തീവ്രവാദികളെങ്കിൽ വെടിവെച്ച് കൊന്നോളൂ –വയൽക്കിളികൾ
text_fieldsകണ്ണൂര്‍: തീവ്രവാദികളെന്ന് മുദ്രകുത്തി സമരക്കാരെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്ന്, കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ സമരം ചെയ്യുന്ന നാട്ടുകാരുടെ കൂട്ടായ്മയായ വയൽക്കിളികൾ. തീവ്രവാദികളാണെങ്കില്‍ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും വെടിവെച്ചുകൊന്നാലും ഒരുപിടി മണ്ണുപോലും വിട്ടുകൊടുക്കില്ലെന്നും സമരരംഗത്തുള്ള വയോധിക ജാനകി നമ്പ്രാടത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. തീവ്രവാദികളെന്നുപറഞ്ഞ് ഭയപ്പെടുത്തി ലക്ഷ്യം നേടാനാകില്ലെന്നും അവർ പറഞ്ഞു.
വയലിലൂടെയുള്ള ബൈപാസ് അലൈന്‍മെൻറ് മാറ്റാമെന്ന വകുപ്പ് മന്ത്രിയുടെ ഉറപ്പ് സ്ഥലം എം.എൽ.എയുടെ നേതൃത്വത്തില്‍ അട്ടിമറിക്കപ്പെട്ടതായും ഈ സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമായി തുടരുമെന്നും സമരനേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. കുടിവെള്ളവും വയലും സംരക്ഷിക്കാന്‍ ഒരു ഗ്രാമത്തിലുള്ളവര്‍ ഒന്നടങ്കം ചേര്‍ന്ന് നടത്തുന്ന പ്രക്ഷോഭമാണിത്. എന്നാല്‍, സമരം നടത്തുന്നവരെ തീവ്രവാദികള്‍ എന്നു വിളിച്ച് ആക്ഷേപിക്കുകയും പൊതുസമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്താൻ ശ്രമിക്കുകയുമാണ്.
പരപ്പയില്‍ ക്വാറികള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച നോബിള്‍ പൈകട പലപ്പോഴായി കീഴാറ്റൂര്‍ സമരക്കാരെ സന്ദര്‍ശിച്ചത് ചിലരെ വെകിളി പിടിപ്പിച്ചിരിക്കുകയാണ്. ഇതാണ് സമരക്കാരെ മുഴുവന്‍ തീവ്രവാദികളായി ചിത്രീകരിക്കാന്‍ പ്രേരിപ്പിച്ചത്. 99 ശതമാനം സി.പി.എം അനുഭാവികളാണ് പ്രേദശവാസികൾ. ഇവരെല്ലാം തീവ്രവാദികളാണെന്ന ആക്ഷേപം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തീവ്രവാദികളായി ചിത്രീകരിച്ച് മുന്നോട്ടുപോയാൽ അതിന് ബന്ധപ്പെട്ടവർ വലിയ വില നൽകേണ്ടി വരും. ഇതു കൊണ്ടൊന്നും സമരത്തിൽനിന്ന് പിന്മാറില്ല.
കീഴാറ്റൂര്‍ വയലിലൂടെ നാലര കിലോമീറ്റര്‍ നീളത്തില്‍ ബൈപാസ് നിര്‍മിക്കുേമ്പാള്‍ 250 ഏക്കര്‍ വയലുകള്‍ നശിക്കും. ഇവിടെ റോഡ് നിര്‍മിക്കാന്‍ മാത്രം 80 ലക്ഷം ടണ്‍ മണ്ണ് വേണ്ടിവരും. ഇതിനായി വ്യാപകമായ തോതില്‍ കുന്നിടിക്കേണ്ടിയും വരും. 80 വീടുകള്‍ നഷ്ടപ്പെടും. ഇതിനുപകരമായി 30 വീടുകള്‍ മാത്രം നഷ്ടപ്പെടുന്ന രീതിയിലുള്ള ബൈപാസ് അലൈന്‍മെൻറ് പദ്ധതി വയല്‍ക്കിളികള്‍ മുന്നോട്ടുെവച്ചിട്ടും ബന്ധപ്പെട്ടവര്‍ അത് തള്ളി.
തളിപ്പറമ്പില്‍ സി.പി.എം, ലീഗ്, കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ഒത്തുകളിക്കുന്നതിെൻറ തെളിവാണ് മന്ത്രിയുടെ നിര്‍ദേശംപോലും അട്ടിമറിക്കപ്പെട്ടത്. മന്ത്രിയുടെ നിര്‍ദേശാനുസരണം വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നെങ്കിലും കേവലം വയല്മാത്രം സന്ദര്‍ശിച്ച് 15 മിനിറ്റുകൊണ്ട് വയലില്‍കൂടി തന്നെയുള്ള ബൈപാസ് രൂപരേഖ തയാറാക്കുകയാണ് ചെയ്തത്. ഇത് മുന്‍കൂട്ടി നിശ്ചയിച്ച് തീരുമാനിച്ചതാണെന്നും വയല്‍ക്കിളികള്‍ ആരോപിച്ചു. വാർത്തസമ്മേളനത്തില്‍ മനോഹരന്, പി. ലത എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
