വാവർ തീവ്രവാദി, മുസ്‌ലിം ആക്രമണകാരി -സംഘ്പരിവാർ ശബരിമല സംഗമത്തിൽ വിദ്വേഷ പ്രസംഗവുമായി ശ്രീരാമദാസ മിഷൻ അധ്യക്ഷൻ
text_fieldsപത്തനംതിട്ട: സംഘ്പരിവാർ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗവുമായി ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷി. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് വാവർ തീവ്രവാദിയാണെന്നും മുസ്‌ലിം ആക്രമണകാരിയാണെന്നും ശാന്താനന്ദ മഹർഷി പ്രസംഗിച്ചത്. അയ്യപ്പനെ തോൽപ്പിക്കാൻ എത്തിയതാണ് വാവരെന്നും വാവരുടെ ചരിത്രം തെറ്റാണെന്നും ശാന്താനന്ദ പറഞ്ഞു.
‘വാപുരൻ എന്നുപറയുന്നത് ഇല്ലാ പോലും. 25-30 വർഷങ്ങൾക്ക് മുമ്പ് തന്നെ ശബരിമലയിൽ വെച്ചിരിക്കുന്നത് വാവരെയാണ്. വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവർ മുസ്‌ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്’ -ശാന്താനന്ദ പറഞ്ഞു.
‘വാപുരൻ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തർക്ക് വാപുര സ്വാമിയുടെ നടയിൽ തേങ്ങയടിച്ച് അയ്യപ്പനെ ദർശിക്കാനുള്ള അവസരം ഉണ്ടാക്കണം. അതിന് വേണ്ടിയാണ് എരുമേലിയിൽ വാപുര സ്വാമി ക്ഷേത്രം ഉയരുന്നത്’ -ശാന്താനന്ദ കൂട്ടിച്ചേർത്തു.
നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയിൽ പറയുന്നത് കാമം, കോപം ആർത്തി എന്നീ മൂന്ന് കാര്യങ്ങളാണെന്നും ഇത് മൂന്നും പിണറായി വിജയനുണ്ടെന്നും സംഗമം ഉദ്ഘാടനം ചെയ്ത ബി.ജെ.പി മുൻ തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു. ‘സനാധന ധർമത്തെ ഇല്ലാതാക്കണമെന്ന് പറയുന്ന തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയെ മുഖ്യാതിഥിയായി ക്ഷണിച്ചതോടെ ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലെ ലക്ഷ്യം എല്ലാവർക്കും മനസ്സിലായി. പിണറായിയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും നാസ്തിക് ഡ്രാമാചാര്യരാണ്. ദൈവത്തെ രണ്ട് സര്‍ക്കാരും ഉപയോഗിക്കുകയാണ്. സനാതന ധര്‍മ്മത്തെ വേരോടെ അറുക്കണം എന്ന് പറഞ്ഞ ആളാണ് സ്റ്റാലിനും മകന്‍ ഉദയനിധിയും. അവരെയാണ് പിണറായി വിജയന്‍ ക്ഷണിച്ചത്. ഗ്ലോബല്‍ മുരുകാ കോണ്‍ഫറന്‍സ് തമിഴ്‌നാട്ടില്‍ നടത്തി. അത് കണ്ട് കേരളത്തില്‍ പിണറായി പകര്‍ത്തി’-അണ്ണാമലൈ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

