‘കേരള’ സിൻഡിക്കേറ്റ് അംഗങ്ങൾ എഴുത്തും വായനയും അറിയാത്തവരെന്ന് വി.സി
text_fieldsകേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംഘടന പ്രതിനിധികളുടെ യോഗത്തിൽ സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വി.സി. മോഹനൻ കുന്നുമ്മൽ. ‘അവർ എഴുത്തും വായനയും അറിയാത്തവരും വിദ്യാഭ്യാസം ഇല്ലാത്തവരുമാണെന്നും അവരെ ആരും അനുസരിക്കേണ്ടതില്ലെന്നു’മായിരുന്നു പരാമർശം. രജിസ്ട്രാർ കോടതിയിൽ പോലും വ്യാജരേഖകളാണ് നൽകിയത്. സംസ്ഥാനത്ത് ഡി.ജി.പി പോലും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അവർക്ക് അനുസരിക്കാമെങ്കിൽ രജിസ്ട്രാർക്ക് പുറത്ത് നിന്നുകൂടെയെന്നും വൈസ് ചാൻസലർ ചോദിച്ചു.
കഴിഞ്ഞദിവസം സിൻഡിക്കേറ്റ് റൂമിൽ സിൻഡിക്കേറ്റ് അംഗങ്ങളും ജീവനക്കാരുടെ സംഘടന പ്രതിനിധികളും തമ്മിൽ നടന്ന വാഗ്വാദത്തെ തുടർന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സർവകലാശാലയിലെ എല്ലാ അനധ്യാപക ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന സംഘടനകളുടെ യോഗം വി.സി വിളിച്ചത്. സിൻഡിക്കേറ്റ് അംഗങ്ങൾക്ക് പ്രത്യേക അധികാരമില്ലെന്ന് വ്യക്തമാക്കിയ വി.സി, അതുകൊണ്ട് ഔദ്യോഗിക കാര്യങ്ങളിൽ അവർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കേണ്ട ബാധ്യത ജീവനക്കാർക്കില്ലെന്നും പറഞ്ഞു.
ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ബാഹ്യസമ്മർദം ഉണ്ടാവുകയാണെങ്കിൽ തന്നെ നേരിൽ അറിയിക്കാൻ ആരും മടിക്കേണ്ട. സിൻഡിക്കേറ്റ് അംഗങ്ങളിൽ പലർക്കും സർവകലാശാല നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇന്നുള്ള പ്രശ്നങ്ങൾക്ക് കാരണം. സർവകലാശാല ചട്ടവും നിയമവും അനുസരിച്ച് ഫയലുകൾ കൈകാര്യം ചെയ്യാൻ ജീവനക്കാർ ബാധ്യസ്ഥരാണ്. തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായാൽ പോലും ചൂണ്ടിക്കാട്ടി തെറ്റ് തിരുത്താൻ ജീവനക്കാർക്ക് പൂർണ അവകാശമുണ്ട്. വി.സിയും സിൻഡിക്കേറ്റ് അംഗങ്ങളും നിശ്ചിത കാലയളവിലേക്ക് നിയോഗിക്കപ്പെടുന്നവരാണ്.
എന്നാൽ, ജീവനക്കാർ സ്ഥിരമാണ്. അതുകൊണ്ട് ജീവനക്കാർക്കാണ് കൂടുതൽ ഉത്തരവാദിത്വം. സർവകലാശാല ഭരണം കാര്യക്ഷമമായി നടത്തുന്നതിൽ പൂർണ സഹകരണമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോൺഗ്രസ്, സി.പി.ഐ, ബി.ജെ.പി അനുഭാവമുള്ള ജീവനക്കാരുടെ സംഘടന പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. ബി.ജെ.പി അനുകൂല സംഘടനക്ക് ഇതുവരെ അംഗീകാരം നൽകിയില്ലെങ്കിലും ഇതാദ്യമായാണ് ഇവരെ ക്ഷണിക്കുന്നത്. അതേസമയം, സി.പി.എം അനുകൂല സംഘടന യോഗത്തിൽനിന്ന് വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

