വർക്കലയിലെ തീപിടിത്തം; വില്ലൻ എ.സിയെന്ന് സംശയം
text_fieldsവർക്കല: തീപിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ വില്ലനായത് എ.സിയാണെന്ന് സംശയം. വീട്ടിലെ എല്ലാ മുറികളും എയർകണ്ടീഷൻ ചെയ്തതാണ്. എ.സി കാരണം വീടിനുള്ളിൽ ഉയർന്ന പുക പുറത്തുപോയില്ല. ഇൻറീരിയർ ഡിസൈൻ ഘടകങ്ങളും അഗ്നിബാധയുടെ തോത് കൂട്ടിയെന്നാണ് കണ്ടെത്തൽ.
അഞ്ചുപേരും മരിച്ചത് പൊള്ളലേറ്റല്ല, മറിച്ച് പുക ശ്വസിച്ചാണെന്ന് ഫയർ ആൻഡ് റെസ്ക്യു ഓഫിസർ നൗഷാദ് പറഞ്ഞു. തീപിടിത്തം തുടങ്ങി 45 മിനിറ്റിന് ശേഷമാണ് എല്ലാവരെയും പുറത്തെത്തിക്കാനായത്. ഫോൺ വിളിച്ച ശേഷവും പുറത്തേക്ക് വരാൻ ആർക്കും കഴിയാത്തത് കടുത്ത പുക ശ്വസിച്ചതിനെത്തുടർന്നാണെന്നാണ് സംശയം.
പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല. ബൈക്കിൽനിന്ന് തീ പടർന്നല്ല അപകടം ഉണ്ടായതെന്നും വ്യക്തമായിട്ടുണ്ട്. വീടിനുള്ളിൽ പെട്രോൾ, മണ്ണെണ്ണ പോലുള്ളവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങൾ കത്തിയിട്ടില്ലെന്നും അധികൃതർ പറയുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ, എ.സി ഉൾപ്പെടെ കത്തിനശിച്ചു.

