ജീവനക്കാരിക്ക് കോവിഡ്: വടകരയിൽ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചു
text_fieldsവടകര: നഗരത്തിലെ ഗ്രിഫി സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചു. പുതിയാപ്പ് മാക്കൂല്‍ പീടിക സ്വദേശിനിയായ ജീവനക്കാരിക്കാണ് കോവിഡ് പോസിറ്റിവായത്. ഇതേ തുടര്‍ന്നാണ് സ്ഥാപനം താൽക്കാലികമായി പൂട്ടിയത്. സൂപ്പര്‍ മാര്‍ക്കറ്റിലെ 20 ജീവനക്കാര്‍ ക്വാറൻറീനില്‍ പോയി.
ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ 13 വരെ ജീവനക്കാരി സ്ഥാപനത്തിലുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ ഈ സ്ഥാപനത്തിലെത്തിച്ചേര്ന്നവര് നഗരസഭ ആരോഗ്യവിഭാഗവുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം, വടകര ചന്തപറമ്പിലെ പച്ചക്കറി കടയിലെ തൊഴിലാളിയില്‍നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വടകര ദ്വാരക ബില്‍ഡിങ്ങിലെ എന്‍.കെ. വെജിറ്റബിള്‍ ഉടമക്കും മകനും കോവിഡ് പോസിറ്റിവായതിനാൽ നഗരം കനത്ത ജാഗ്രതയിലായിരുന്നു.
കുട്ടോത്ത് സ്വദേശികളാണിവര്‍. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക നഗരസഭ തയാറാക്കിവരുകയാണ്. മൂന്ന് ആഴ്ചക്കുള്ളില്‍ ഈ സ്ഥാപനവുമായോ, ഇവരുമായോ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നഗരസഭ ആരോഗ്യവിഭാഗത്തെ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലുള്ളവരുടെ പട്ടിക തയാറാക്കി അടുത്ത ദിവസം തന്നെ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് അയച്ചശേഷം ആൻറിബോഡി ടെസ്റ്റ് നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
