കൃഷ്ണരാജിനെ അഭിഭാഷകനായി നിയമിച്ചത് റദ്ദാക്കുമെന്ന് വഴിക്കടവ് പഞ്ചായത്ത്: ‘കൃഷ്ണരാജ് ബി.ജെ.പിക്കാരൻ ആണെന്ന് അറിയില്ലായിരുന്നു’
text_fieldsമലപ്പുറം: ഹൈകോടതിയിൽ വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിഭാഷകനായി സംഘ്പരിവാർ പ്രവർത്തകൻ അഡ്വ. കൃഷ്ണരാജിനെ നിയമിച്ചത് റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. തങ്കമ്മ. കൃഷ്ണരാജിനെ സ്റ്റാന്റിങ് കൗണ്‍സില്‍ സ്ഥാനത്തു നിന്ന് ഉടൻ മാറ്റുമെന്നും അതിനാവശ്യമായ നടപടികൾ ഭരണസമിതി കൈകൊള്ളുമെന്നും വാർത്താകുറിപ്പിൽ പറഞ്ഞു. വഴിക്കടവ് ഗ്രാമപഞ്ചായത്തിനായി ഇനി കൃഷ്ണരാജ് കോടതിയിൽ ഹാജരാവില്ല എന്നും തങ്കമ്മ അറിയിച്ചു.
ആർ കൃഷ്ണരാജ് ബി.ജെ.പിക്കാരൻ ആണെന്ന് അറിയില്ലായിരുന്നുവെന്നും തങ്കമ്മ പറഞ്ഞു. ബോർഡിനു മുന്നിലേക്ക് കൃഷ്ണ രാജിന്റെ പേര് നിർദേശമായി വന്നപ്പോൾ അംഗീകരിക്കുകയായിരുന്നു. കൃഷ്ണരാജിന്റെ പേര് മുന്നോട്ട് വെച്ചത് പഞ്ചായത്ത് സെക്രട്ടറി സന്തോഷ് അടക്കമുള്ളവരാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. ‘നേരത്തെയുള്ള അഭിഭാഷകൻ കേസ് കൃത്യമായി നടത്തിയിരുന്നില്ല. അങ്ങനെയാണ് അഭിഭാഷകനെ മാറ്റിയത്. കൃഷ്ണ രാജിന്റെ നിയമനത്തിൽ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് രാഷ്ട്രീയമായി ഇടപെട്ടുവെന്ന സംശയമുണ്ട്. കൃഷ്ണ രാജിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലായപ്പോഴാണ് മാറ്റാൻ തീരുമാനിച്ചത്’ -പ്രസിഡന്റ് വിശദീകരിച്ചു. സി.പി.എം നേതാവ് ഷെറോണ റോയിയുടെ ഭർത്താവാണ് സന്തോഷ്.
കൃഷ്ണരാജിനെ നിയമിച്ച സംഭവത്തിൽ പാർട്ടി അന്വേഷണം ആരംഭിച്ചതായി നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. പാർട്ടി അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥരുടെ മാത്രം വീഴ്ചയാണെന്ന് പറഞ്ഞ് ഒഴിയാൻ കഴിയില്ലെന്നും യുഡിഎഫ് ഭരണ സമിതിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാര്‍ അനുകൂലി അഡ്വക്കറ്റ് കൃഷ്ണരാജിനെ ഹൈക്കോടതി സ്റ്റാന്റിങ് കൗണ്‍സില്‍ ആയി നിയമിച്ചതില്‍ വിശദീകരണവുമായി വഴിക്കടവ് ഗ്രാമപഞ്ചായത്ത് രംഗത്തെത്തിയിരുന്നു. കൃഷ്ണരാജിനെ നിര്‍ദേശിച്ചത് സിപിഎം ജില്ലാപഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവായ നിലമ്പൂര്‍ ബിഡിഒയാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെ വിവാദത്തില്‍പ്പെടുത്താന്‍ ദുരുദ്ദേശ്യം ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തില്‍ പറഞ്ഞു.
മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്താണ് കൃഷ്ണരാജിനെ പഞ്ചായത്ത് ഭരണസമിതി സ്റ്റാന്‍ഡിംഗ് കോണ്‍സിലാക്കിയത്. നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തിന്റെ ഭാഗമാണ് കൃഷ്ണരാജിനെ സ്റ്റാന്‍ഡിംഗ് കോണ്‍സലാക്കി നിയമിച്ച വഴിക്കടവ് പഞ്ചായത്ത്. കൃഷ്ണരാജ് സമൂഹമാധ്യമങ്ങളിലും പുറത്തും മുസ്‍ലിം ക്രിസ്ത്യൻ മതങ്ങൾക്കെതിരെ വിദ്വേഷ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്‍ലിം ലീഗ് നല്‍കിയ ഹരജിക്കെതിരെ നല്‍കിയ തടസ ഹരജിയില്‍ കാസയ്ക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

