക്ഷവുമായി ബന്ധപ്പെടുത്തുന്നത് അവരെ അപമാനിക്കലാണ്. ഈ നട്ടിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് അതിജീവിത നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ കൊടുക്കേണ്ട സി.പി.എം നേതാക്കള്‍ അവരെ അപമാനിക്കുന്നത് ശരിയല്ല. അതീവഗുരുതരമായ ആരോപണങ്ങളാണ് അതിജീവിത ആഭ്യന്തരവകുപ്പിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. കടകംപള്ളി സുരേന്ദ്രന്റെ ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുന്നു. ഇ.പി ജയരാജന്‍ എന്തിനാണ് ഇത്ര പരിഭ്രാന്തനാകുന്നത്?
ഇരയോട് ഒപ്പമാണെന്ന സി.പി.എമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച നേതാക്കളുടെ മുഖംമൂടി അഴിഞ്ഞുവീണു. വൃത്തികെട്ട രാഷ്ട്രീയം യു.ഡി.എഫ് കളിക്കുന്നു എന്നാണ് ഇ.പി ജയരാജന്‍ പറഞ്ഞത്. ഇതുപോലുള്ള കേസുകളില്‍ വൃത്തികെട്ട ഇടപെടലുകള്‍ നടത്തരുതെന്നാണ് ജയരാജനോട് പറയാനുള്ളത്. കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചത് ഉന്നത സി.പി.എം നേതാവാണെന്ന് വ്യക്തമാണ്. തെളിവുകളുടെ പിന്‍ബലത്തില്‍ മാത്രമെ യു.ഡി.എഫ് ആരോപണം ഉന്നയിക്കൂ. ഒരു മകള്‍ക്ക് ഉണ്ടായ ദുരനുഭവമാണിത്. ഞാനും ഒരു പിതാവാണ്. ഒരു മകള്‍ക്കും ഇങ്ങനെ ഉണ്ടാകരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിജീവിതയ്ക്ക് കരുത്ത് നല്‍കേണ്ടത് നമ്മളാണ്.
ഉമ തോമസ് ബി.ജെ.പി ഓഫീസില്‍ വോട്ട് തേടി പോയെന്നത് അസംബന്ധമാണ്. മാധ്യമ പ്രവര്‍ത്തനത്തിന് പരിധിയുണ്ട്. അതിന് അപ്പുറത്തേക്കാണ് ആ ചാനല്‍ പോയത്. ഉമ തോമസ് സി.ഐ.ടി.യു ഓഫീസില്‍ പോയും വോട്ട് തേടിയിട്ടുണ്ട്. പിണറായി വിജയന്‍ അവിടെ എത്തുമെന്നു കരുതിയാണോ അവിടെ പോയത്. സ്ഥാനാര്‍ഥികള്‍ എല്ലാവരോടും വോട്ട് ചോദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.