വി.സി നിയമനം: ഗവർണറുടേത് നിയമവിരുദ്ധ നടപടിയെന്ന് തെളിഞ്ഞു -മന്ത്രി ബിന്ദു
text_fieldsതിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനത്തിൽ ഗവർണർ സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. വിഷയത്തില്‍ കോടതിവിധി ലഭ്യമാകുന്ന മുറക്ക് നടപടി സ്വീകരിക്കും. ഗവർണറുടെ അപ്പീൽ തള്ളിയതോടെ സർക്കാർ കാലങ്ങളായി പറഞ്ഞുകൊണ്ടിരുന്നത് ശരിയാണെന്ന് തെളിഞ്ഞു. ഗവർണർക്ക് അധികാരമുണ്ട്. പക്ഷേ അധികാരപരിധിക്ക് അപ്പുറത്തേക്ക് പോകുമ്പോൾ ബുദ്ധിമുട്ടുണ്ടാകും. സര്‍ക്കാര്‍ ചെലവ് വഹിക്കുന്ന സര്‍വകലാശാലകളില്‍ ചാന്‍സലര്‍ എന്ന നിലയില്‍ വി.സിമാരെ ഏകപക്ഷീയമായി നിയോഗിക്കുന്ന രീതിയാണ് ആരിഫ് മുഹമ്മദ് ഖാനും രാജേന്ദ്ര ആര്‍ലേക്കറും ചെയ്യുന്നത്. ഇത് തെറ്റാണെന്ന് കോടതിവിധികളില്നിന്ന് വ്യക്തമാണ്. സർവകലാശാലകളുടെ നേട്ടങ്ങളെയും പ്രവര്‍ത്തനങ്ങളെയും വി.സിമാരെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള ചാൻസലറുടെ നീക്കം പ്രതിഷേധാര്‍ഹമാണ്. ആർ.എസ്.എസ് താല്പര്യത്തില് നിയമിക്കപ്പെട്ട വി.സിമാര്‍ വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി രാഷ്ട്രീയ താല്പര്യം മാറ്റിവെച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേരള വി.സി ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നു’
കേരള സര്‍വകലാശാല വി.സി തന്റെ ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് മന്ത്രി ബിന്ദു. വി.സിമാര്‍ രാഷ്ട്രീയ ഗിമ്മിക്കുകളില്‍ അഭിരമിച്ച് അക്കാദമിക ഉത്തരവാദിത്തങ്ങളില്‍ പിന്തിരിഞ്ഞുനില്ക്കുന്നത് വിദ്യാര്‍ഥി സമൂഹത്തോട് ചെയ്യുന്ന ചതിയാണ്. രജിസ്ട്രാറുടെ നിയമന അതോറിറ്റി സിന്‍ഡിക്കേറ്റാണെന്നും അച്ചടക്ക നടപടിയെടുക്കാനുള്ള അധികാരം സിന്ഡിക്കേറ്റിനാണെന്നുമുള്ളത് നിയമമാണ്. വി.സിക്ക് പരാതികളുണ്ടെങ്കില്‍ സിന്‍ഡിക്കേറ്റിന് മുന്നില്‍ അവതരിപ്പിക്കാം. ഓരോ സംവിധാനത്തിനും അതിന്റേതായ ചുമതലയുണ്ട്. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

