'കുട്ടികൾക്ക് മനസ്സിലായില്ല, അങ്കിൾ പറഞ്ഞത് എന്താണെന്ന് ചോദിച്ചു'; നാണംകെട്ടതിനെ ന്യായീകരിച്ച് വി.സി മോഹനൻ കുന്നുമ്മൽ
text_fieldsമോഹനൻ കുന്നുമ്മൽ
തിരുവനന്തപുരം: കോക്രോച്ച് ജനതാ പാർട്ടിയെ ഇകഴ്ത്താൻ ശ്രമിച്ച് സ്വയം അപഹാസ്യനായി മാറിയ സംഭവത്തിൽ വിശദീകരണവുമായി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. കുട്ടികളോട് പാറ്റയാണോ എന്ന് ചോദിച്ചപ്പോൾ അവർ മറുപടി നൽകാതെ നിശബ്ദരായിരുന്നത് പറഞ്ഞത് എന്താണെന്ന് മനസ്സിലാകാത്തത് കൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചടങ്ങ് കഴിഞ്ഞപ്പോൾ കുട്ടികൾ തന്നോട് വന്ന് അങ്കിൾ പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ലെന്ന് പറഞ്ഞതായും വി.സി പറഞ്ഞു. സി.ജെ.പി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്നും അവരെ പാറ്റകളെന്ന് വിളിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥി സമരങ്ങളെയും 'പാറ്റ' പരാമർശങ്ങളെയും കുറിച്ച് പ്രതികരിക്കവെയാണ് മോഹനൻ കുന്നുമ്മൽ നിലപാട് വ്യക്തമാക്കിയത്. ചില വിദേശ ശക്തികൾ ജെൻസികളെ ബോധപൂർവം പാറ്റകളാക്കാൻ ശ്രമിക്കുകയാണെന്നും, ഇവരെ മയക്കുമരുന്നിന് അടിമകളാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നതിനെ ചെറുത്തില്ലെങ്കിൽ താൻ എങ്ങനെ ഒരു വി.സിയാകുമെന്നും അദ്ദേഹം ചോദിച്ചു. വിദേശത്ത് നിന്ന് എതിർശബ്ദം ഉയരുന്നത് യാദൃശ്ചികമായി കാണാനാവില്ല.
താൻ ഉദ്ദേശിച്ച കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്' എന്ന പരാമർശത്തിൽ താൻ ഉദ്ദേശിച്ചത് ഭൂമിയെ വണങ്ങുന്ന കാര്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. തനിക്ക് സംഘിമുദ്ര ചുമത്തുന്നത് ചില ലക്ഷ്യങ്ങളോടെയാണ്. രാജ്യം ഭരിക്കുന്നത് ആർ.എസ്.എസ് ആശയങ്ങളിൽ വിശ്വസിക്കുന്നവരാണ്, അവർക്ക് തന്റെ സഹായം ആവശ്യമില്ല. തന്നെക്കുറിച്ച് എന്താണ് പറഞ്ഞതെന്ന് മന്ത്രി റോജി ജോണിന് പോലും മനസ്സിലായിട്ടുണ്ടാവില്ലെന്നും ഒരു വി.സി ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ് താൻ ചെയ്യുന്നതെന്നും മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി.
തനിക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ നടപടികളെയും അദ്ദേഹം പരിഹസിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ തന്നെ മഹാബലിയായി ചിത്രീകരിച്ച് സർവകലാശാലയ്ക്ക് മുന്നിൽ കുഴിച്ചിട്ടത് താൻ അംഗീകാരമായി കാണുന്നു. നന്മകൾ മാത്രം ചെയ്ത മഹാനായ ചക്രവർത്തിയാണ് മഹാബലി. മഹാബലി ആരാണെന്ന് പോലും അറിയാതെയാണ് എസ്.എഫ്.ഐ ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് ഡോ. മോഹനൻ കുന്നുമ്മൽ കോക്രോച്ച് ജനതാ പാർട്ടിയെ ഇകഴ്ത്താൻ ശ്രമിച്ച് സ്വയം അപഹാസ്യനായത് . ‘നിങ്ങൾ പാറ്റകളല്ലെന്ന് ഒന്ന് ഉറക്കെ പറഞ്ഞേ’ -എന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ടെങ്കിലും ആരും പ്രതികരിക്കാതിരിക്കുകയായിരുന്നു.
‘പാറ്റ അല്ല എന്ന് പറയുന്നവർ അല്ല എന്നൊന്ന് ഉറച്ചു പറഞ്ഞേ. നിങ്ങൾ പാറ്റയോ കോക്രോച്ചോ അല്ല എന്നുള്ളവർ ഒന്ന് ഉറച്ചു പറഞ്ഞേ. സംശയമാണ്, ഇപ്പോഴും പാറ്റയാണോ എന്ന്. അല്ലെന്ന് ആ മിടുക്കി പറഞ്ഞു. ബാക്കി എല്ലാവരും കൂടെ ഉറച്ചു പറഞ്ഞേ.. എല്ലാവരും കൂടെ ഒന്ന് പറഞ്ഞേ അല്ല എന്ന്’ -എന്ന് മോഹനൻ കുന്നുമ്മൽ ആവർത്തിച്ചെങ്കിലും നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ആകെ ഒന്നോ രണ്ടോ പേർ മാത്രമാണ് അല്ല എന്ന് മറുപടി പറഞ്ഞത്.
ഇതോടെ, ‘ഉച്ചക്ക് ഭക്ഷണം കഴിച്ചില്ലേ? ചായ കിട്ടിയില്ലേ’ എന്നായി വി.സിയുടെ ചോദ്യം. ‘നിങ്ങൾ ഈ രാജ്യത്തിന്റെ കരുത്തരായ സിംഹങ്ങളാണ്, ദുർഗ്ഗാദേവികളാണ്. നിങ്ങളെ സംബന്ധിച്ചിടത്തോളം വരാൻ പോകുന്ന നാളുകൾ മികവിന്റെതാണ്. നിങ്ങൾ ലോകത്തിന്റെ ഏറ്റവും മുന്നിൽ നിൽക്കും. അതിന് നിങ്ങൾക്ക് ഇഷ്ടമുള്ള കോഴ്സ് പഠിക്കണം. ഏത് കോഴ്സ് പഠിക്കണമെന്ന് നിങ്ങളുടെ അയൽവാസി പറയും, അച്ഛൻ പറയും, ടീച്ചർ പറയും. പക്ഷേ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കോഴ്സ് ഏതാണോ അതാണ് നിങ്ങൾ പഠിക്കേണ്ടത്’ -മോഹനൻ കുന്നുമ്മൽ പറഞ്ഞു.
‘നിങ്ങൾ എന്ത് പഠിക്കുന്നു എന്നുള്ളതല്ല പ്രധാനം, പഠിക്കുന്നതിൽ നിങ്ങൾ ടോപ്പ് ആകണം എന്നുള്ളതാണ്. നിങ്ങൾ ഇപ്പോൾ ടോപ്പ് ആയിട്ടുണ്ട്. സ്കൂളിലും ക്ലാസിലും എല്ലാം ടോപ്പ് ആയിട്ടുണ്ട്. അത് നിങ്ങൾക്ക് തുടരാൻ കഴിയും. അത് തുടർന്നാൽ നിങ്ങളെ പാറ്റകൾ എന്ന് വിളിക്കുന്ന ആളുകൾ ഇയാം പാറ്റകളെ പോലെ ഇല്ലാതാകും. നിങ്ങൾ മിടുക്കന്മാരും മിടുക്കികളുമായി തുടരും’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

