സി.പി.എം തീവ്രവാദി സംഘടനകളെക്കാള്‍ ക്രൂരമായി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന പാര്‍ട്ടി -വി.ഡി. സതീശൻ
text_fieldsകൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന സി.ബി.ഐ കോടതി വിധി ആശ്വാസം പകരുന്നതും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊലപാതകം നടത്തിയതും അതു ചെയ്യിച്ചതും സി.പി.എമ്മാണ്. പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും സി.പി.എമ്മുമാണ്. അതിനു വേണ്ടി പൊതുജനങ്ങളുടെ നികുതിപ്പണം പോലും ഉപയോഗിച്ചുവെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സി.ബി.ഐ വരാതിരിക്കാന്‍ നികുതി പണത്തില്‍ നിന്നും ഒരു കോടിയോളം രൂപ ചെലവഴിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. പത്ത് പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ടെത്തിയ വിധിക്കെതിരെ കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നല്‍കും. കോണ്‍ഗ്രസ് പാര്‍ട്ടിയും ശത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബവും നടത്തിയ പോരാട്ടത്തിന്റെ ധാര്‍മ്മിക വിജയമാണ് കോടതി വിധി. എന്ത് ക്രൂരത ചെയ്താലും അതിന് കുടപിടിച്ചു കൊടുക്കുന്ന സംവിധാനങ്ങളായി നീതിന്യായ വ്യവസ്ഥയും പൊലീസും മാറാന്‍ പാടില്ല.
വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സി.പി.എം പറഞ്ഞതിലൂടെ ആരാണ് പ്രതികളെ രക്ഷിക്കുന്നതെന്നു വ്യക്തമായി. ക്രിമിനല്‍ കേസില്‍ വാദിയാകേണ്ട സര്‍ക്കാര്‍ തന്നെയാണ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചത്. തീവ്രവാദി സംഘടനകളെക്കാള്‍ മോശമായ രീതിയിലാണ് സി.പി.എം എതിരാളികളെ വകവരുത്തുന്നത്. തീവ്രവാദി സംഘടനകള്‍ ഒരു വെട്ടിനോ ഒരു ബുളളറ്റിനോ ആണ് എതിരാളികളെ കൊല്ലുന്നത്. എന്നാല്‍ സി.പി.എം കൊലപാതകം ആസൂത്രണം ചെയ്ത് മുഖം വികൃതമാക്കിയാണ് കൊല്ലുന്നത്.
അതേസമയം, മന്‍മോഹന്‍ സിങിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഡല്‍ഹിയില്‍ നടക്കുമ്പോള്‍, ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനിടെ കൊച്ചി വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ പോലെ ഒരാള്‍ വന്ന് ഔദ്യോഗിക പരിപാടി ഉദ്ഘാടനം ചെയ്തത് അനാദരവും അനൗചിത്യവുമാണെന്നും വി.ഡി. സതീശൻ വിമർശിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി ഇത്തരം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. ദേശീയ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിപാടി മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കണമെന്നും വിമാനത്താവളം എം.ഡിയോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നതാണ്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും അനാദരവ് ഉണ്ടായതില്‍ ദുഖവും പ്രതിഷേധവും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

